നീറ്റ്-യു.ജി: മുൻനിര റാങ്കിൽ കേരള വിദ്യാർഥികൾ പിറകോട്ട്
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്-യു.ജി പരീക്ഷയിലെ മുൻനിര റാങ്ക് നേട്ടത്തിൽ പിറകോട്ടുപോയി കേരളത്തിലെ വിദ്യാർഥികൾ. നീറ്റ് പട്ടിക അടിസ്ഥാനമാക്കിയുള്ള കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചതോടെയാണ് കഴിഞ്ഞ വർഷത്തെ പ്രകടനം നിലനിർത്താൻ കേരളത്തിലെ വിദ്യാർഥികൾക്ക് കഴിയാതെ പോയതിന്റെ സ്ഥിതിവിവരം പുറത്തുവന്നത്. മുൻനിര റാങ്കുകളിൽ പിറകിൽ പോയതിനാൽ അഖിലേന്ത്യ ക്വോട്ട (നീറ്റ് കൗൺസലിങ്) പ്രവേശനത്തിലൂടെ കൂടുതൽ പേർക്ക് മെഡിക്കൽ പ്രവേശനം നേടാനുള്ള സാധ്യതയാണ് കുറയുന്നത്.
കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷ ചോദ്യച്ചോർച്ചയും തുടർന്ന് റാങ്ക് പട്ടിക സുപ്രീംകോടതിയിലെത്തിയതും പ്രതിസന്ധി സൃഷ്ടിക്കുകയും വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ ചോദ്യങ്ങളുടെ കടുപ്പം കൂടിയതോടെ മാർക്ക് നില താഴ്ന്നു. മുഴുവൻ മാർക്കും നേടിയ ഒരു വിദ്യാർഥി പോലും ഇത്തവണയില്ല. അതേസമയം, കഴിഞ്ഞ വർഷം അഞ്ച് പേർ ആദ്യ നൂറ് റാങ്കിൽ കേരളത്തിൽ നിന്നുണ്ടായിരുന്നെങ്കിൽ ഇത്തവണ ആരുമില്ല.
ആദ്യ 500ൽ കഴിഞ്ഞ തവണ 31 പേരുണ്ടായിരുന്നത് 11 ആയി കുറഞ്ഞു. ആദ്യ ആയിരം റാങ്കിൽ കഴിഞ്ഞ വർഷം 66 പേരുണ്ടായിരുന്നത് 36 ആയും 2000 റാങ്കിൽ 177 പേരുണ്ടായിരുന്നത് 120 ആയും 5000 റാങ്കിൽ 417 പേരുണ്ടായിരുന്നത് 383 ആയും പതിനായിരം റാങ്കിൽ 995 പേരുണ്ടായിരുന്നത് 850 ആയും കുറഞ്ഞു. എന്നാൽ 2023ലെ നീറ്റ് ഫലത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഈ വർഷം കേരളത്തിലെ വിദ്യാർഥികൾ നടത്തിയത്. എന്നാൽ പരീക്ഷ ചോദ്യങ്ങൾ കടുപ്പമേറിയതിനാൽ നീറ്റ് സ്കോർ നിലയിൽ ഏറെ പിറകിലാണ് ഇത്തവണ വിദ്യാർഥികൾ.
കഴിഞ്ഞ വർഷം കേരള റാങ്ക് പട്ടികയിലെ ആദ്യ 500ാം റാങ്കിൽ എത്തിയ വിദ്യാർഥിയുടെ നീറ്റ് സ്കോർ 685 ആയിരുന്നെങ്കിൽ ഇത്തവണ 567 ആണ്. ആദ്യ ആയിരം റാങ്കിലെത്തിയ വിദ്യാർഥിയുടെ നീറ്റ് സ്കോർ കഴിഞ്ഞ വർഷം 675 ആയിരുന്നെങ്കിൽ ഇത്തവണ 551 ആണ്. പതിനായിരം റാങ്കിലെത്തിയ വിദ്യാർഥിയുടെ സ്കോർ കഴിഞ്ഞ വർഷം 573 ആയിരുന്നെങ്കിൽ ഈ വർഷം 457 ആണ്.