പൊതുവിദ്യാലയങ്ങളിൽ ഒരു വർഷത്തിനിടെ കുറഞ്ഞത് ഒന്നേകാൽ ലക്ഷം കുട്ടികൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒരു വർഷത്തിനിടെ 1,25686 കുട്ടികൾ കുറഞ്ഞപ്പോൾ അൺഎയ്ഡഡ് സ്കൂളുകളിൽ ഈ കാലയളവിൽ വർധിച്ചത് 16746 കുട്ടികൾ. ഈ അധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പിന്റെ വിശദവിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടപ്പോഴാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞതിന്റെയും അൺഎയ്ഡഡിൽ കുട്ടികൾ കൂടിയതിന്റെയും യഥാർഥ ചിത്രം പുറത്തുവന്നത്.
സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കുറഞ്ഞത് 66315 കുട്ടികളാണ്. എയ്ഡഡ് സ്കൂളുകളിൽ 59317 കുട്ടികളും കുറഞ്ഞു. ഇവ രണ്ടും ചേരുന്നതോടെ മൊത്തം കുട്ടികളുടെ കുറവ് 125686 ആണ്. അതേസമയം, സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന അൺഎയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ വർഷം മൊത്തം കുട്ടികളുടെ എണ്ണം 355967 ആയിരുന്നത് ഈ വർഷം 372713 ആയി വർധിച്ചു.
കുട്ടികൾ വർധിച്ച ഏതാനും ക്ലാസുകളിലെ കണക്ക് ചേർത്ത് മൊത്തത്തിൽ കുട്ടികൾ വർധിച്ചെന്ന വാർത്താകുറിപ്പാണ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നത്. ഒന്നാം ക്ലാസിൽ കുട്ടികൾ കുറയാൻ കാരണം ജനന നിരക്കിലുള്ള കുറവാണെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ജനന നിരക്കിലുള്ള കുറവ് നിലനിൽക്കെ അൺഎയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് മറച്ചുവെക്കുകയായിരുന്നു.
ചുരുക്കം ഡിവിഷനുകളിൽ മാത്രമാണ് ഈ വർഷം പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചിട്ടുള്ളൂ. സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ 8019 പേരാണ് ഈ വർഷം (2024ൽ 92646 പേർ, 2025ൽ 84627 പേർ) കുറഞ്ഞതെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ 8491 പേരാണ് (2024ൽ 158340 പേർ, 2025ൽ 149849 പേർ) കുറഞ്ഞത്. അൺഎയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസിൽ 2024ൽ 47862 പേരും 2025ൽ 47863 പേരും (ഒരു കുട്ടിയുടെ വർധന) ആണ് ചേർന്നത്.
പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തെ അപേക്ഷിച്ച് ഇത്തവണ രണ്ടാം ക്ലാസിൽ നേരിയ വർധനയുണ്ട്. കഴിഞ്ഞ വർഷത്തെ ഏഴാം ക്ലാസ്, ഈ വർഷത്തെ എട്ടാം ക്ലാസ് എണ്ണത്തിലും എട്ടാം ക്ലാസ്, ഒമ്പതാം ക്ലാസ് എണ്ണത്തിലുമുള്ള താരതമ്യത്തിലും സർക്കാർ സ്കൂളുകളിൽ നേരിയ വർധനയുണ്ട്.