കണക്കിൽ മിടുക്ക് തെളിയിച്ചാൽ എൻജി. റാങ്ക് പട്ടികയിൽ മുന്നിലെത്താം
text_fieldsതിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ മാത്സിന് ഉയർന്ന മാർക്ക് ലഭിക്കുന്നവർക്ക് ഇനി എൻജിനീയറിങ് റാങ്ക് പട്ടികയിൽ മുന്നിലെത്താം. കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം അംഗീകരിച്ച പുതുക്കിയ മാർക്ക് സമീകരണ പ്രക്രിയയിലാണ് പ്ലസ് ടു പരീക്ഷ മാർക്ക് പരിഗണിക്കുന്നതിൽ മാത്സിന് ഉയർന്ന വെയിറ്റേജ് നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ മാർക്കാണ് പ്രവേശന പരീക്ഷ സ്കോറിനൊപ്പം റാങ്ക് പട്ടികക്കായി പരിഗണിക്കുന്നത്.
മൂന്ന് വിഷയങ്ങളുടെ മാർക്ക് 300ൽ ആയിരിക്കും പരിഗണിക്കുക. ഇതിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാർക്ക് പരിഗണിക്കുന്നത് 5:3:2 എന്ന അനുപാതത്തിലായിരിക്കും. അതായത് 300ൽ പരിഗണിക്കുന്ന മാർക്കിൽ മാത്സിന്റെ മാർക്ക് പരിഗണിക്കുന്നത് 150 വെയിറ്റേജോടെയും ഫിസിക്സ് മാർക്ക് പരിഗണിക്കുന്നത് 90 വെയിറ്റേജിലും കെമിസ്ട്രി 60ലും ആയിരിക്കും. ഇതുവഴി മാത്സിൽ ഉയർന്ന മാർക്ക് ലഭിച്ചവർക്ക് റാങ്ക് പട്ടികയിൽ മുന്നിൽ കയറാനാകും.
മാത്സിന്റെ മാർക്കിന് ഉയർന്ന വെയിറ്റേജ് നൽകണമെന്ന പ്രവേശന പരീക്ഷ കമീഷണറുടെ നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പ്ലസ് ടു മാർക്കിന് പുറമെ, റാങ്ക് പട്ടിക തയാറാക്കാൻ പരിഗണിക്കുന്ന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ നിലവിൽ 5:3:2 എന്ന അനുപാതത്തിൽ മാത്സിന് വെയിറ്റേജുണ്ട്.
150 ചോദ്യങ്ങളുള്ള പ്രവേശന പരീക്ഷയിൽ 75 ചോദ്യങ്ങളും മാത്സിൽ നിന്നാണ് 45 ചോദ്യങ്ങൾ ഫിസിക്സിൽ നിന്നും 30 ചോദ്യങ്ങൾ കെമിസ്ട്രിയിൽ നിന്നുമാണ്. പ്ലസ് ടു പരീക്ഷ മാർക്ക് പരിഗണിക്കുന്നതിലും മാത്സിന് വെയിറ്റേജ് നൽകുന്നതോടെ, എൻജിനീയറിങ് പഠനത്തിന് മികവുള്ള കുട്ടികളെ കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ, റാങ്ക് പട്ടിക തയാറാക്കുന്നതിൽ മാത്സിന് ഇരട്ട വെയിറ്റേജും ലഭിക്കും.
‘ഗ്ലോബൽ മീനും’ ‘സ്റ്റാന്റേഡ് ഡീവിയേഷ’നും ഇനി പഴങ്കഥ
തിരുവനന്തപുരം: എൻജിനീയറിങ് മാർക്ക് സമീകരണത്തിന് പുതിയ രീതി കൊണ്ടുവന്നതോടെ, നേരത്തെ ഓരോ വിഷയങ്ങളുടെയും മാർക്ക് നിശ്ചയിക്കാനായി പരിഗണിച്ചിരുന്ന ഗ്ലോബൽ മീൻ, സ്റ്റാന്റേഡ് ഡീവിയേഷൻ എന്നീ മാനകങ്ങൾ ഒഴിവാക്കി. പകരം വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ പാസായ ബോർഡുകളിൽ നിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയുടെ ഏറ്റവും ഉയർന്ന മാർക്കായിരിക്കും ശേഖരിക്കുക.
മൂന്ന് വിഷയങ്ങളിലും വ്യത്യസ്ത ബോർഡുകളിൽ നേടിയ ഏറ്റവും ഉയർന്ന മാർക്ക് തുല്യമായി പരിഗണിക്കും. ഉദാഹരണത്തിന് സി.ബി.എസ്.ഇയിൽ മാത്സിന് ലഭിച്ച ഏറ്റവും ഉയർന്ന മാർക്കും സംസ്ഥാന ബോർഡിൽ ഇത് 95ഉം ആണെങ്കിൽ രണ്ടും 100 മാർക്കായി പരിഗണിക്കും. 95 ഉയർന്ന മാർക്കുള്ള ബോർഡിലെ വിദ്യാർഥികൾ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ മാർക്ക് നൂറിലേക്ക് പരിവർത്തനം ചെയ്യുന്ന ഫോർമുല ഉപയോഗിക്കും.
ഇതുവഴി 95 ഏറ്റവും ഉയർന്ന മാർക്കുള്ള ബോർഡിന് കീഴിൽ 70 മാർക്ക് കുട്ടിക്ക് സമീകരണ പ്രക്രിയ വഴി ഇത് 73.68 ആയി (70/95x100=73.68) വർധിക്കും. പരീക്ഷയുടെ നിലവാരം ഉയർന്നുനിൽക്കുന്നതുവഴി ഉയർന്ന മാർക്ക് കുറഞ്ഞുനിൽക്കുന്ന ബോർഡുകളിൽ പഠിച്ച വിദ്യാർഥികൾക്ക് സമീകരണത്തിൽ നേരിയ വർധനയുണ്ടാകും. എന്നാൽ, ഉയർന്ന മാർക്കുള്ള ബോർഡിലെ കുട്ടികൾക്ക് ലഭിച്ച മാർക്കിൽ കുറവും വരില്ല.