ഐ.ഐ.ടി പ്രവേശന പരീക്ഷ; ജെ.ഇ.ഇ അഡ്വാൻസ്ഡ് മേയ് 18ന്
text_fieldsശാസ്ത്ര-സാങ്കേതിക ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്തിയാർജിച്ച ലോകോത്തര നിലവാരമുള്ള ദേശീയ സ്ഥാപനങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി). നിലവിൽ രാജ്യത്ത് 23 ഐ.ഐ.ടികളാണുള്ളത്. വിവിധ അണ്ടർ ഗ്രാജ്വേറ്റ് എൻജിനീയറിങ്, സയൻസ് പ്രോഗ്രാമുകളിലേക്ക് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ-അഡ്വാൻസ്ഡ്) റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം. ജെ.ഇ.ഇ മെയിൻ 2025ൽ ഉയർന്ന റാങ്ക് നേടുന്ന രണ്ടരലക്ഷം പേർക്കാണ് ജെ.ഇ.ഇ അഡ്വാൻസ്ഡിൽ പങ്കെടുക്കാനാവുക. ജെ.ഇ.ഇ മെയിൻ പരീക്ഷാ ഫലം ഏപ്രിൽ 17ന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പരീക്ഷ:
2025ലെ ജെ.ഇ.ഇ അഡ്വൻസ്ഡ് മേയ് 18ന് ദേശീയതലത്തിൽ നടത്തും. ഐ.ഐ.ടി കാൺപൂരാണ് ഇക്കുറി പരീക്ഷയുടെ നടത്തിപ്പുകാർ. രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. പേപ്പർ ഒന്ന് രാവിലെ ഒമ്പത് മുതൽ 12 മണി വരെയും പേപ്പർ രണ്ട് ഉച്ചക്കുശേഷം 2.30 മുതൽ 5.30 മണിവരെയുമാണ്. രണ്ട് പേപ്പറുകളും നിർബന്ധമായും അഭിമുഖീകരിക്കണം. ചോദ്യപേപ്പറിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിങ്ങനെ മൂന്ന് പ്രത്യേക സെക്ഷനുകളുണ്ടാവും.
പരീക്ഷാർഥിയുടെ കോംപ്രിഹെൻഷൻ, റീസണിങ്, അനലിറ്റിക്കൽ എബിലിറ്റികൂടി പരിശോധിക്കപ്പെടുന്ന വിധത്തിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. പരീക്ഷാ ഘടനയും സിലബസും മൂല്യനിർണയരീതിയും പ്രവേശന നടപടികളും അടക്കമുള്ള വിവരണപത്രിക https://jeeadv.ac.in-ൽ നിന്ന് ലഭിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
രജിസ്ട്രേഷൻ:
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025ൽ പങ്കെടുക്കുന്നതിന് മുകളിലെ വെബ്സൈറ്റിൽ ഏപ്രിൽ 23 രാവിലെ 10 മുതൽ മേയ് രണ്ട് വൈകീട്ട് 5 മണി വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 3200 രൂപ. വനിതകൾ, പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗക്കാർക്ക് 1600 രൂപ മതി. രജിസ്റ്റർ ചെയ്തവർക്ക് മേയ് അഞ്ച് വൈകീട്ട് 5 മണിവരെ ഫീസ് അടക്കാം. നിർദേശങ്ങൾ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലിൽ ലഭിക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് മേയ് 11 മുതൽ 18 വരെ ഡൗൺലോഡ് ചെയ്യാം. ഇതോടൊപ്പം ആധാർ കാർഡ്/ഡ്രൈവിങ് ലൈസൻസ്/സ്കൂൾ-കോളജ് ഐ.ഡി/വോട്ടർ ഐ.ഡി/പാൻകാർഡ് എന്നിവയിലൊന്ന് കൂടി (അസൽ) കൈവശം കരുതണം.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. ചോദ്യപേപ്പറിലെ നിർദേശങ്ങൾ ശ്രദ്ധയോടെ മനസ്സിലാക്കണം. ചില ചോദ്യങ്ങളുടെ ഉത്തരം തെറ്റിയാൽ മാർക്ക് കുറയും. അതേസമയം, ചോദ്യത്തിൽ അപാകത കണ്ടെത്തി ഒഴിവാക്കേണ്ടിവന്നാൽ എല്ലാവർക്കും പ്രസ്തുത ചോദ്യത്തിനുള്ള മുഴുവൻ മാർക്കും നൽകും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി പരിചയിക്കുന്നതിന് വെബ്സൈറ്റിൽ ‘റിസോഴ്സസ്’ സെക്ഷനിൽ മോക്ക് ടെസ്റ്റുകൾ ലഭ്യമാണ്. പരീക്ഷ കഴിഞ്ഞാൽ താൽക്കാലിക ഉത്തരസൂചിക മേയ് 26ന് പ്രസിദ്ധപ്പെടുത്തും. ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ 27നകം അറിയിക്കാം. അന്തിമ ഉത്തരസൂചിക ജൂൺ രണ്ടിന് പ്രസിദ്ധപ്പെടുത്തും.
