Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.ഐ.എസ്‍സി ബാംഗ്ലൂരിൽ...

ഐ.ഐ.എസ്‍സി ബാംഗ്ലൂരിൽ പി.ജി, പിഎച്ച്.ഡി പഠിക്കാം

text_fields
bookmark_border
ഐ.ഐ.എസ്‍സി ബാംഗ്ലൂരിൽ പി.ജി, പിഎച്ച്.ഡി പഠിക്കാം
cancel

ശാസ്ത്രസാ​ങ്കേതിക ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്തിയാർജിച്ച ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‍സി) 2025-26 വർഷത്തെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി), പിഎച്ച്.ഡി/ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://iisc.ac.in/admissionsൽ ലഭ്യമാണ്. ചില പ്രോഗ്രാമുകളു​ടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ- മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

എം.ടെക്

(വകുപ്പുകൾ/വിഷയം) -എയ്റോ സ്​പേസ് എൻജിനീയറിങ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സിവിൽ, മെറ്റീരിയൽസ് എൻജിനീയറിങ്, സസ്റ്റൈനബിൾ ടെക്നോളജീസ്, സെമി കണ്ടക്ടർ ടെക്നോളജി, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസസ്, സിഗ്നൽ പ്രോസസിങ് (പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ); ബയോ എൻജിനീയറിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ, ഇലക്​ട്രോണിക് സിസ്റ്റംസ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റംസ്, മെക്കാനിക്കൽ എൻജിനീയറിങ്, മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് വി.എൽ.എസ്.ഐ ഡിസൈൻ, മൊബിലിറ്റി എൻജിനീയറിങ്, ക്വാണ്ടം ടെക്നോളജി, റോബോട്ടിക്സ് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ്, സ്മാർട്ട് മാനുഫാക്ചറിങ്, സ്മാർട്ട് മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക്സ് സിസ്റ്റംസ്’ (പ്രവേശനം 70% ഗേറ്റ് സ്കോർ, 30% ഇന്റർവ്യൂ അടിസ്ഥാനത്തിൽ); ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കെമിക്കൽ എൻജിനീയറിങ് (പ്രവേശനം 70 ശതമാനം ഗേറ്റ് സ്കോർ, 30 ശതമാനം എഴുത്തുപരീക്ഷയുടെ മികവ് അടിസ്ഥാനത്തിൽ); കമ്പ്യൂട്ടേഷനൽ ആൻഡ് ഡാറ്റാ സയൻസസ് (പ്രവേശനം 70% ഗേറ്റ് സ്കോർ, 30% എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ).

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ രണ്ടാം ക്ലാസ് ബി.ഇ/ബി.ടെക്/ബി.ആർക്/തത്തുല്യം അല്ലെങ്കിൽ ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ രണ്ടാം ക്ലാസിൽ കുറയാത്ത മാസ്റ്റേഴ്സ് ബിരുദം. പ്രാബല്യത്തിലുള്ള (2023/2024/2025 വർഷത്തെ) ഗേറ്റ് സ്കോർ നേടിയിരിക്കണം.

ഐ.ഐ.ടികൾ ഐ.ഐ.എസ്‍സി എന്നീ സ്ഥാപനങ്ങളിൽ ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ എം.ടെക് അടക്കമുള്ള പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള പൊതു പ്ലാറ്റ്ഫോമായ കോമൺ ഓഫർ അക്സപ്റ്റൻസ് പോർട്ടൽ (സി.ഒ.എ.പി) വഴിയാണ് അപേക്ഷിക്കേണ്ടത്.

എംഡെസ് (ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്)

യോഗ്യത- രണ്ടാം ക്ലാസിൽ കുറയാതെ ബി.ഇ/ബി.ആർക് + പ്രാബല്യത്തിലുള്ള ഗേറ്റ്/സീഡ് 2025/ഐ.ഐ.എം കാറ്റ്- 2024 സ്കോർ (2025 ആഗസ്റ്റ് ഒന്നുവരെ പ്രാബല്യമുണ്ടായിരിക്കണം). പ്രവേശനം 70 ശതമാനം ഗേറ്റ്/സീഡ്/കാറ്റ് സ്കോർ, 30 ശതമാനം ഇന്റർവ്യൂ അടിസ്ഥാനത്തിൽ).

മാസ്റ്റർ ഓഫ് മാനേജ്മെന്റ്

യോഗ്യത-ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്/തത്തുല്യ ബിരുദം, പ്രാബല്യത്തിലുള്ള ഗേറ്റ്/കാറ്റ് 2024/ജിമാറ്റ് സ്കോർ. ഇതിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തിയാണ് സെലക്ഷൻ.

