ഇന്ത്യൻ യൂനിവേഴ്സിറ്റികളിൽ ഡൽഹി ഐ.ഐ.ടി ഒന്നാമത്; 2026ലെ ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് പട്ടിക പുറത്ത്
text_fields2026ലെ ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് പട്ടിക പുറത്ത്. ഇന്ത്യൻ യൂനിവേഴ്സിറ്റികളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ.ഐ.ടി) ഡൽഹിയാണ് ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം. ആഗോളതലത്തിൽ 123 ആണ് ഡൽഹി ഐ.ഐ.ടിയുടെ സ്ഥാനം.
54 ഇന്ത്യൻ സ്ഥാപനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണ്. ഡൽഹി ഐ.ഐ.ടിയെ കൂടാതെ, ബോംബെ ഐ.ഐ.ടി(129), മദ്രാസ് ഐ.ഐ.ടി(180), ഖരഗ്പൂർ ഐ.ഐ.ടി(215) എന്നിവയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 46 സ്ഥാപനങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്-ബംഗളുരു(219), കാൺപൂർ ഐ.ഐ.ടി(215), ഡൽഹി യൂനിവേഴ്സിറ്റി(350) എന്നിവയും പട്ടികയിലുണ്ട്. മൊത്തത്തിൽ ആഗോള പട്ടികയിൽ 54 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ റെക്കോർഡ് പ്രകടനം കാഴ്ചവച്ചു. ഇത് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റി.
അതേസമയം, കഴിഞ്ഞവർഷം 118ാം സ്ഥാനത്തായിരുന്ന ഐ.ഐ.ടി ബോംബെ 129ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 227ാം സ്ഥാനത്തായിരുന്നു ഐ.ഐ.ടി മദ്രാസ് 180ാം സ്ഥാനത്തെത്തി നില മെച്ചപ്പെടുത്തി. ഇന്ത്യയിലെ എട്ട് സ്ഥാപനങ്ങൾകൂടി പുതുതായി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മസാചുസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് (എം.ഐ.ടി) പട്ടികയിൽ ഒന്നാമതുള്ളത്. ലണ്ടൻ ഇംപീരിയൽ കോളജ്, ഓക്സ്ഫഡ് യൂനിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങൾ രണ്ടും മൂന്നും റാങ്ക് നേടി.


