വരൂ, വിജ്ഞാനത്തിലേക്ക്... വിജയത്തിലേക്ക്... വിനോദങ്ങളിലേക്ക്...
text_fieldsവിജയവഴിയിലെ സല്ലാപങ്ങളുമായി ‘സക്സസ് ചാറ്റ്’
കൊച്ചി: ജീവിതത്തിൽ ഉന്നതങ്ങളിലെത്തിയവർക്ക് പലതരം വിജയമന്ത്രങ്ങളുണ്ടാവും. നടന്നുവന്ന വഴികളെക്കുറിച്ചും കൈയെത്തിപ്പിടിച്ച നേട്ടങ്ങളെക്കുറിച്ചും അവർ പ്രചോദനാത്മകമായി സംസാരിക്കുമ്പോൾ, ആത്മവിശ്വാസം വർധിക്കുന്നവരുടെ എണ്ണം ഏറെയാണ്. കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെൻററിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടക്കുന്ന ‘മാധ്യമം’ എജുകഫേയിൽ ഇത്തരത്തിൽ തങ്ങളുടെ വിജയമന്ത്രങ്ങൾ പങ്കുവെക്കാൻ ഒട്ടേറെ പ്രതിഭകളെത്തുന്നു. സക്സസ് ചാറ്റ് എന്ന പ്രത്യേക സെഷനായാണ് നടക്കുക.
ഉന്നത വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം മന്ത്രി ഡോ.ആർ. ബിന്ദു
എജുകഫേയിലെ ഉന്നത വിദ്യാഭ്യാസ സെമിനാർ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. രണ്ടുദിവസമായി നടക്കുന്ന എജുകഫേയിൽ നിരവധി ഉന്നത വിദ്യാഭ്യാസ കോഴ്സുകളെക്കുറിച്ചും കരിയർ സാധ്യതകളെക്കുറിച്ചുമായി വിവിധ സെമിനാറുകൾ നടക്കുന്നുണ്ട്.
ഫിയർലെസ് മാൻ ഓഫ് ഇന്ത്യ ലെഫ്. കേണൽ ഋഷിയെത്തുന്നു, എജുകഫേ വേദിയിൽ
കൊച്ചി: പിറന്ന മണ്ണിനെ സംരക്ഷിക്കാൻ സ്വന്തം മുഖം ബലി കൊടുത്ത ഒരു ധീരജവാനുണ്ട് നമ്മുടെ നാട്ടിൽ. ദി മോസ്റ്റ് ഫിയർലെസ് മാൻ (ഏറ്റവും ഭയമില്ലാത്ത മനുഷ്യൻ) എന്ന് ഇന്ത്യയുടെ മുൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് വിശേഷിപ്പിച്ച ലഫ്റ്റനൻറ് കേണൽ ഋഷി രാജലക്ഷ്മിയാണ് ആ സൈനികൻ.
‘മാധ്യമം’ എജുകഫേ വേദിയിൽ ഇത്തവണ അതേ ഋഷിയുമുണ്ടാകും, ഒരു സൈനികൻ കടന്നുപോകുന്ന കനൽപാതകളെക്കുറിച്ചും രാജ്യസേവനത്തിനിടെ നേരിടേണ്ടി വന്ന ദുഷ്കരമായ ദൗത്യങ്ങളെക്കുറിച്ചും അനുഭവങ്ങൾ പങ്കുവെക്കാൻ. ഒപ്പം, ഇന്ത്യൻ ആർമിയിലുൾപ്പെടെ പ്രതിരോധ രംഗത്ത് പ്രഫഷൻ തെരഞ്ഞെടുക്കാനും തിളങ്ങാനും ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായും അദ്ദേഹമുണ്ടാകും. ആലപ്പുഴ മുതുകുളം സ്വദേശിയാണ് ഇദ്ദേഹമെന്നത് മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണ്.
പഠനാനുഭവങ്ങൾ പങ്കുവെക്കാൻ സിവിൽ സർവിസ് റാങ്ക് ജേതാക്കളും
കഴിഞ്ഞദിവസം പ്രഖ്യാപിച്ച യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ മികച്ച റാങ്ക് നേട്ടം സ്വന്തമാക്കിയ മിടുക്കരും എജുകഫേ വേദിയിലെത്തുന്നു. 254ാം റാങ്കുകാരി നിനിയ തോമസ്, 429ാം റാങ്ക് നേടിയ നാദിയ അബ്ദുൽ റഷീദ്, 641ാം റാങ്കുകാരൻ ഡോ.അക്ഷയ് രാജ്, 656ാം റാങ്കുകാരൻ സി.ആർ. വൈശാഖ് എന്നിവരാണ് തങ്ങളുടെ സിവിൽ സർവിസ് വിജയവഴികളെക്കുറിച്ച് വിദ്യാർഥികളുമായി സംവദിക്കാനെത്തുക. ഇവർക്ക് എജുകഫേ വേദിയിൽ ‘മാധ്യമം’ ആദരമർപ്പിക്കും.
