സ്വയംഭരണ പദവിയുടെ മറവിൽ സ്വാശ്രയ സീറ്റ് കച്ചവടം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡഡ്/ സ്വാശ്രയ സ്വയംഭരണ കോളജുകളിൽ യഥേഷ്ടം സ്വാശ്രയ കോഴ്സുകൾ തുടങ്ങി സീറ്റ് കച്ചവടം നടത്താൻ മാനേജ്മെൻറുകൾക്ക് സർക്കാറിന്റെ പച്ചക്കൊടി. എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളജുകളിൽ പുതിയ കോഴ്സ് തുടങ്ങാൻ സർക്കാർ അനുമതി (എൻ.ഒ.സി) വേണമെന്ന വ്യവസ്ഥ ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചതോടെയാണ് തുറന്ന സീറ്റ് കച്ചവടത്തിന് വഴിതുറക്കുന്നത്. സ്വാശ്രയ സ്വയംഭരണ കോളജ് പ്രതിനിധികൾ കഴിഞ്ഞ മാസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ കണ്ടതിന് പിന്നാലെയാണ് പുതിയ കോഴ്സുകൾ തുടങ്ങാൻ ഇവർക്ക് മേലുള്ള സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കി കഴിഞ്ഞ വെള്ളിയാഴ്ച സർക്കുലർ പുറപ്പെടുവിച്ചത്.
നേരത്തെ സർക്കാറും സർവകലാശാലകളും അറിയാതെ സ്വയംഭരണ കോളജുകൾ നടത്തിയ സ്വാശ്രയ കോഴ്സുകളിലെ വിദ്യാർഥികൾക്ക് സർവകലാശാല ഏറെക്കാലം ബിരുദം നൽകാതെ തടഞ്ഞിരുന്നു. ഭാവിയിൽ ആവർത്തിക്കില്ലെന്ന വ്യവസ്ഥയോടെ ഒറ്റത്തവണ ഇളവനുവദിച്ചാണ് കേരള സർവകലാശാല ഉൾപ്പെടെ ഈ കോളജുകളിലെ വിദ്യാർഥികൾക്ക് ബിരുദം അനുവദിച്ചത്. സ്വയംഭരണ പദവിയുടെ മറവിൽ യഥേഷ്ടം സ്വാശ്രയ കോഴ്സുകൾ നടത്തി, ഫീസിനത്തിൽ വൻ കൊള്ള നടത്താനാണ് പല മാനേജ്മെൻറുകളും നീക്കം നടത്തിയത്. എന്നാൽ, കഴിഞ്ഞ സർക്കാർ കാലത്ത് ഇത് കർശനമായി തടഞ്ഞു. പുതിയ സർക്കാർ വന്നതോടെയാണ് നീക്കം പുനരാരംഭിക്കുകയും അനുമതി നേടുകയും ചെയ്തത്.
സ്വാശ്രയ രീതിയിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ എൻ.ഒ.സിക്ക് പകരം ഇക്കാര്യം സർക്കാറിനെ അറിയിച്ചാൽ മതി എന്നാക്കിയാണ് വ്യവസ്ഥയിൽ മാറ്റം വരുത്തിയത്. സ്വയംഭരണ കോളജുകൾ തുടങ്ങിയ സ്വാശ്രയ കോഴ്സുകൾക്ക് എല്ലാ വർഷവും എൻ.ഒ.സി പുതുക്കണമെന്ന വ്യവസ്ഥ ഇളവ് ചെയ്ത്, മൂന്നുവർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്നാക്കുകയും ചെയ്തു.
സ്വാശ്രയ കോളജുകളിൽ നിലവിൽ നടത്തിവരുന്ന കോഴ്സുകളുടെ സീറ്റ് വർധനവിന് ബന്ധപ്പെട്ട സർവകലാശാല / റഗുലേറ്ററി അതോറിറ്റികളുടെ അനുമതി മതിയെന്ന ഇളവും നൽകി. വിദ്യാർഥി പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വർധനവിന്റെയും വിവരങ്ങൾ സർക്കാറിന് റിപ്പോർട്ട് ചെയ്താൽ മതി. സർക്കാർ കോളജുകളിൽ ഉൾപ്പെടെ പല കോഴ്സുകളിലും കുട്ടികളില്ലാതെ സീറ്റൊഴിഞ്ഞ് കിടക്കുമ്പോഴാണ് സ്വയംഭരണ പദവിയുടെ മറവിൽ എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ട കോഴ്സുകൾക്ക് വഴിതുറന്ന് സർക്കാർ സീറ്റ് കച്ചവടത്തിന് കൂട്ടുനിൽക്കുന്നത്.
കോടതിയിൽ നൽകിയ ഉറപ്പിന് വിരുദ്ധം
സ്വയംഭരണ എയ്ഡഡ് കോളജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങാനുള്ള അനുമതി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധം. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് എയ്ഡഡ് കോളജുകളിൽ വ്യാപകമായി സ്വാശ്രയ കോഴ്സുകൾ അനുവദിച്ചതിനെതിരെ സ്വാശ്രയ കോളജ് മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് ഭാവിയിൽ എയ്ഡഡ് കോളജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചതും സുപ്രീംകോടതി കേസ് തീർപ്പാക്കിയതും. ഇതിന് വിരുദ്ധമായാണ് സ്വയംഭരണ പദവിയുള്ള എയ്ഡഡ് കോളജുകളിൽ പുതിയ സ്വാശ്രയ കോഴ്സ് തുടങ്ങാൻ വീണ്ടും അനുമതി നൽകുന്ന സർക്കുലർ പുറപ്പെടുവിച്ചത്.



