ഓൺലൈൻ മോഡ് കോഴ്സ്: നിർദേശം സമർപ്പിക്കാൻ യു.ജി.സി ലിങ്കിന് കാലിക്കറ്റിന്റെ കാത്തിരിപ്പ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷനു കീഴിൽ ബിരുദ-ബിരുദാനന്തര ബിരുദ ഓൺലൈൻ കോഴ്സുകൾ തുടങ്ങുന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാൻ യു.ജി.സി ലിങ്കിനായി കാത്തിരിപ്പ്.
ഓൺലൈൻ കോഴ്സുകൾ ജനുവരി സെഷനിൽ ആരംഭിക്കുന്നതിനായി പ്രൊപ്പോസൽ സമർപ്പിക്കാൻ യു.ജി.സി ലിങ്ക് ലഭ്യമാകേണ്ടതുണ്ട്. ജൂലൈ സെഷനിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ ഒക്ടോബർ 15 വരെ സമയം നൽകിയിരുന്നു. ഇനി ജനുവരി സെഷനിലേക്കുള്ള ലിങ്കാണ് ലഭ്യമാകേണ്ടത്. നാക് എ പ്ലസ് ഗ്രേഡുള്ള സർവകലാശാലകൾക്ക് യു.ജി.സിയുടെ മുൻകൂർ അനുമതിയില്ലാതെതന്നെ ഓൺലൈൻ കോഴ്സുകൾ നടത്താമെന്ന മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കാലിക്കറ്റിൽ കോഴ്സ് നടത്തിപ്പിന് നടപടികൾ തുടങ്ങിയിരുന്നു.
എന്നാൽ, യു.ജി.സിയിൽ പ്രൊപ്പോസൽ സമർപ്പിക്കാൻ കഴിയാതിരുന്നതോടെ ഡയറക്ടർ ഡൽഹിയിൽ പോയി അധികൃതരെ കണ്ടതോടെയാണ് നിയമാവലിയിൽ മാറ്റംവന്ന വിവരം അറിഞ്ഞത്. ഇതേ തുടർന്ന് എല്ലാ തയാറെടുപ്പും നടത്തി യു.ജി.സി അനുമതി വാങ്ങി ജനുവരി സെഷനിൽ കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബി.കോം, ബി.എ സോഷ്യോളജി, ബി.എ ഹിസ്‌റ്ററി (ബിരുദം) എം.കോം, എം.എ അറബിക്, എം.എ സോഷ്യോളജി, എം.എ ഹിസ്റ്ററി, എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ ഇക്കണോമിക്സ് (പി.ജി) കോഴ്സുകളാണ് നിലവിൽ പരിഗണനയിലുള്ളത്. പഠനം മുഴുവൻ ഓൺലൈനിലും പരീക്ഷ എഴുത്ത് പരീക്ഷാകേന്ദ്രങ്ങളിൽ എത്തിയുമുള്ള രീതിയിലും പഠനവും പരീക്ഷയും ഓൺലൈനിലും നടത്താവുന്ന തരത്തിലും രണ്ടു തരം ഓൺലൈൻ കോഴ്സുകൾ നടത്താം.
പരീക്ഷ ഓൺലൈനിൽ അല്ലാത്ത രീതിയിൽ താരതമ്യേന ഫീസ് കുറയും. ഇന്റേണൽ, എക്സ‌്‌റ്റേണൽ പരീക്ഷകൾ അടക്കം എല്ലാ നടപടികളും പഠിതാക്കൾക്ക് ഓൺലൈനിൽ പൂർത്തിയാക്കാനാകും.


