രണ്ടുലക്ഷത്തിലധികം പേർ നീറ്റ് യു.ജി പുനഃപരീക്ഷ എഴുതിയില്ല; പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് വിമർശനം
text_fieldsനീറ്റ് പുനഃപരീക്ഷക്കെത്തിയ വിദ്യാർഥികൾ
ന്യൂഡൽഹി: ആദ്യ നീറ്റ് യു.ജി പരീക്ഷ എഴുതിയവരിൽ രണ്ട് ലക്ഷത്തിലധികം വിദ്യാർഥികൾ പുനഃപരീക്ഷ എഴുതിയില്ല. ആദ്യ പരീക്ഷയിൽ 22,05035 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ചോദ്യപേപ്പർ ചോർന്നതോടെ ജൂൺ 21ന് നടന്ന പുനഃപരീക്ഷയിൽ 20 ലക്ഷം വിദ്യാർഥികൾ മാത്രമേ പങ്കെടുത്തുള്ളൂ എന്നാണ് പ്രാഥമിക റിപ്പോർട്ട്. കൃത്യമായ കണക്ക് ദേശീയ പരീക്ഷ ഏജൻസി പരിശോധിക്കുകയാണ്.
22.79 ലക്ഷം രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ ഏകദേശം 20 ലക്ഷം പേരാണ് പുനഃപരീക്ഷ എഴുതിയത്. ഹാജർനില 87.75 ശതമാനമായി കുറഞ്ഞത് സമീപകാല വർഷങ്ങളിലെ ഏറ്റവും വലിയ ഇടിവാണെന്നാണ് വിലയിരുത്തൽ. ചോദ്യപേപ്പർ ചോർച്ചയുടെ ആഘാതവും പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത നഷ്ടപ്പെട്ടതുമാണ് വിദ്യാർഥികളുടെ പിന്മാറ്റത്തിന് കാരണം എന്നാണ് വിമർശനം.
അതേസമയം, എല്ലാ വർഷവും ചില വിദ്യാർഥികൾ പരീക്ഷക്ക് ഹാജരാകാറില്ലെന്നും, ഇത്തവണയും ഹാജരാകാതിരുന്നതിന്റെ കൃത്യമായ കാരണം വ്യക്തമാക്കാനാകില്ലെന്നും ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) പ്രതികരിച്ചു. പുനഃപരീക്ഷ വിജയകരമായി നടത്തിയെന്നും ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
നീറ്റ് പുനഃപരീക്ഷയുടെ ഫലം ജൂലൈ 20നകം പ്രസിദ്ധീകരിക്കാനാണ് എൻ.ടി.എ ലക്ഷ്യമിടുന്നത്. ഉത്തരസൂചികാ പരാതികൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ ഫലം പ്രസിദ്ധീകരിക്കുക. പുനഃപരീക്ഷ കാരണം എം.ബി.ബി.എസ് പ്രവേശന നടപടികൾ വൈകില്ലെന്നും കൗൺസലിങ് നിശ്ചയിച്ച സമയത്തിന് തന്നെ ആരംഭിക്കുമെന്നും എൻ.ടി.എ അറിയിച്ചു.
അതേസമയം, നീറ്റ് യു.ജി പുനഃപരീക്ഷയിൽ ഫിസിക്സ് ചോദ്യപേപ്പറുകളിൽ രണ്ട് പിഴവുകളാണ് കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരം ഓപ്ഷനായി ഉണ്ടായിരുന്നില്ല. ആ ചോദ്യം റദ്ദാക്കി മൂല്യനിർണയം നടത്താനാണ് എൻ.ടി.എയുടെ തീരുമാനം. വിദ്യാർഥികൾക്ക് നാല് ബോണസ് മാർക്ക് ലഭിക്കും. മറ്റൊരു ചോദ്യത്തിൽ രണ്ട് ശരിയുത്തരങ്ങളുണ്ടെന്നും കണ്ടെത്തി. വിദ്യാർഥികൾ രണ്ട് ഉത്തരങ്ങളിൽ ഏത് രേഖപ്പെടുത്തിയാലും മൂല്യനിർണയത്തിൽ പരിഗണിക്കും.
മേയ് മൂന്നിന് നടത്തിയ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് എൻ.ടി.എ പരീക്ഷ റദ്ദാക്കിയതോടെ ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയായിരുന്നു. വലിയ സുരക്ഷാ ക്രമീകരണങ്ങളോടെ കുറ്റമറ്റ രീതിയിലായിരുന്നു പുനഃപരീക്ഷ നടത്തിയതെന്ന് എൻ.ടി.എയും വിദ്യാഭ്യാസ മന്ത്രാലയവും അവകാശപ്പെട്ടിരുന്നു.


