ആർ.സി.സിയിൽ ഓങ്കോളജി നഴ്സിങ് പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സ്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്റർ (ആർ.സി.സി) 2025-26 അധ്യയനവർഷം നടത്തുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സ് പ്രവേശനത്തിന് ഓൺലൈനിൽ സെപ്റ്റംബർ 15 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. 12 മാസമാണ് കോഴ്സ് കാലാവധി. കോഴ്സ് ഫീസ് 25,000 രൂപ. കോഷൻ ഡെപ്പോസിറ്റ് 1000 രൂപ. ആകെ 20 സീറ്റുകളാണുള്ളത്. (ജനറൽ മെറിറ്റ് 11, എസ്.ഇ.ബി.സി 2, എസ്.സി/എസ്.ടി 2, സർവിസ് ക്വോട്ട (ആർ.സി.സി ജീവനക്കാർക്ക് 2/മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ അപേക്ഷകർക്ക് 2, ഭിന്നശേഷിക്കാർക്ക് 1). കോഴ്സ് കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
വനിതകൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ട്. വാർഷിക ബോർഡിങ് ചാർജ് 12,000 രൂപയാണ്. പ്രവേശന യോഗ്യത: ബി.എസ്സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ് ടു/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. കേരള നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷനുണ്ടായിരിക്കണം.
പ്രായപരിധി 35 വയസ്സ്. എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചു വർഷത്തെയും സർവിസ് ക്വോട്ട അപേക്ഷകർക്ക് 10 വർഷത്തെയും ഇളവുണ്ട്. യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടങ്ങിയ പ്രവേശന വിജ്ഞാപനം www.rcctvm.gov.inൽ ലഭിക്കും. അപേക്ഷ ഫീസ് 500 രൂപ. എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് 250 രൂപ മതി. ഡയറക്ടർ, ആർ.സി.സി തിരുവനന്തപുരത്തിന് എസ്.ബി.ഐ മെഡിക്കൽ കോളജ് ശാഖയിൽ മാറ്റാവുന്ന ഡി.ഡിയായി ഫീസ് നൽകാം.
അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ട് ഒപ്പോടുകൂടി ബന്ധപ്പെട്ട രേഖകൾ സഹിതം രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റിൽ സെപ്റ്റംബർ 20 വൈകീട്ട് അഞ്ചു മണിക്ക് മുമ്പ് The Director, Regional Cancer Centre. Medical college campus, Thiruvananthapuram-695011 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘Application for PBDON 2025’ എന്ന് എഴുതിയിരിക്കണം.