കാൻസർ ചികിൽസാ രംഗത്ത് മുന്നേറാൻ ന്യൂക്ലിയാർ മെഡിസിനില്‍ പി.ജി; രാജ്യത്ത് ആദ്യം കോഴിക്കോട്ട് മെഡിക്കൽ കോളജിൽ
text_fieldsകോഴിക്കോട്: രോഗനിർണയത്തിലും ചികിത്സയിലും ന്യൂക്ലിയാർ മെഡിസിന്റെ സാധ്യതകൾ കൂടുതലായി പ്രയോജനപ്പെടുത്തൽ ലക്ഷ്യമിട്ട് സർക്കാർ തലത്തിൽ ന്യൂക്ലിയാർ മെഡിസിനിൽ പി.ജി കേഴ്സ് ആരംഭിക്കുന്നു. രാജ്യത്ത് ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളജിലാണ് ഈ ബിരുദാനന്തര ബിരുദ കോഴ്‌സ് തുടങ്ങുന്നത്. രണ്ട് സീറ്റാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. 2018ലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ന്യൂക്ലിയാർ മെഡിസിൻ വിഭാഗം സ്ഥാപിച്ചത്.
കാൻസർ ചികിത്സാരംഗത്തെ സുപ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. കാൻസർ ചികിത്സയിൽ അത്യാധുനിക സംവിധാനങ്ങളൊരുക്കാൻ ഇത് വഴിതെളിയും. ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനം സൂക്ഷ്മതലത്തിൽ അറിയാനും രോഗാവസ്ഥ മനസ്സിലാക്കി രോഗബാധിത കോശങ്ങളെമാത്രം ലക്ഷ്യമാക്കി ചികിത്സ നൽകുന്നതിനും ന്യൂക്ലിയാർ മെഡിസിൻ സാങ്കേതികവിദ്യ വഴി സാധ്യമാകും. മറ്റു വിവിധ ചികിൽസാ വിഭാഗങ്ങൾക്കും ഇത് സഹായകരമാകും.
ന്യൂക്ലിയാർ മെഡിസിനിൽ ഡോക്ടർമാരെപ്പോലെ അനിവാര്യമാണ് ടെക്നീഷ്യന്മാരും. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് അംഗീകാരമുള്ള ബി.എസ്.സി (ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി) കോഴ്‌സ് കഴിഞ്ഞവരായിരിക്കണം ടെക്നിഷ്യൻമാരായി പ്രവർത്തിക്കേണ്ടത്. ഈ കോഴ്സും കോഴിക്കോട് മെഡിക്കൽ കോളജിൽ ഉണ്ട്. 2024ലാണ് ഇതിന്റെ ആദ്യബാച്ച് തുടങ്ങിയത്. ഈ വിഭാഗത്തിൽ ആറ് സീറ്റുകളാണുള്ളത്.


