കീം: മുൻനിര റാങ്കിൽ കേരള സിലബസിലുള്ളവർക്ക് തിരിച്ചടി
text_fieldsതിരുവനന്തപുരം: ഹൈകോടതി ഉത്തരവിനെ തുടർന്ന് എൻജിനീയറിങ് റാങ്ക് പട്ടിക പുതുക്കിയപ്പോൾ മുൻനിര റാങ്കുകളിൽ കേരള സിലബസിലെ വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത് ഇതുവരെ നേരിടാത്ത തിരിച്ചടി. പുതുക്കിയ പട്ടികയിൽ ആദ്യ 5000 റാങ്കിൽ കേരള സിലബസിൽനിന്ന് ഇടംപിടിച്ചത് 1796 പേരാണ്.
റദ്ദാക്കിയ പട്ടികയിൽ 2539 പേരാണ് ഇടംപിടിച്ചിരുന്നത്. റാങ്ക് പട്ടിക പുതുക്കിയപ്പോൾ 5000 റാങ്കിൽ മാത്രം കേരള സിലബസിൽനിന്നുള്ള 743 പേരാണ് പുറത്തായത്. ഇതാദ്യമായാണ് 5000 റാങ്കിൽ കേരള സിലബസിലെ വിദ്യാർഥികൾ 2000ത്തിന് താഴെ പോകുന്നത്. പ്ലസ് ടു മാർക്ക് ഏകീകരണത്തിൽ കുറവ് സംഭവിച്ച കഴിഞ്ഞ വർഷവും ആദ്യ 5000 റാങ്കിൽ 2034 പേർ കേരള സിലബസിൽനിന്നായിരുന്നു.
ഇതുവരെയുള്ള ഏറ്റവും കുറവ് കഴിഞ്ഞ വർഷമായിരുന്നു. അതാണ് ഇത്തവണ വീണ്ടും താഴ്ന്നത്. 2023ൽ ഇത് 2043 ആയിരുന്നു. 2022ൽ 2215ഉം 2021ൽ 2112ഉം 2020ൽ 2280ഉം പേരായിരുന്നു. ഇത്തവണ ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ആദ്യ പത്തിൽ അഞ്ചുപേർ കേരള സിലബസിലും അഞ്ചുപേർ സി.ബി.എസ്.ഇ സിലബസിലുമായിരുന്നെങ്കിൽ പുതുക്കിയ പട്ടികയിൽ രണ്ടുപേർ മാത്രമാണ് കേരള സിലബസിൽനിന്നുള്ളത്.
ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്നു-കെ.സി.
കൊല്ലം: കീം വിഷയത്തിൽ സംസ്ഥാനസർക്കാർ കുട്ടികളെ മുഴുവൻ ആശയക്കുഴപ്പത്തിലാക്കിയെന്നും ചെരുപ്പിന് അനുസരിച്ച് കാലുമുറിക്കുന്ന നിലപാടാണ് സർക്കാറിന്റേതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഒന്നാം നമ്പർ പ്രതി സർക്കാർ തന്നെയാണെന്നും കെ.സി പറഞ്ഞു.