സർക്കാർ/സ്വാശ്രയ കോളജുകളിൽ എം.സി.എ പ്രവേശനം
text_fieldsസംസ്ഥാന സർക്കാർ / സ്വാശ്രയ കോളജുകളിൽ 2025 -26 വർഷത്തെ റെഗുലർ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) പ്രോഗ്രാം പ്രവേശനത്തിന് മേയ് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ www.Ibscentre.kerala.gov.in ൽ.
പ്രവേശനയോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ (സംവരണവിഭാഗത്തിന് 45 ശതമാനം മതി) കുറയാത്ത ബിരുദം. മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ് ടു തലത്തിലോ ബിരുദതലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/കമ്പ്യൂട്ടർ പഠിക്കാത്തവർ വാഴ്സിറ്റി/കോളജ് തലത്തിൽ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടേണ്ടിവരും. അവസാന വർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിന് 1300 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് 650 രൂപ മതി. വെബ്സൈറ്റ് വഴി ഓൺലൈനായോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്തെടുത്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെയൊ മേയ് 20 നകം അടക്കാം.
അപേക്ഷ: വെബ്സൈറ്റിൽ ‘അഡ്മിഷൻ ടു എം.സി.എ ഡിഗ്രി കോഴ്സ് 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഫീസ് അടച്ച വിവരങ്ങൾ രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
പ്രവേശന പരീക്ഷ: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്, ലോജിക്കൽ എബിലിറ്റി, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയിൽ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 120 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് ഓരോ മാർക്ക്. ഉത്തരം തെറ്റിയാൽ മാർക്ക് കുറയില്ല. പരമാവധി 120 മാർക്കിനാണ് പരീക്ഷ. രണ്ടു മണിക്കൂർ സമയം നൽകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളാണ്. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. പരീക്ഷാ ഘടനയും സിലബസും പ്രോസ്പെക്ടസിലുണ്ട്. പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
പ്രവേശനം: സംസ്ഥാനാടിസ്ഥാനത്തിൽ ഏകജാലകം വഴി എൽ.ബി.എസ് സെന്റർ തന്നെയാണ് സീറ്റ് അലോട്ട്മെന്റടക്കം പ്രവേശന നടപടികൾ സ്വീകരിക്കുന്നത്. രണ്ടു മുഖ്യ അലോട്ട്മെന്റും ഒഴിവുള്ള സീറ്റുകളിലേക്ക് സപോട്ട്/സ്പെഷൽ അലോട്ട്മെന്റുമുണ്ടാകും.
കേന്ദ്രീകൃത അലോട്ട്മെന്റിൽ പങ്കെടുക്കുന്ന കോളജുകളും സീറ്റുകളും പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. സർക്കാർ മേഖലയിൽ കോളജ് ഓഫ് എൻജിനീയറിങ് ശ്രീകാര്യം (തിരുവനന്തപുരം), ഗവൺമെന്റ് എൻജിനീയറിങ് കോളജ്, തൃശൂർ, രാജീവ്ഗാന്ധി ഇൻസ്‍റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം എന്നിവയും എയിഡഡ് മേഖലയിൽ കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം മാർത്തോമ ആഗ്നേഷ്യസ് കോളജ് എന്നിവയും ഉൾപ്പെടും.
സർക്കാർ കോസ്റ്റ് ഷെയിനിങ് വിഭാഗത്തിൽ വടകര, ചേർത്തല, പൂഞ്ഞാർ, ചെങ്ങന്നൂർ, തലശ്ശേരി എന്നിവിടങ്ങളിലെ എൻജിനീയറിങ് കോളജുകളാണുള്ളത്. പൂഞ്ഞാറിൽ 30 സീറ്റും മറ്റ് കോളജുകളിൽ 60 സീറ്റു വീതവുമുണ്ട്. ഇതിന് പുറമേ 45 സ്വാശ്രയ കോളജുകളിൽ 50 ശതമാനം സർക്കാർ മെറിറ്റ് സീറ്റുകളും ലഭ്യമാണ്.