കേന്ദ്ര ഫണ്ടോടുകൂടിയുള്ള സ്ഥാപനങ്ങളിൽനിന്ന് നാലുവർഷത്തെ ബിരുദം (സി.ജി.പി.എ 8.0ൽ കുറയാതെ വിജയിച്ചിരിക്കണം) നേടിയവർക്ക് ചില വകുപ്പ്/വിഷയങ്ങളിൽ എം.ടെക്/എം.ഇ പ്രോഗ്രാമുകളിൽ പ്രവേശനം നൽകുന്നുണ്ട്. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

എം.എസ്‍സി പ്രോഗ്രാമുകൾ

ലൈഫ് സയൻസസ്: യോഗ്യത-ഫിസിക്കൽ, കെമിക്കൽ, ബയോളജിക്കൽ സയൻസസ് (ബയോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി സയൻസസ്, അ​ഗ്രികൾചർ സയൻസസ് ഉൾപ്പെടെ) വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കിൽ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (പ്രവേശനം ബന്ധപ്പെട്ട വിഷയത്തിൽ ജാം/ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ).

കെമിക്കൽ സയൻസസ്: യോഗ്യത: ഒന്നാം ക്ലാസ് ബി.എസ്‍സി (കെമിസ്ട്രി) പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. (പ്രവേശനം ജാം 2025 കെമിസ്ട്രി യോഗ്യതയുടെ അടിസ്ഥാനത്തിൽ).

ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി

പ്രോഗ്രാമുകൾ: ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസ്. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബി.എസ്‍സി ബിരുദം/ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്. ജാം/ജെസ്റ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

റിസർച്ച് പ്രോഗ്രാമുകൾ

പിഎച്ച്.ഡി (സയൻസ്/എൻജിനീയറിങ്/ഇന്റർ ഡിസിപ്ലിനറി മേഖലകൾ), എം.ടെക് (റിസർച്ച് & പിഎച്ച്.ഡി) (എൻജിനീയറിങ്). യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും പ്രവേശന വിജ്ഞാപനത്തിൽ ലഭിക്കും. റിസർച്ച്/പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷാഫീസ് 800 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 400 രൂപ. ഗവേഷണ സ്ഥാപനങ്ങൾ/വ്യവസായ സംരംഭങ്ങളിൽനിന്നുള്ള പ്രഫഷനലുകൾക്കും എൻജിനീയറിങ്, അഗ്രികൾചർ, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി മെഡിക്കൽ കോളജുകളിലെയും സർവകലാശാലകളിലെയും അധ്യാപകർക്കും മറ്റുമായി ഏർപ്പെടുത്തിയ ഇ.ആർ.പി പിഎച്ച്.ഡി/എം.ടെക് റിസർച്ച് പ്രോഗ്രാമുകളിൽ എക്സ്റ്റേണൽ രജിസ്ട്രേഷൻ നടത്താനും അവസരമുണ്ട്. അതത് സ്ഥാപനങ്ങളിൽ ഫുൾടൈം ജോലി ചെയ്യുന്നവരാകണം.

യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിൽ/വെബ്സൈറ്റിലുണ്ട്. സ്ഥാപനങ്ങൾ ഔദ്യോഗികമായി സ്​പോൺസർ ചെയ്യുന്നപക്ഷം മാർച്ച് 31നകം ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അപേക്ഷയുടെ പ്രിന്റൗട്ട് (രണ്ട് പകർപ്പുകൾ) ഏപ്രിൽ ഏഴിനകം ലഭ്യമാക്കണം.

സമർഥരായ പ്ലസ് ടുക്കാർക്ക് ഐ.ഐ.എസ്‍സിയിൽ ചേരാം.

ശാസ്ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ് ടുക്കാർക്ക് ഐ.ഐ.എസ്‍സി ബാംഗ്ലൂരിൽ ഉപരിപഠനം നടത്താവുന്ന രണ്ട് മികച്ച കോഴ്സുകൾ ചുവടെ: ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ്: നാലുവർഷത്തെ കോഴ്സാണിത്. പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് നിർബന്ധ വിഷയങ്ങളായി പഠിച്ച് 2023/2024/2025 വർഷം ആദ്യ ചാൻസിൽ മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 65 ശതമാനം മാർക്ക് മതി.

പ്ലസ് ടുതലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാവിഷയം, മറ്റേതെങ്കിലും വിഷയം അടക്കം അഞ്ചു വിഷയങ്ങളുടെ മാർക്കാണ് പരിഗണിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉയർന്ന 20 പെർസെ​​​ൈന്റലിനുള്ളിൽ വിജയിച്ചിട്ടുള്ളവർക്കും പ്രവേശനം നേടാം. ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2025 റാങ്കടിസ്ഥാനത്തിലാണ് സെലക്ഷൻ.നാലുവർഷ ബി.എസ് (റിസർച്ച്) പ്രോഗ്രാം: പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യവിഷയങ്ങളടക്കം പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യബോർഡ് പരീക്ഷ 2023/2024/2025 വർഷം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവരാകണം.

എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർ മിനിമം പാസ് മതി.ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2025 സ്കോർ അല്ലെങ്കിൽ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ.എ.ടി) 2025 പരിഗണിച്ച് മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.iisc.ac.in/admissions സന്ദർശിക്കേണ്ടതാണ്. ഓൺലൈനായി മേയ് ഒന്ന് മുതൽ ജൂൺ ആറുവരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കാം. ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് ഏറെ അനുയോജ്യമായ കോഴ്സുകളാണിത്.

Show Full Article
TAGS:IISc Bangalore Education News 
News Summary - PG and Ph.D in IISC Bangalore
Next Story