സ്കൂളുകളിൽ പോഡ്കാസ്റ്റ്: പുതിയ പഠനരീതി പരീക്ഷിക്കാനൊരുങ്ങി സി.ബി.എസ്.ഇ
text_fieldsദുബൈ: വിദ്യാർഥികളിലെ സർഗാത്മകവും ആശയവിനിമയപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സി.ബി.എസ്.ഇ സ്കൂളുകളിൽ പോഡ്കാസ്റ്റുകളും ഡിജിറ്റൽ ഉളളടക്കങ്ങളും സമന്വയിപ്പിച്ചിട്ടുള്ള പഠനരീതി വരുന്നു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) പ്രഖ്യാപിച്ച പുതിയ സംരംഭത്തിന്‍റെ ഭാഗമായാണ് നീക്കം.
ഇതിനായി പോഡ്കാസ്റ്റുകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമിക്കാൻ താൽപര്യമുള്ള ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളിൽനിന്ന് സി.ബി.എസ്.ഇ അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികളിൽ 21-ാം നൂറ്റാണ്ടിലെ പഠന കഴിവുകൾ വർധിപ്പിക്കുന്നതിനൊപ്പം അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് ഒരു പൊതുവേദി ഒരുക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വിദ്യാർഥികളെ യഥാർഥ ലോകത്തെ കഴിവുകളുമായി സംയോജിപ്പിക്കുന്ന മികച്ച ചുവടുവെപ്പായാണ് ഈ നീക്കത്തെ യു.എ.ഇയിലെ അധ്യാപകർ നോക്കിക്കാണുന്നത്. അകാദമിക രംഗത്ത് മാത്രമല്ല, ഡിജിറ്റൽ രംഗത്തുള്ള പ്രകടനം, സഹകരണം, സൈബർ ഇടങ്ങളിലെ മാന്യമായ പെരുമാറ്റം എന്നിവയിൽ വിദ്യാർഥികൾ ശക്തമായ അടിത്തറ നേടിയെടുക്കേണ്ടത് പുതിയ ലോകത്ത് അനിവാര്യമാണെന്നാണ് വിലയിരുത്തൽ.
ഡിജിറ്റൽ ഉള്ളടക്ക നിർമാണം പ്രോത്സാഹിപ്പിക്കുന്നത് സർഗാത്മകവും ആശയ വിനിമയപരവുമായ കഴിവുകൾ പര്യവേക്ഷണം ചെയ്യുന്നതിന് വിദ്യാർഥികളെ സഹായിക്കും. ഡിജിറ്റൽ സാക്ഷരത, സർഗാത്മകത, ആത്മവിശ്വാസം, സൈബർ ഇടത്തെ മാന്യമായ പെരുമാറ്റങ്ങൾ പോലുള്ള 21ാം നൂറ്റാണ്ടിലെ കഴിവുകൾ വർധിപ്പിക്കാൻ ഇത്തരം സംരംഭങ്ങൾ പ്രയോജനകരമാവുമെന്നാണ് അധ്യാപകർ പറയുന്നത്.