നിനിയ തോമസ്, നാദിയ അബ്ദുൽ റഷീദ്, സി.ആർ. വൈശാഖ്, ഡോ. അക്ഷയ് രാജ്
ഐ.ടി പ്രഫഷനലുകളാകാം വരൂ...
മാറിവരുന്ന കാലത്ത് ഇൻഫർമേഷൻ ടെക്നോളജി രംഗത്തുണ്ടാകുന്ന മുന്നേറ്റം വളരെ വലുതാണ്. പുത്തൻ സാങ്കേതിക വിദ്യകൾക്കനുസരിച്ച് പുതിയ സാധ്യതകളും കരിയർ രംഗത്ത് പിറവിയെടുക്കുന്നു. അത്തരം എല്ലാ കരിയർ സാധ്യതകളും ഉൾക്കൊള്ളുന്ന, എല്ലാ കരിയർ സാധ്യതകൾക്കും ഉത്തരവുമായി ഒരു എക്സ്ക്ലൂസിവ് സെഷൻ എജുകഫേയിൽ ഒരുങ്ങുകയാണ്. ഐ.ടി മേഖലയിലെ ഉയർന്ന തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്താൻ ‘ബ്രിഡ്ജ്ഓൺ’ എജുകഫേയിലെത്തുകയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്വെയർ പരിശീലന കേന്ദ്രം അക്കാദമിക്, ഇന്റേൺഷിപ്, പ്രായോഗിക പരിശീലനം സംബന്ധിച്ച വിവരങ്ങൾ എജുകഫേയിലൂടെ പങ്കുവെക്കും.
വിദഗ്ധരായ അക്കാദമിക് കൗൺസിലർമാരുടെ സേവനം ‘ബ്രിഡ്ജ്ഓൺ’ സ്റ്റാളിലും ലഭ്യമാവും. ചെയ്ത കോഴ്സുകൾക്കും അഭിരുചിക്കുമിണങ്ങുന്ന കോഴ്സുകൾ കണ്ടെത്താൻ ഇവർ സഹായിക്കും. ബ്രിഡ്ജ്ഓൺ ഫൗണ്ടറും സി.ഇ.ഒയുമായ ജാബിർ ഇസ്മായിലാണ് എജുകഫേയിലെ സെഷനിൽ വിദ്യാർഥികളുമായി സംവദിക്കുക. ഏത് കോഴ്സ് കഴിഞ്ഞവർക്കും ഐ.ടി മേഖലയിൽ തിളങ്ങാനുള്ള വഴികൾ അദ്ദേഹം വിശദീകരിക്കും.
ജാബിർ ഇസ്മായിൽ
വേദി ഒരുങ്ങി...
രണ്ടുദിവസമായി നടക്കുന്ന എജുകഫേയുടെ വേദി കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെൻററിൽ ഒരുങ്ങിക്കഴിഞ്ഞു. പൂർണമായും ശീതീകരിച്ച കൺവെൻഷൻ സെൻറർ ജില്ലയിലുള്ളവർക്കും സമീപ ജില്ലക്കാർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ലൊക്കേഷനിലാണുള്ളത്. കുടിവെള്ളം, പ്രാർഥനാമുറി എന്നിവയെല്ലാം എജുകഫേയിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ, മിതമായ നിരക്കിൽ ഭക്ഷണവും ലഭ്യമാകും.
സ്പോട്ട് രജിസ്ട്രേഷനും അവസരം
എജുകഫേയിൽ പങ്കെടുക്കാൻ ഇതുവരെ രജിസ്റ്റർ ചെയ്യാനാവാത്തവർക്ക് ഇനിയും അവസരമുണ്ട്. എജുകഫേ വേദിയിൽ നടക്കുന്ന സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടറിലാണ് രജിസ്റ്റർ ചെയ്യാനാവുക.
വേറെയും നിരവധി സെഷനുകൾ...
മിഥു ശ്രീനിവാസ്, മൻസൂറലി കാപ്പുങ്ങൽ, ഡെയ്ൻ ഡേവിസ്, കെ.കെ. കൃഷ്ണകുമാർ, പ്രവീൺ ചിറയത്ത്, ജിയാസ് ജമാൽ, സൂസൻ അബ്രഹാം, ഡോ. അജിത് അബ്രഹാം, െബൻസൻ തോമസ് ജോർജ്, മുഹമ്മദ് അൽഫാൻ, രജനീഷ് വി.ആർ