ഐ.എസ്.ആർ.ഒ ‘യുവിക’ മേയ് 19 മുതൽ 30 വരെ
text_fieldsഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് ഐ.എസ്.ആർ.ഒയുടെ ‘യുവിക-യങ് സയൻറിസ്റ്റ് പ്രോഗ്രാമിൽ പങ്കെടുക്കാം. ബഹിരാകാശ ശാസ്ത്ര-സാങ്കേതിക വിദ്യയിലും പ്രായോഗിക തലങ്ങളിലും അറിവ് പകരുക; സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (സ്റ്റെം) ഗവേഷണാധിഷ്ഠിത പഠനത്തിലേക്കും കരിയറിലേക്കും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക മുതലായവ ലക്ഷ്യത്തോടെയാണ് മേയ് 19 മുതൽ 30 വരെ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
വിക്രംസാരാഭായ് സ്പേസ് സെന്റർ തിരുവനന്തപുരം, സതീഷ്ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ ബംഗളൂരു, സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ അഹ്മദാബാദ്, നാഷനൽ റിമോട്ട് സെൻസിങ് സെന്റർ ഹൈദരാബാദ്, നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ ഷില്ലോങ്, ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്, ഡറാഡൂൺ എന്നിവിടങ്ങളിലാണ് പഠന പരിശീശലന ക്ലാസുകൾ അടക്കം പ്രോഗ്രാം ആസൂത്രണം ചെയ്തിട്ടുള്ളത്.
യുവിക പ്രോഗ്രാമിന്റെ വിശദാംശങ്ങൾ https://jigyasa.iirs.gov.in/yuvika ൽ ലഭിക്കും. താൽപര്യമുള്ള വിദ്യാർഥികൾക്ക് മാർച്ച് 23 വരെ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ഏപ്രിൽ ഏഴിന് പ്രസിദ്ധപ്പെടുത്തും.
ഇ-മെയിലിൽ ഐ.എസ്.ആർ.ഒയുടെ അറിയിപ്പ് ലഭിക്കുന്നവർ മേയ് 18ന് ബന്ധപ്പെട്ട സെന്ററിൽ റിപ്പോർട്ട് ചെയ്യണം. എട്ടാം ക്ലാസ് മാർക്ക്, ഓൺലൈൻ ക്വിസിലെ പ്രകടനം, കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ശാസ്ത്രമേള പങ്കാളിത്തം, ഒളിമ്പ്യാർഡ് റാങ്ക്, സ്പോർട്സ് മത്സരങ്ങളിലെ വിജയം, സ്കൗട്ട് ആൻഡ് ഗൈഡ്/എൻ.സി.സി/എൻ.എസ്.എസ് അംഗത്വം, ഗ്രാമീണ സ്കൂൾ വിദ്യാഭ്യാസം എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.
പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ യാത്രാക്കൂലി (ട്രെയിൻ/വോൾവോ ഫെയർ) കോഴ്സ് മെറ്റീരിയൽസ്, താമസം മുതലായ മുഴുവൻ ചെലവുകളും ഐ.എസ്.ആർ.ഒ വഹിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് yuvika@isro.gov.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.