Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ബി.ബി.എസ് മുസ്‍ലിം...

എം.ബി.ബി.എസ് മുസ്‍ലിം സീറ്റ് ‘വെട്ടി’ ന്യൂനപക്ഷ സ്വാശ്രയ കോളജുകൾ

text_fields
bookmark_border
എം.ബി.ബി.എസ് മുസ്‍ലിം സീറ്റ് ‘വെട്ടി’ ന്യൂനപക്ഷ സ്വാശ്രയ കോളജുകൾ
cancel

തിരുവനന്തപുരം: ന്യൂനപക്ഷ പദവി നേടിയ ശേഷം ന്യൂനപക്ഷ വിദ്യാർഥികൾക്ക് നേരെ വാതിൽ കൊട്ടിയടച്ച് സംസ്ഥാനത്തെ ഒരു വിഭാഗം സ്വാശ്രയ മെഡിക്കൽ കോളജുകൾ. സ്വാശ്രയ മെഡിക്കൽ (എം.ബി.ബി.എസ്) പ്രവേശനത്തിന് ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് 50 ശതമാനം വരെ സീറ്റുകൾ നീക്കിവെക്കാമെന്നിരിക്കെ ഈ കോളജുകൾ ഭൂരിഭാഗം സീറ്റുകളും ജനറൽ മെറിറ്റിലേക്ക് മാറ്റിയാണ് ന്യൂനപക്ഷ വിരുദ്ധ സമീപനം പുലർത്തുന്നത്.

കാത്തലിക് മാനേജ്മെന്‍റിന് കീഴിലുള്ള കോളജുകൾ 50 ശതമാനം സീറ്റുകൾ കൃത്യമായി ക്രിസ്ത്യൻ സമുദായത്തിലെ വിദ്യാർഥികളുടെ മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തിനായി നീക്കിവെക്കുമ്പോൾ മുസ്‍ലിം സമുദായത്തിന്‍റെ പേരിൽ സ്ഥാപനങ്ങൾ നടത്തുന്നവരാണ് മുസ്‍ലിം വിദ്യാർഥികളെ അവഗണിക്കുന്നത്.

കോഴിക്കോട് കെ.എം.സി.ടി, പെരിന്തൽമണ്ണ എം.ഇ.എസ്, പാലക്കാട് കരുണ, കൊല്ലം അസീസിയ, കൊല്ലം ട്രാവൻകൂർ, തൊടുപുഴ അൽ അസ്ഹർ എന്നിവയാണ് ന്യൂനപക്ഷ പദവിയുള്ള മുസ്‍ലിം സ്വാശ്രയ മെഡിക്കൽ കോളജുകൾ. ഇതിൽ പെരിന്തൽമണ്ണ എം.ഇ.എസ്, അസീസിയ, ട്രാവൻകൂർ മെഡിക്കൽ കോളജുകൾ 50 ശതമാനം സീറ്റുകൾ മുസ്‍ലിം സമുദായത്തിലെ വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാനായി നീക്കിവെക്കുന്നുണ്ട്.

എന്നാൽ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജിൽ 250 സീറ്റുണ്ടെങ്കിലും കഴിഞ്ഞ വർഷം 85 സീറ്റാണ് മുസ്‍ലിം വിദ്യാർഥികളുടെ പ്രവേശനത്തിനായി നീക്കിവെച്ചത്. തൊടുപുഴ അൽഅസ്ഹർ മെഡിക്കൽ കോളജിൽ 150 സീറ്റുള്ളതിൽ 45 സീറ്റ് മാത്രമാണ് മുസ്‍ലിം വിദ്യാർഥികൾക്കായി നൽകുന്നത്. പാലക്കാട് കരുണ മെഡിക്കൽ കോളജിൽ 100 സീറ്റുള്ളതിൽ 45 സീറ്റാണ് മുസ്‍ലിം വിദ്യാർഥികൾക്കായി നൽകിയത്. ഓരോ വർഷവും സീറ്റുകൾ ഏത് വിധത്തിലാണ് നികത്തേണ്ടതെന്ന് കോളജ് മാനേജ്മെന്‍റ് സർക്കാറിനെ അറിയിക്കണം.

50 ശതമാനം വരെ സീറ്റുകൾ ന്യൂനപക്ഷ കോളജുകൾക്ക് സ്വന്തം സമുദായത്തിലെ വിദ്യാർഥികൾക്കായി നീക്കിവെക്കാം. ഇത് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുകയും പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെന്‍റ് നടത്തുന്നതുമാണ് രീതി. ഇതു പാലിച്ചാണ് കാത്തലിക് മാനേജ്മെന്‍റിന് കീഴിലുള്ള കോളജുകൾ സീറ്റ് മെട്രിക്സ് സർക്കാറിനെ അറിയിക്കുന്നത്.

എന്നാൽ മുസ്‍ലിം സമുദായത്തിന്‍റെ പേരിൽ ന്യൂനപക്ഷ പദവി നേടിയ ചില കോളജുകൾ അനുവദിക്കാവുന്ന സീറ്റുകളിൽ നല്ലൊരു ശതമാനം സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റിവെക്കുകയും ചുരുക്കം സീറ്റുകൾ ന്യൂനപക്ഷ വിദ്യാർഥികൾക്കായി നീക്കിവെക്കുകയും ചെയ്യുന്നതാണ് പ്രവണത.

ഇതുവഴി മുസ്‍ലിം സമുദായത്തിലെ അർഹതയുള്ള ഒട്ടേറെ വിദ്യാർഥികൾക്ക് പ്രവേശനത്തിനുള്ള അർഹതയാണ് നഷ്ടപ്പെടുന്നത്. ന്യൂനപക്ഷ വിദ്യാർഥികളുടെ പ്രവേശനത്തിൽ കൃത്രിമം വരുത്തുന്ന സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി എടുത്തുകളയാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ന്യൂനപക്ഷ സീറ്റ് സർക്കാർ ഉറപ്പുവരുത്തണം -മെക്ക

തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിൽ അർഹരായ മുസ്‌ലിം ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്വാശ്രയ മെഡിക്കൽ സീറ്റുകളിൽ അമ്പത് ശതമാനം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താൻ കോളജ് മാനേജ്മെന്‍റ്, പ്രവേശന പരീക്ഷ കമീഷണർ, ആരോഗ്യവകുപ്പ് എന്നിവർ തയാറാവണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി.

ന്യൂനപക്ഷ വിദ്യാർഥികളുടെ സീറ്റ് ഇതര വിഭാഗങ്ങൾക്ക് വീതം വച്ച് നൽകാവാൻ യാതൊരു കാരണവശാലും ഇടവരുത്തരുത്. കഴിഞ്ഞ വർഷത്തെപ്പോലെ മുസ്‌ലിം വിദ്യാർഥികൾക്ക് അർഹതപ്പെട്ട സീറ്റ് അനർഹർക്കു നൽകാൻ പ്രവേശന നടപടികളിൽ കൃത്രിമം കാണിക്കരുത്.

അപ്രകാരം സംഭവിച്ചാൽ ന്യൂനപക്ഷ പദവി നഷ്ടപ്പെടുത്തുമെന്ന മുന്നറിയിപ്പും താക്കീതും നൽകാൻ ബന്ധപ്പെട്ട അധികാരികൾ തയാറാവണമെന്നും മെക്ക ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

Show Full Article
TAGS:MBBS self financing minority colleges 
News Summary - Minority self-financing colleges cut MBBS Muslim seats
Next Story