റാങ്ക് ലിസ്റ്റ്:
ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ രണ്ട് പേപ്പറിന്റെയും മാർക്കുകൾ റാങ്കിങ്ങിന് പരിഗണിക്കും. പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ലഭിച്ച മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കും. മാർക്കിൽ തുല്യത വന്നാൽ ടൈബ്രേക്ക് ചെയ്യുന്നതിന് ഹയർ പോസിറ്റീവ് മാർക്കുള്ളവർക്കാണ് മുൻഗണന. വീണ്ടും തുല്യതയുള്ളപക്ഷം മാത്തമാറ്റിക്സിന്റെ ഉയർന്ന മാർക്ക് പരിഗണിക്കും.
എന്നിട്ടും ടൈബ്രേക്ക് ആയില്ലെങ്കിൽ ഫിസിക്സിന്റെ ഉയർന്ന മാർക്ക് കണക്കിലെടുക്കും. കോമൺ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് ഓരോ വിഷയത്തിനും ചുരുങ്ങിയത് 10 മാർക്കും മൊത്തത്തിൽ 35 മാർക്കും നേടണം. ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം ജൂൺ രണ്ടിന് പ്രസിദ്ധപ്പെടുത്തും. കാറ്റഗറി അടിസ്ഥാനത്തിലുള്ള അഖിലേന്ത്യ റാങ്കുകൾ ഓൺലൈൻ പോർട്ടലിൽ ലഭ്യമാകും. വിവരം രജിസ്ട്രേഡ് മൊബൈൽ നമ്പറിലും ലഭിക്കും.
എ.എ.ടി:
ആർക്കിടെക്ചർ അഭിരുചി പരീക്ഷ (എ.എ.ടി) ജൂൺ അഞ്ചിന് രാവിലെ 9-12 മണി സമയത്ത് നടത്തും. പങ്കെടുക്കുന്നതിന് ജൂൺ രണ്ടിന് രാവിലെ 10 മുതൽ ജൂൺ മൂന്ന് വൈകീട്ട് 5 മണിവരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025ൽ യോഗ്യത നേടിയവർക്കാണ് അവസരം. രജിസ്ട്രേഷനുള്ള നിർശേങ്ങളും പരീക്ഷയുടെ വിശദാംശങ്ങളും ജെ.ഇ.ഇ അഡ്വാൻസ്ഡ് ഓൺലൈൻ പോർട്ടലിലുണ്ട്. ദേശീയതലത്തിൽ നടത്തുന്ന എ.എ.ടിയിൽ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒറ്റപേപ്പറാണുള്ളത്. ജൂൺ എട്ടിന് ഫലം പ്രഖ്യാപിക്കും. ബി.ആർക് പ്രവേശനത്തിന് ആർക്കിടെക്ചർ ആപ്റ്റിട്യൂഡ് ടെസ്റ്റ് പാസായാൽ മതി. വാരണാസി, ഖരാഗ്പൂർ, റൂർക്കി ഐ.ഐ.ടികളിലാണ് ബി.ആർക് പ്രോഗ്രാമുള്ളത്.
