Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെംസ് എജുക്കേഷനും...

ജെംസ് എജുക്കേഷനും ആസ്റ്റർ ഡി.എം ഹെൽത്ത് കെയറും കൈകോർക്കുന്നു; വിദ്യാർഥികൾക്ക് ആരോഗ്യ മേഖലയിൽ കരിയർ സാധ്യത

text_fields
bookmark_border
ജെംസ് എജുക്കേഷനും ആസ്റ്റർ ഡി.എം ഹെൽത്ത് കെയറും കൈകോർക്കുന്നു; വിദ്യാർഥികൾക്ക് ആരോഗ്യ മേഖലയിൽ കരിയർ സാധ്യത
cancel
camera_alt

ജെംസ് എജുക്കേഷൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയറുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച ചടങ്ങിൽനിന്ന്​

ദുബൈ: ക്ലാസ് റൂം പഠനം, യഥാർ‌ഥ ലോകത്തേക്ക് പരിവർത്തനം ചെയ്യാനും വിദ്യാർഥികൾക്ക് ആരോഗ്യ സംരക്ഷണ മേഖലയില്‍ മികച്ച കരിയർ സാധ്യതകൾ കണ്ടെത്താനും വഴിതുറക്കുന്നതിനായി ജെംസ് എജുക്കേഷൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയറുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ജെംസ് എഡുക്കേഷൻ സ്കൂളുകളിലൂടനീളം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പഠനവും കരിയർ സാധ്യതകളും ഉറപ്പാക്കുകയാണ്​ ലക്ഷ്യം. യു.എ.ഇയിലെയും സമീപ മേഖലയിലെയും പുതുതലമുറയിലെ ആരോഗ്യ പരിചരണ പ്രൊഫഷനലുകളെ മികവുറ്റ രീതിയിൽ വാർത്തെടുക്കുകയാണ് സംയോജിത പദ്ധതിയിലൂടെ ഉന്നമിടുന്നത്​.

പദ്ധതിയനുസരിച്ച് ജെംസ് വിദ്യാർഥികൾക്ക് ആസ്റ്റർ ഡിസ്കവറിന്‍റെ ഭാഗമാകാൻ സാധിക്കും. ആരോഗ്യ പരിചരണമേഖലയിൽ ജോബ് പ്ലേസ്മെന്‍റ്​ ലഭ്യമാക്കാനും ഹൈസ്കൂൾ ഇന്‍റേൺഷിപ്പും, ലീഡർഷിപ്പ് എൻഗേജ്മെന്‍റ്​ പ്രോഗ്രാമിൽ പങ്കാളികളാകാനും സാധിക്കും. മികച്ച കരിയർ വ്യക്തത നേടാനും, അതിലൂടെ ക്ലിനിക്കൽ, നോൺ–ക്ലിനിക്കൽ തൊഴിലുകളിലേക്കുള്ള പ്രവേശനം സാധ്യമാക്കാനും പദ്ധതി സഹായിക്കും.

2022ൽ ജെംസ് എജുക്കേഷൻ ആരംഭിച്ച ഹൈസ്കൂൾ ഇന്‍റേൺഷിപ്പ്, ലീഡർഷിപ്പ് എൻഗേജ്മെന്‍റ്​ പ്രോഗ്രാം ലക്ഷ്യമിട്ട ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ കരിയർ സാധ്യതകളെ അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതിയും. ഇതിനകം 50ലധികം വിദ്യാർഥികൾ ഈ ഉദ്യമത്തിൽ പങ്കാളികളായിട്ടുണ്ട്. ജെംസ് എഡുക്കേഷൻ വിദ്യാർഥികൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന കരിയർ മേഖലകളിലൊന്നായി ആരോഗ്യ പരിചരണം തുടരുകയാണെന്ന് ജെംസ് എജുക്കേഷൻ ഗ്രൂപ്​ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡിനോ വർക്കി പറഞ്ഞു.

ആരോഗ്യ സംരക്ഷണ മേഖലയിൽ​ കൂടുതൽ യുവ പ്രതിഭകൾക്ക്​ അവസരമൊരുക്കണമെന്ന ആസ്റ്ററിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ്​ ഡയറക്ടറും ഗ്രൂപ്​ സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു.

ജൂലൈ, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിലെ സ്കൂൾ അവധി ദിനങ്ങളിൽ രണ്ടാഴ്ചത്തെ കാലയളവിൽ ജെംസ് വിദ്യാർഥികളുടെ രണ്ട് ഗ്രൂപ്പുകളെ രണ്ട് പ്ലേസ്മെന്‍റ്​ നടപടികളിൽ ഉൾപ്പെടുത്തും. ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ ഇന്‍റേൺഷിപ്പും, ഈ രംഗത്തെ പ്രായോഗിക പരിചയം ലഭ്യമാക്കുന്ന ഉദ്യമങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും.

Show Full Article
TAGS:gems education aster healthcare career opportunities 
News Summary - Gems Education and Aster DM Healthcare join hands; students have career opportunities in the healthcare sector
Next Story