നാലുവർഷ ബിരുദത്തിൽ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം-ഡോ.ആർ. ബിന്ദു
text_fieldsതിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് മേജർ വിഷയം മാറ്റാനും, കോളജ് മാറ്റത്തിനും അന്തർ സർവകലാശാല മാറ്റത്തിനും ആവശ്യമായ മാർഗനിർദേശങ്ങൾ അംഗീകരിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു കേരള സർവകലാശാല സിൻഡിക്കേറ്റ് ആസ്ഥാനത്ത് വർത്താസമ്മേളനത്തിൽ അറിയിച്ചു.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, കുസാറ്റ്, ശ്രീശങ്കര സംസ്‌കൃത സർവകലാശാല, ശ്രീനാരായണ ഓപ്പൺ സർവകലാശാല പ്രതിനിധികളുമായി ചേർന്ന യോഗത്തിലാണ് മാർഗനിർദേശങ്ങൾ അംഗീകരിച്ചത്. സർവകലാശാലകൾ വിശദമായ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കും.
മേജർ മാറ്റത്തിനായി അടുത്ത അക്കാദമിക് വർഷത്തിന്റെ ആദ്യ പ്രവൃത്തി ദിനം ഓരോ വിഷയങ്ങളിലുമുള്ള ഒഴിവുകൾ കോളേജുകൾ പ്രസിദ്ധീകരിക്കും. ആവശ്യമെങ്കിൽ പത്തു ശതമാനം അധികം സീറ്റ് ഇതിനായി അനുവദിക്കും. മൈനറായോ മൾട്ടി ഡിസിപ്ലിനറി കോഴ്‌സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണ് മേജർ മാറ്റാൻ സാധിക്കുക. ആദ്യ രണ്ട് സെമസ്റ്ററുകളിൽ മേജർ മാറ്റം ആഗ്രഹിക്കുന്ന വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ മാർക്ക് അടിസ്ഥാനപ്പെടുത്തി കോളേജുകളിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഒരു വിദ്യാർത്ഥി മാറിപ്പോകുന്ന സീറ്റിലേക്കും പ്രവേശനം നടത്താം. ആദ്യത്തെ അഞ്ചു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കും.
കോളജ് തലത്തിൽ മേജർ വിഷയ മാറ്റങ്ങൾക്കു ശേഷം ഒഴിവുവരുന്ന സീറ്റുകൾ സർവകലാശാലയെ അറിയിച്ച് ഒഴിവുകൾ പ്രസിദ്ധീകരിക്കും. തുടർന്ന് വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കി കോളജുകൾക്ക് നൽകും. കോളജുകളാണ് വിദ്യാർഥികളുടെ പ്രവേശന നടപടി പൂർത്തിയാക്കുക. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ റാഗിംഗ് അടക്കമുള്ള അച്ചടക്ക നടപടികൾ നേരിട്ടിട്ടില്ല എന്ന സാക്ഷ്യപത്രം വിദ്യാർഥി ഹാജരാക്കണം.
ആദ്യ രണ്ട് സെമസ്റ്ററുകളിൽ മുഴുവൻ കോഴ്‌സുകളും വിജയിച്ച വിദ്യാർഥികൾക്ക് അന്തർ സർവകലാശാലാ മാറ്റത്തിന് അപേക്ഷിക്കാൻ സാധിക്കും. കേരളത്തിന് പുറത്തുനിന്നുള്ള സർവകലാശാലാ വിദ്യാർഥികൾക്കും കേരളത്തിലെ സർവകലാശാലകളിൽ മൂന്നാം സെമസ്റ്റർ മുതൽ പഠിക്കാൻ അപേക്ഷിക്കാം. അപേക്ഷകൾ സർവകലാശാല പഠനബോർഡ് പരിശോധിച്ച് വിദ്യാർഥി ആവശ്യമായ ക്രഡിറ്റ് നേടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തി ശുപാർശ ചെയ്യും. പ്രവേശന നടപടികൾ കോളജ് തലത്തിൽ പൂർത്തീകരിക്കും.
കഴിഞ്ഞ വർഷം മുതൽ തന്നെ മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഓരോ സർവകലാശാലകളും നാലുവർഷ ബിരുദം നടപ്പിലാക്കുന്നത്. ക്രഡിറ്റ് മാറ്റവും, വിദ്യാർഥികളുടെ അന്തർ സർവകലാശാലാ മാറ്റവുമടക്കം ഉള്ളതിനാൽ സർവകലാശാലകൾ തമ്മിലുള്ള ധാരണ ആവശ്യമായതിനാൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവകലാശാലകൾക്കും മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടർ ബാധകമാക്കി. ഏറ്റവും വേഗത്തിലും ലളിതമായും പഠനവും പരീക്ഷയും മൂല്യനിർണയവും പരീക്ഷാഫലവും പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ വിധത്തിലാണ് കലണ്ടർ തയാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.