എം.സി.സി നീറ്റ് യു.ജി രണ്ടാംഘട്ട അലോട്ട്മെന്റിൽ മാറ്റമില്ല; പ്രവേശനം 25നകം
text_fieldsപ്രതീകാത്മക ചിത്രം
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേതടക്കം, മെഡിക്കൽ കൗൺസലിങ് കമ്മിറ്റി സെപ്റ്റംബർ 18ന് രാവിലെ 11.40ന് പ്രഖ്യാപിച്ച അലോട്ട്മെന്റിൽ മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ എം.സി.സി -നീറ്റ് യു.ജി രണ്ടാംഘട്ട പ്രവേശന നടപടികളിലെ അനിശ്ചിതത്വത്തിന് വിരാമമായി. അലോട്ട്മെന്റ് ലെറ്റർ www.mcc.nic.in ൽനിന്ന് ഡൗൺലോഡ് ചെയ്ത് ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ 25നകം നടപടിക്രമം പാലിച്ച് അലോട്ട്മെന്റ് ലഭിച്ച കോഴ്സുകളിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
ഒന്നാംഘട്ടം അല്ലെങ്കിൽ രണ്ടാംഘട്ടത്തിൽ ലഭിച്ച സീറ്റുകൾ വിവിധ കാരണങ്ങളാൽ വേണ്ടെന്ന് അറിയിച്ചിട്ടുള്ളവർക്ക് 24ന് വൈകീട്ട് നാലിനുമുമ്പ് അത് ഉപേക്ഷിക്കാൻ അനുമതി നൽകിയിട്ടുണ്ട്.ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റ് രണ്ടാംഘട്ടത്തിൽ അപ്ഗ്രേഡ് ചെയ്തിട്ടില്ലാത്തവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ സീറ്റ് ഉപേക്ഷിച്ചാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടമാവില്ല. അതേസമയം രണ്ടാംഘട്ടത്തിൽ പുതുതായി അലോട്ട് ചെയ്ത് കിട്ടിയ സീറ്റ് നിശ്ചിത സമയപരിധിക്കുള്ളിൽ ഉപേക്ഷിച്ചാൽപോലും സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും.
ഇനി രണ്ടാം ഘട്ടത്തിൽ അപ്ഗ്രേഡ് ചെയ്ത് കിട്ടിയ സീറ്റിൽ പ്രവേശനം നേടിക്കഴിഞ്ഞ് വേണ്ടെന്നുവെച്ചാലും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കില്ല. ലഭിച്ച സീറ്റ് ഉപേക്ഷിക്കുന്നതിനും അലോട്ട്മെന്റ് ലഭിച്ച കോളജിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം. ഇതുസംബന്ധിച്ച അറിയിപ്പും നടപടിക്രമങ്ങളും എം.സി.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്.
നിലവിലെ ഷെഡ്യൂൾപ്രകാരം മൂന്നാംഘട്ട രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ് നടപടികൾ സെപ്റ്റംബർ 29ന് തുടങ്ങി ഒക്ടോബർ അഞ്ചിന് അവസാനിക്കും. എട്ടിന് അലോട്ട്മെന്റുണ്ടാവും. ഒമ്പതുമുതൽ 17വരെ റിപ്പോർട്ട്ചെയ്ത് പ്രവേശനം നേടാം.
ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി റൗണ്ട് രജിസ്ട്രേഷൻ, ഫീസ് പേയ്മെന്റ്, ചോയ്സ് ഫില്ലിങ് നടപടികൾ ഒക്ടോബർ 22നും 26നും മധ്യേ സമയബന്ധിതമായി പൂർത്തിയാക്കാം. 29ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധപ്പെടുത്തും. 30 മുതൽ ഒക്ടോബർ അഞ്ചുവരെ റിപ്പോർട്ട്ചെയ്ത് പ്രവേശനം നേടാവുന്നതാണ്. അലോട്ട്മെന്റ് സംബന്ധിച്ച അപ്ഡേറ്റുകൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം.