എൻജിനീയർമാർക്കൊപ്പം ഇനി ഡോക്ടർമാരും; ഐ.ഐ.ടി മദ്രാസിൽ മെഡിക്കൽ സ്കൂൾ പ്രഖ്യാപനവുമായി ഡയറക്ടർ
text_fieldsചെന്നൈ: രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി മദ്രാസിൽ മെഡിക്കൽ കോഴ്സുകളും ആരംഭിക്കാൻ നീക്കം. ഐ.ഐ.ടിയിൽ പ്രത്യേക സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആരംഭിച്ച് സ്വന്തം നിലയിൽ എം.ബി.ബി.എസ്, എം.ഡി, പി.എച്ച്ഡി മെഡിക്കൽ ഡിഗ്രികൾ നൽകാനാണ് പദ്ധതിയെന്ന് ഐ.ഐ.ടി മദ്രാസ് ഡയറക്ടർ പ്രഫ. വി. കാമകോടി അറിയിച്ചു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡെക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
പദ്ധതി പ്രഖ്യാപന ഘട്ടത്തിലാണെന്നും എം.ബി.ബി.എസ് ആരംഭിക്കാൻ ആവശ്യമായ നിയന്ത്രണാനുമതികളും അധ്യാപന തസ്തികകളും ആശുപത്രിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് കടക്കാനുള്ള തീരുമാനമെന്നും കാമകോടി വിശദീകരിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് മെഡിക്കൽ രംഗത്ത് സാങ്കേതികവിദ്യയുടെ പ്രാധാന്യം കൂടുതൽ വ്യക്തമായിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ, ഇമേജിങ് സംവിധാനങ്ങൾ, ഇംപ്ലാന്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഹെൽത്ത് തുടങ്ങിയ മേഖലകളിൽ എൻജിനീയറിങ് മെഡിക്കൽ മേഖലകൾ തമ്മിലുള്ള സഹകരണം അനിവാര്യമാണ്. ഡോക്ടർമാരും എൻജിനീയർമാരും ഒരേ സ്ഥാപനത്തിൽ പ്രവർത്തിക്കുകയും പഠിക്കുകയും ചെയ്യുന്നത് പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സഹായിക്കുമെന്നും ഐ.ഐ.ടി മദ്രാസ് വ്യക്തമാക്കി.
ഐ.ഐ.ടി മദ്രാസ് ഇതാദ്യമായല്ല മെഡിക്കൽ മേഖലയിലേക്ക് കടക്കുന്നത്. 2023 മേയിൽ ഡിപാർട്ട്മെന്റ് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ആരംഭിച്ചിരുന്നു. നിലവിൽ ഈ വിഭാഗം മെഡിക്കൽ സയൻസും എൻജിനീയറിങ്ങും സംയോജിപ്പിച്ചുള്ള നാല് വർഷത്തെ ബിരുദപഠനമാണ് നൽകുന്നത്. രോഗനിർണയ ഉപകരണങ്ങൾ, മെഡിക്കൽ ഇംപ്ലാന്റുകൾ, എ.ഐ അധിഷ്ഠിത മെഡിക്കൽ സംവിധാനങ്ങൾ, ഡ്രഗ് ഡിസ്കവറി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ കോഴ്സിലൂടെ മെഡിക്കൽ ടെക്നോളജിയും ഗവേഷണവും കേന്ദ്രീകരിച്ചുള്ള പരിശീലനമാണ് ലഭിക്കുന്നത്. എന്നാൽ, പുതിയ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് യാഥാർഥ്യമായാൽ രോഗികളെ നേരിട്ട് ചികിത്സിക്കാൻ കഴിയുന്ന ഡോക്ടർമാരെ വാർത്തെടുക്കാൻ സാധിക്കും.
പുതിയ പദ്ധതിയിൽ എം.ബി.ബി.എസ് (ബിരുദ മെഡിക്കൽ വിദ്യാഭ്യാസം), എം.ഡി (മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് പഠനം), പി.എച്ച്ഡി (മെഡിക്കൽ ഗവേഷണം) എന്നിവ ഉൾപ്പെടും. അതേസമയം, ഐ.ഐ.ടി മദ്രാസിന് സ്വന്തമായി തീരുമാനിച്ച് എം.ബി.ബി.എസ് കോഴ്സ് ആരംഭിക്കാനാകില്ല. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വേണം. കൂടാതെ മെഡിക്കൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി ആശുപത്രിയും തയാറാക്കണം. ഭാവിയിലെ ഡോക്ടർമാർക്ക് എ.ഐ, റോബോട്ടിക്സ്, മെഡിക്കൽ ഇമേജിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളെക്കുറിച്ച് കൂടുതൽ അറിവുണ്ടാകുന്നത് ചികിത്സാ രംഗത്ത് പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്നാണ് ഐ.ഐ.ടി മദ്രാസിന്റെ പ്രതീക്ഷ.


