ഐ.ടി.ഐ കോഴ്സുകൾക്ക് പ്ലസ് ടു തുല്യത പരിഗണനയിൽ; പഠിക്കാൻ വിദഗ്ധ സമിതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐ കോഴ്സുകൾക്ക് പ്ലസ് ടു കോഴ്സുകളുമായി തുല്യത നൽകുന്നത് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപവത്കരിച്ചു. ഐ.ടി.ഐ കോഴ്സുകളിലേക്ക് കുട്ടികളെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായി വനം-നൈപുണ്യ, പൊതുവിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുത്ത യോഗത്തിലെ തീരുമാനപ്രകാരമാണിത്.
നിലവിൽ ട്രേഡ് മാത്രമായ ഐ.ടി.ഐ കോഴ്സുകളിൽ പ്ലസ് ടു കോഴ്സുകളിലേത് പോലെ രണ്ടു ഭാഷാ വിഷയങ്ങൾ പഠിപ്പിക്കുന്നില്ല. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമിലാണ് ഹയർ സെക്കൻഡറി കോഴ്സുകൾ. ഐ.ടി.ഐയിലെയും ഹയർ സെക്കൻഡറിയിലെയും കോഴ്സ് കണ്ടന്‍റുകൾ, സമയം, പ്രാക്ടിക്കൽ-തിയറി അനുപാതം എന്നിവ താരതമ്യം ചെയ്യും. ഐ.ടി.ഐകളിലെ കുട്ടികൾക്ക് അമിത ഭാരമില്ലാത്ത രീതിയിൽ പ്ലസ് ടു തുല്യത നൽകാൻ ഏതൊക്കെ വിഷയങ്ങൾ അധികമായി പഠിക്കണമെന്ന് സമിതി പഠിക്കും.
നൈപുണ്യ വികസന വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ വ്യവസായിക പരിശീലന വകുപ്പ് ട്രെയിനിങ് ഡയറക്ടർ (കൺവീനർ), പൊതുവിദ്യാഭ്യാസ സപെഷൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കൻഡറി ജോയന്‍റ് ഡയറക്ടർ അശ്റഫ് കൊയിലോത്താൻ കണ്ടിയിൽ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ട്രെയിനിങ് എൽ.ആർ രമേശ് ബാബു, അസിസ്റ്റന്‍റ് ഡയറക്ടർ എം. നിതീഷ് കുമാർ, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫിസർ ഡോ. പി.ടി. അജീഷ്, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ എം.എ അസ്ഹർ, സ്കോൾ കേരള അക്കാദമിക് അസോസിയേറ്റ് പി. ലത എന്നിവരാണ് അംഗങ്ങൾ.



