സ്വന്തം വീട്ടിൽ രഹസ്യമായി സ്കൂൾ തുടങ്ങി സക്കർബർഗ്; നിയമവിരുദ്ധമെന്ന് അയൽക്കാർ, ഒടുവിൽ സ്കൂളിന് താഴിട്ടു
text_fieldsമാർക്ക് സക്കർബർഗ്
അയൽക്കാരുടെ പരാതിയെ തുടർന്ന് 30 വിദ്യാർഥികൾക്കായി മെറ്റ ഗ്രൂപ്പ് ചെയർമാൻ മാർക്ക് സക്കർബർഗ് സ്വന്തം വീട്ടിൽ തുടങ്ങിയ സ്കൂൾ അടച്ചുപൂട്ടി. 30-40നുമിടെ വിദ്യാർഥികളായിരുന്നു സക്കർബർഗിന്റെ സ്കൂളിൽ പഠിച്ചിരുന്നത്. വർഷങ്ങളായി ഈ സ്കൂളിന് ലൈസൻസില്ലെന്ന് അയൽക്കാർ പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒടുവിൽ തന്റെ ആഡംബര പാലോ ആൾട്ടോ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന തന്റെ സ്വകാര്യ സ്കൂൾ സക്കർബർഗിന് പൂട്ടേണ്ടിവന്നു.
സിലിക്കൺ വാലിയിലെ ഏറ്റവും പ്രബലനായ വ്യക്തിക്കുപോലും നിയമം മറികടക്കാൻ സാധിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ബിക്കൻ ബെൻ സ്കൂൾ എന്നായിരുന്നു സക്കർബർഗിന്റെ സ്കൂളിന്റെ പേര്. മോണ്ടിസോറി ശൈലിയിലുള്ള വിദ്യാഭ്യാസ രീതിയായിരുന്നു അവിടെ.
പാലോ ആൾട്ടോയിലെ എക്‌സ്‌ക്ലൂസീവ് ക്രസന്റ് പാർക്ക് ഏരിയയിലുള്ള സക്കർബർഗിന്റെ വീട്ടിലേക്ക് നിരവധി കാറുകൾ എത്തുന്നതാണ് ആദ്യം അയൽക്കാരുടെ ശ്രദ്ധയിൽ പെട്ടത്. അനുമതിയില്ലായെ മെറ്റ ഗ്രൂപ്പ് ചെയർമാൻ അവിടെ സ്കൂൾ തുടങ്ങിയിരിക്കുകയാണെന്ന് അവർക്ക് വൈകാതെ മനസിലായി. 2022 ആയപ്പോഴേക്കും പ്രതിഷേധം ശക്തമായി. തുടർന്ന് അവർ സക്കർബർഗിനെതിരെ പരാതി നൽകി. പല ഒത്തുതീർപ്പുശ്രമങ്ങളും പരാജയപ്പെട്ടു. സ്കൂൾ അടച്ചുപൂട്ടണമെന്ന നിലപാടിൽ അയൽക്കാർ ഉറച്ചുനിന്നു. അതിന് എതിരായ വിധി സമ്പാദിക്കുന്നതിൽ സക്കർബർഗിന്റെ നിയമസംഘം പാടുപെട്ടു.
ഒടുവിൽ 2025ന്റെ തുടക്കത്തിൽ സക്കർബർഗ് ഒന്നുകിൽ ബിക്കൻ ബെൻ സ്കൂൾ അടച്ചുപൂട്ടുകയോ അല്ലെങ്കിൽ നിയമനടപടി നേരിടുകയോ ചെയ്യണമെന്ന് അധികൃതർ ഉത്തരവിട്ടു. ജൂൺ 30 സമയപരിധിയും നിശ്ചയിച്ചു. തുടർന്ന് 2025 ആഗസ്റ്റിൽ സ്കൂൾ അടച്ചുപൂട്ടി. താൽകാലികമായുള്ള അടച്ചുപൂട്ടലാണിതെന്നും വൈകാതെ ഇതേ സ്കൂൾ മറ്റൊരു സ്ഥലത്ത് സ്കൂൾ പുനഃസ്ഥാപിക്കുമെന്നുമാണ് മെറ്റ ഗ്രൂപ്പിന്റെ വക്താവ് ബ്രയാൻ ബേക്കർ പറയുന്നത്.


