കെ.എ.എസ്: ദേവനാരായണൻ, സവിത, രജീഷ് എന്നിവർ ഒന്നാം റാങ്കുകാർ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രണ്ടാം കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസ് (കെ.എ.എസ്) പരീക്ഷയിലെ സ്ട്രീം ഒന്നിൽ തിരുവനന്തപുരം കിളിമാനൂർ പുല്ലയിൽ സ്വദേശി എ.എസ്. ദേവനാരായണന് ഒന്നാം റാങ്ക്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സിദ്ധാർഥ് എം. ജോയ് രണ്ടാം റാങ്കും പാലാ ചേർപ്പുങ്കൽ സ്വദേശി ആൽബർട്ട് ഏബ്രഹാം മൂന്നാം റാങ്കും നേടി.
നോൺ ഗസറ്റഡ് ഓഫിസർമാരുടെ രണ്ടാം സ്ട്രീമിൽ തൃശൂർ പൊന്നൂക്കര സ്വദേശി സി.എസ്. സവിതക്കാണ് ഒന്നാം റാങ്ക്. അങ്കമാലി കിടങ്ങൂർ സ്വദേശി ജോർജുകുട്ടി ജേക്കബ് രണ്ടാം റാങ്കും തൃശൂർ ഇരിങ്ങാലക്കുട സ്വദേശി അഫീന ഗുലാം മൂന്നാം റാങ്കും നേടി.
ഗസറ്റഡ് ഓഫിസർമാരുടെ മൂന്നാം സ്ട്രീമിൽ പത്തനംതിട്ട കോന്നി സ്വദേശി രജീഷ് ആർ. നാഥിനാണ് ഒന്നാം റാങ്ക്. എറണാകുളം കാക്കനാട് സ്വദേശി അജ്മൽ സി. മൊയ്തീൻ രണ്ടാം റാങ്കും തിരുവനന്തപുരം തിരുമല സ്വദേശി ജോസ് തോമസ് മൂന്നാം റാങ്കും നേടി. സപ്ലിമെന്ററി പട്ടികയിൽ ഉൾപ്പെടെ ഒന്നാം സ്ട്രീമിൽ 100 പേരും രണ്ടാം സ്ട്രീമിൽ 90 പേരും മൂന്നാം സ്ട്രീമിൽ 71 പേരുമാണുള്ളത്.


