പ്ലസ് വൺ: വർധിക്കുന്നത് 8970 സീറ്റ്; മലപ്പുറത്ത് 7800
text_fieldsതിരുവനന്തപുരം: 138 താൽക്കാലിക ബാച്ചുകൾ വഴി മലപ്പുറം, കാസർകോട് ജില്ലകളിൽ പഠന സൗകര്യമൊരുങ്ങുന്നത് 8970 വിദ്യാർഥികൾക്ക് കൂടി. 120 ബാച്ചുകൾ അനുവദിക്കുന്നത് വഴി മലപ്പുറം ജില്ലയിൽ അധികമായി ലഭിക്കുന്നത് 7800 സീറ്റുകളായിരിക്കും.
പ്ലസ് വൺ ബാച്ചുകളിലെ സീറ്റ് 50 ആണെങ്കിലും മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ 30 ശതമാനം വർധനയിലൂടെ 65 ആക്കിയിട്ടുണ്ട്. പുതുതായി അനുവദിക്കുന്ന താൽക്കാലിക ബാച്ചുകളിലും 65 വിദ്യാർഥികൾക്ക് വരെ പ്രവേശനം നൽകാനാകും. 59 ഹ്യുമാനിറ്റീസ് ബാച്ചുകളിൽ 3835 പേർക്കും 61 കോമേഴ്സ് ബാച്ചുകളിൽ 3965 പേർക്കും സീറ്റൊരുങ്ങും.
കാസർകോട് ഒരു സയൻസ് ബാച്ചിൽ 65ഉം നാല് ഹ്യുമാനിറ്റീസ് ബാച്ചിൽ 260ഉം 845ഉം കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക. ഗെസ്റ്റ് അധ്യാപകരെ നിയമിച്ചുള്ള താൽക്കാലിക ബാച്ചുകൾ ഒരു വർഷത്തേക്ക് മാത്രമായുള്ള ക്രമീകരണമാണ്.
കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ച 178 താൽക്കാലിക ബാച്ചുകൾ മലബാറിൽ ഈ വർഷവും തുടരുന്നുണ്ട്. പുതിയ താൽക്കാലിക ബാച്ചുകൾ കൂടി വരുന്നതോടെ മലബാറിലെ സ്കൂളുകളിലെ താൽക്കാലിക ബാച്ചുകളുടെ എണ്ണം 316 ആയി ഉയരും.
ഇതിനു പുറമെയാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ശതമാനം വരെ സീറ്റ് വർധിപ്പിച്ച നടപടി. മലപ്പുറത്ത് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ 9880 വിദ്യാർഥികളാണ് സീറ്റില്ലാതെ പുറത്തുനിൽക്കുന്നത്. അതേസമയം, പാലക്കാട് ജില്ലയിൽ 5490ഉം കോഴിക്കോട് 3845 പേർക്കും അലോട്ട്മെന്റ് ലഭിച്ചിട്ടില്ല. ഈ ജില്ലകളിൽ താൽക്കാലിക ബാച്ച് അനുവദിക്കാൻ സർക്കാർ തയാറായിട്ടുമില്ല.