മലബാറിലെ നിയമ പഠന കേന്ദ്രമാകാൻ മഞ്ചേശ്വരം ലോ കോളജ്
text_fieldsമഞ്ചേശ്വരം ലോ കോളജ്
മഞ്ചേശ്വരം: നിയമപഠനത്തിന് മലബാറിലെ സുപ്രധാന കേന്ദ്രമായി മഞ്ചേശ്വരം മാറുന്നു. വിദ്യാഭ്യാസ മേഖലയിൽ ഏറെ പിന്നാക്കമായിരുന്ന കാസർകോട് ജില്ലയിൽ കണ്ണൂർ സവർകലാശാല പുതിയ ഭരണസമിതിയുടെ ശ്രമഫലമായാണ് നിയമ പഠനകേന്ദ്രം ഒരുങ്ങുന്നത്.
കേന്ദ്രം മുഖ്യമന്ത്രി നേരത്തേ ഉദ്ഘാടനം ചെയ്തുവെങ്കിലും വകുപ്പ് വികസനത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ സി.എസ്.ആർ ഫണ്ടിൽനിന്നും ഇരുനില കെട്ടിടത്തിനുള്ള തുക ലഭിച്ചിട്ടുണ്ട്. ഇത് യാഥാർഥ്യമാകുന്നതോടെ ആകർഷണീയമായ കെട്ടിടവും ഉണ്ടാകും.
2021ലാണ് ആ കെട്ടിടത്തില്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ കീഴില്‍ ലോ കോളേജ് ആരംഭിക്കുന്നത്. കാസർകോട് ജില്ലക്കാരനായ സിൻഡിക്കേറ്റ് അംഗം ഡോ.എ. അശോകന്റെ പരിശ്രമങ്ങളും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ പിന്തുണയുമായതോടെയാണ് വേഗതയേറിയത്. എല്‍.എല്‍.എം കോഴ്സായിരുന്നു ആദ്യം തുടങ്ങിയത്. പിന്നാലെ മൂന്ന് വര്‍ഷത്തെ എല്‍എ ല്‍.ബി കോഴ്സ് ആരംഭിക്കുകയും ചെയ്തു.
കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് മഞ്ചേശ്വരം ലോ കോളജ് സ്ഥാപിച്ചത്. കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ നിയമപഠനത്തിനായി കർണാടക നിയമ കോളജുകളെ ആശ്രയിച്ചുവരുകയായിരുന്നു. ഇപ്പോൾ ഈ മൂന്ന് ജില്ലകളില്‍ നിന്നും കേരളത്തിന്റെ മറ്റു ജില്ലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ നിയമപഠനത്തിനായി മഞ്ചേശ്വരത്ത് എത്തുന്നു.
എല്‍എല്‍.ബിയിലെയും എല്‍എല്‍.എമ്മിലെയും എല്ലാം സീറ്റുകള്‍ക്ക് വേണ്ടി ആവശ്യക്കാര്‍ ക്യൂവിലാണ്. സീറ്റുകള്‍ക്ക് വേണ്ടി ഇപ്പോഴും സംസ്ഥാനത്തെ പല കോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നുവെന്ന് കണ്ണൂര്‍ യൂനിവേഴ്സിറ്റി മഞ്ചേശ്വരം കാമ്പസ് ഡയറക്ടറും വകുപ്പ് മേധാവിയുമായ ഡോ. ഷീന ഷുക്കൂര്‍ പറഞ്ഞു.
130 പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യത്തിനായി കിഫ്ബി 14.5 കോടി രൂപ അനുവദിച്ചു. അതിന്റെ നിർമാണം ഉടന്‍ ആരംഭിക്കും. നാല് കോടി 90 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും പുതിയ ക്ലാസ് റൂമുകള്‍ക്കും ലൈബ്രറിക്കും വേണ്ടി അനുവദിച്ചിട്ടുണ്ട്.
20 സീറ്റുകളോടെയായിരുന്നു എൽഎല്‍.എം കോഴ്സ് തുടങ്ങിയത്. എൽ എല്‍.എം രണ്ടു ബാച്ചുകളും മൂന്ന് വര്‍ഷം ഡിഗ്രി എല്‍.എല്‍.ബിയുടെ രണ്ട് ബാച്ചുകളുമാണ് ഇപ്പോള്‍ മഞ്ചേശ്വരം ലോ കോളേജില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജില്ലയുടെ വിദ്യാഭ്യാസ മേഖലയുടെ പുതു പ്രതീക്ഷയാണ് ഈ കലാലയം.