എം.സി.സി-നീറ്റ് യു.ജി രണ്ടാംഘട്ട അലോട്ട്മെന്റ് നാളെ
text_fieldsഎം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേതടക്കമുള്ള രണ്ടാംഘട്ട എം.സി.സി-നീറ്റ് യു.ജി സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ 17ന് പ്രഖ്യാപിക്കും. 15ന് രാവിലെ 8 മണിവരെ നടത്തിയ ചോയിസ് ഫില്ലിങ് പരിഗണിച്ചാണ് സീറ്റ് അലോട്ട്മെന്റ്. 18 മുതൽ 25 വരെ അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സിൽ നടപടിക്രമം പാലിച്ച് റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടേണ്ടതാണ്. പരിഷ്കരിച്ച കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ www.mcc.nic.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ ഷെഡ്യൂൾ പ്രകാരം മൂന്നാംഘട്ട രജിസ്ട്രേഷൻ, ഫീസ് പേയ്മെന്റ്, ചോയിസ് ഫില്ലിങ് നടപടികൾ സെപ്റ്റംബർ 29നും ഒക്ടോബർ അഞ്ചിനും മധ്യേ പൂർത്തിയാക്കാവുന്നതാണ്. ഒക്ടോബർ എട്ടിന് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടുന്നതിന് 9-17 വരെ സൗകര്യം ലഭിക്കും.
ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ടിൽ (ഒഴിവുള്ള സീറ്റുകളിലേക്ക്) പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ് നടപടികൾ ഒക്ടോബർ 22ന് തുടങ്ങി 26ന് അവസാനിക്കും. 29ന് അലോട്ട്മെന്റ്. 30നും നവംബർ 5നും മധ്യേ നടപടികൾ പാലിച്ച് റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.സംസ്ഥാനതലത്തിലും മാറ്റം: മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്സുകളിലേക്കുള്ള സംസ്ഥാനതല അലോട്ട്മെന്റ് ഷെഡ്യൂളുകളിലും എം.സി.സി ഇനി പറയും പ്രകാരമുള്ള മാറ്റം നിർദേശിച്ചിട്ടുണ്ട്. രണ്ടാംഘട്ട കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ സെപ്റ്റംബർ 15ന് തുടങ്ങി 25ന് അവസാനിപ്പിക്കണം. റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടുന്നതിന് 30 വരെ സൗകര്യം നൽകാനാണ് നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ രണ്ടാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂളുകൾ പുതുക്കി ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.inൽ താമസിയാതെ പ്രസിദ്ധീകരിക്കും.