Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപരീക്ഷക്ക് മുമ്പ്...

പരീക്ഷക്ക് മുമ്പ് കൈമാറിയത് 100 പേജുള്ള രഹസ്യ പി.ഡി.എഫ്! യു.ജി.സി-നെറ്റ് പരീക്ഷാ ചോർച്ചയിൽ കടുത്ത ആരോപണവുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിൽ, യു.ജി.സി-നെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറും ചോർന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സോഷ്യോളജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് 2.25 ലക്ഷം രൂപക്ക് വിറ്റതായും രാഹുൽ ഗാന്ധി ആരോപിച്ചു.

ജൂൺ 30-ന് നടന്ന സോഷ്യോളജി പരീക്ഷയിലെ ചോദ്യങ്ങളിൽ വ്യാപകമായ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഉണ്ടായിരുന്നതായി ഉദ്യോഗാർഥികൾ പരാതിപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്റെ വെളിപ്പെടുത്തൽ. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും എതിരെ ആഞ്ഞടിച്ചത്.

"യു.ജി.സി-നെറ്റ് പരീക്ഷക്ക് തൊട്ടുമുമ്പ് 100 പേജുള്ള ഒരു പി.ഡി.എഫ് പ്രചരിച്ചിരുന്നു. ചോദ്യപ്പേപ്പർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട ഈ പി.ഡി.എഫ് എൻ.ടി.എയുടെ പക്കൽ മാത്രം ഉണ്ടാകേണ്ട ഒന്നാണ്. ഇതിലെ ഏകദേശം 90 ചോദ്യങ്ങൾ യഥാർത്ഥ സോഷ്യോളജി ചോദ്യപ്പേപ്പറുമായി കൃത്യമായി ഒത്തുപോകുന്നുണ്ട്. ഇതേ ചോദ്യപ്പേപ്പർ ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ 2.25 ലക്ഷം രൂപക്കാണ് വിറ്റഴിച്ചത്."രാഹുൽ ഗാന്ധി പറഞ്ഞു.

സി.എസ്.ഐ.ആർ-നെറ്റ് , എച്ച്.ടി.ഇ.ടി, എ.ഡി.എ തുടങ്ങിയ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർത്തുന്നതിന് പിന്നിലും ഇതേ മാഫിയ തന്നെയാണെന്നും രാഹുൽ ആരോപിച്ചു. നീറ്റിലും നെറ്റിലും തുടർച്ചയായി അഴിമതികൾ നടന്നിട്ടും മോദി സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളുടെ അധ്വാനത്തിന് ഈ സർക്കാർ ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമമായ 'ദൈനിക് ഭാസ്കർ' പുറത്തുവിട്ട റിപ്പോർട്ടും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. ഹരിയാനയിലെ റോഹ്തക്കിൽ രണ്ട് വിദ്യാർഥി നേതാക്കൾ ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. പരീക്ഷക്ക് മുമ്പ് ഉദ്യോഗാർഥികളെ പഠിപ്പിച്ച ചോദ്യങ്ങളുടെ രണ്ട് സെറ്റുകളിൽ ഒന്ന് യഥാർത്ഥ ചോദ്യപ്പേപ്പറുമായി പൂർണമായും ഒത്തുപോകുന്നതാണെന്ന് ദൃശ്യങ്ങൾ സഹിതം ഇവർ അവകാശപ്പെടുന്നു. എന്നാൽ, ഈ ആരോപണങ്ങളിൽ പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

അതേസമയം, സോഷ്യോളജി പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ ചോദ്യപ്പേപ്പറിന്റെ നിലവാരമില്ലായ്മക്കെതിരെ കടുത്ത അമർഷത്തിലാണ്. ചോദ്യപ്പേപ്പറിൽ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും കൃത്യമല്ലാത്ത വാചകങ്ങളുമാണ് ഉണ്ടായിരുന്നതെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു.

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞരുടെ പേരുകൾ പോലും തെറ്റായാണ് ചോദ്യപ്പേപ്പറിൽ അച്ചടിച്ചിരിക്കുന്നത്.പരീക്ഷയിലെ 50 ശതമാനത്തോളം ചോദ്യങ്ങളും ഭയാനകമായ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും നിറഞ്ഞതായിരുന്നുവെന്നും, സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങളാണ് ചോദിച്ചതെന്നും എ.ഐ നിർമിത ചോദ്യങ്ങളാണോ ഇതെന്നും ഉദ്യോഗാർഥികൾ സംശയം പ്രകടിപ്പിച്ചു. ആകെ വന്ന 150 ചോദ്യങ്ങളിൽ 67 എണ്ണവും മുൻവർഷത്തെ പരീക്ഷയിലേതിന് സമാനമാണെന്നും, ഓപ്ഷനുകളുടെ ക്രമം പോലും മാറ്റിയിരുന്നില്ലെന്നും മറ്റൊരു ഉദ്യോഗാർഥി ആരോപിച്ചു.

Show Full Article
TAGS:Rahul Gandhi UGC NET Exam paper leak NTA Education News Exam Irregularity 
News Summary - Rahul alleges UGC-NET Sociology paper leak, claims ‘90 questions matched’
Next Story