‘കീം’ റാങ്ക് പട്ടിക വിവാദം ബാധിച്ചില്ല; കൗൺസലിങ്ങിന് ആളുകൂടി
text_fieldsതിരുവനന്തപുരം: കോടതി ഇടപെടലിനെ തുടർന്ന് റാങ്ക് പട്ടിക തിരുത്തി പ്രസിദ്ധീകരിക്കേണ്ടിവന്നിട്ടും എൻജിനീയറിങ് പ്രവേശനത്തിനായി ഓപ്ഷൻ സമർപ്പിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലായിരത്തോളം വിദ്യാർഥികളാണ് ഇത്തവണ അധികമായി ഓപ്ഷൻ സമർപ്പിച്ചത്.
കഴിഞ്ഞ വർഷം 30,860 പേരാണ് എൻജിനീയറിങ് ഓപ്ഷൻ സമർപ്പിച്ച് കൗൺസലിങ് പ്രക്രിയയിൽ പങ്കാളികളായത്. ഇത്തവണ കോടതി ഇടപെടലിനെ തുടർന്ന് പ്രതിസന്ധിയിലായ കൗൺസലിങ് പ്രക്രിയയിൽ 34,568 പേർ ഓപ്ഷൻ സമർപ്പിച്ചു. 2023ൽ ഇത് 24,446 പേരായിരുന്നു.
മൂന്ന് വർഷം മുമ്പ് വരെ ഓപ്ഷൻ സമർപ്പണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്തിയിരുന്നില്ല. സീറ്റ് ആവശ്യമില്ലാതിരുന്നിട്ടും ഒട്ടേറെ വിദ്യാർഥികൾ ഓപ്ഷൻ സമർപ്പിക്കുകയും അലോട്ട്മെൻറ് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് വർധിച്ചതോടെയാണ് അഖിലേന്ത്യ കൗൺസലിങ് രീതികൾക്ക് സമാനമായി പ്രത്യേക ഫീസ് ഏർപ്പെടുത്തിയത്.
ഇതോടെ ആവശ്യക്കാർ മാത്രം ഓപ്ഷൻ സമർപ്പിക്കുന്ന രീതിയായി. ഫീസായി വാങ്ങുന്ന 2000 രൂപ അലോട്ട്മെൻറ് ലഭിക്കുന്നവരുടെ വാർഷിക ഫീസിലേക്ക് വകയിരുത്തിനൽകും. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ നൽകുന്ന തുക പിഴയായി കണ്ട് തിരികെ നൽകില്ല. ഒന്നാം അലോട്ട്മെൻറിന്റെ താൽക്കാലിക പട്ടിക ശനിയാഴ്ച രാത്രിയോടെ പ്രസിദ്ധീകരിച്ചു. അന്തിമ അലോട്ട്മെൻറ് ഞായറാഴ്ച പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെൻറിൽ 26,068 പേർക്കാണ് പ്രവേശന സാധ്യത തെളിഞ്ഞത്.