വിദ്യാഭ്യാസ യോഗ്യത:
ഐ.ഐ.ടി പ്രവേശനത്തിന് പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് നിർബന്ധ വിഷയങ്ങൾക്ക് അടക്കം അഞ്ച് വിഷയങ്ങൾക്ക് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ ആദ്യ ചാൻസിൽ വിജയിച്ചിരിക്കണം (പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 65 ശതമാനം മാർക്ക് മതി) അല്ലെങ്കിൽ പ്ലസ് ടു/ തത്തുല്യ ബോർഡ് പരീക്ഷയിൽ ഉയർന്ന 20 പേർസന്റയിനുള്ളിൽ വിജയിച്ചവരാകണം. അംഗീകൃത ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാരെയും നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ജെ.ഇ.ഇ അഡ്വാൻസ് വിവരണ പത്രികയിലുണ്ട്.
പ്രവേശനം:
ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്കടിസ്ഥാനത്തിൽ ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിയാണ് (ജോസ) ഓൺലൈൻ കൗൺസലിങ് വഴി ഐ.ഐ.ടികളിലേക്ക് സീറ്റ് അലോട്ട്മെന്റ് നടത്തുന്നത്. റാങ്ക് ലിസ്റ്റിലുള്ളവർക്ക് യഥാസമയം ചോയിസ് ഫില്ലിങ് അടക്കമുള്ള അലോട്ട്മെന്റ് നടപടികളിൽ പങ്കെടുക്കാം. ഇൻസ്റ്റിറ്റ്യൂട്ടുകളും കോഴ്സുകളും മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുത്ത് ചോയിസ് ഫില്ലിങ് നടത്താം. പ്രവേശന കൗൺസലിങ് ഷെഡ്യൂളുകൾ ജോസ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രിപ്പറേറ്ററി കോഴ്സ്:
പട്ടികജാതി/വർഗ/ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന ഐ.ഐ.ടികളിൽ പ്രസ്തുത വിഭാഗങ്ങളിലുള്ളവരെതന്നെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ഒരു വർഷത്തെ പരിശീലനം നൽകി പഠനത്തിന് സജ്ജമാക്കുന്ന പ്രക്രിയയാണ് പ്രിപ്പറേറ്ററി കോഴ്സ്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ചുരുങ്ങിയ മാർക്ക് നേടിയവരെ ഉൾപ്പെടുത്തിയാണ് പ്രിപ്പറേറ്ററി കോഴ്സിലേക്കുളള റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. പ്രിപ്പറേറ്ററി കോഴ്സിൽ വിജയിക്കുന്നവരെ അലോട്ട് ചെയ്യുന്ന ഐ.ഐ.ടിയിൽ അടുത്തവർഷം നേരിട്ട് പ്രവേശനം നൽകും.
ഐ.ഐ.ടി പ്രോഗ്രാമുകൾ:
- ജെ.ഇ.ഇ അഡ്വാൻസിഡ് റാങ്കിങ്ങിലൂടെ പ്രവേശനം ലഭിക്കുന്ന കോഴ്സുകൾ:
- ബി.ടെക്, ബി.എസ് (4 വർഷം), ബി.ആർക്ക് (5 വർഷം)
- ഡ്യൂവെൽ ഡിഗ്രി ബി.ടെക്-എം.ടെക്
- ഡ്യൂവെൽ ഡിഗ്രി ബി.എസ്- എം.എസ്, ഇന്റഗ്രേറ്റഡ് എം.ടെക്
- ഇന്റഗ്രേറ്റഡ് ബി.എസ്-എം.എസ്
- ഡ്യൂവൽ ഡിഗ്രി ബി.ടെക് -എംബിഎ
- ഡ്യൂവെൽ ഡിഗ്രി ബി.എസ്-എം.ബി.എ (അഞ്ചു വർഷം വീതം)
വൈവിധ്യമാർന്ന നിരവധി വിഷയങ്ങളിലാണ് പഠനാവസരം. കോഴ്സുകളും പ്രവേശന യോഗ്യതയും ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ ‘വിവരണ പത്രികയിലുണ്ട്.