കണ്ണൂർ സർവകലാശാലക്കു കീഴിലെ പ്രാദേശിക കേന്ദ്രങ്ങൾക്ക് താഴ് വീഴുന്നു
text_fieldsകണ്ണൂർ സർവകലാശാല ആസ്ഥാനം
കാസർകോട്: കണ്ണൂർ സർവകലാശാലക്കു കീഴിലെ പ്രാദേശിക കാമ്പസുകളും പഠന കേന്ദ്രങ്ങളും പൂട്ടുന്നു. കാമ്പസുകൾ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പറയപ്പെടുന്നത്. രാജ്യത്തെതന്നെ ചുരുക്കം ചില ബഹുഭാഷ പഠന കേന്ദ്രങ്ങളിലൊന്നായ കാസർകോട്ടെ പഠന കേന്ദ്രം പൂട്ടിയിരിക്കുകയാണ്.
മഞ്ചേശ്വരം നിയമ പഠന കേന്ദ്രത്തിലേക്ക് കിഫ്ബി ഫണ്ടിൽ അനുവദിച്ച വനിത ഹോസ്റ്റൽ മറ്റൊരു കാമ്പസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് കണ്ണൂർ സർവകലാശാല കത്തയച്ചിരിക്കുകയാണ്. മൾട്ടി കാമ്പസിന്റെ ഭാഗമായി സ്ഥാപിച്ച മഞ്ചേശ്വരം കാമ്പസിൽ വനിതകൾക്കായി കിഫ്ബി ഫണ്ടിൽ അനുവദിച്ച ഹോസ്റ്റൽ കെട്ടിടമാണ് അസ്വീകാര്യമായിരിക്കുന്നത്. ഇവിടെ പഠിക്കാൻ കുട്ടികൾ ആവശ്യത്തിനില്ല എന്ന കാരണത്താലാണ് ഇതും പൂട്ടാൻശ്രമം നടക്കുന്നത്.
ആദ്യ ഘട്ടത്തിൽ കുട്ടികളുടെ കുറവുകൾ ഉണ്ടാകും എന്ന പരിമിതി കൂടി കണക്കിലെടുത്താണ് പിന്നാക്ക മേഖലയെന്ന പരിഗണനയിൽ മഞ്ചേശ്വരത്ത് നിയമ പഠനകേന്ദ്രം തുടങ്ങിയത്. അതിനു പുറമെ നീലേശ്വരം, കാമ്പസിൽ നിന്ന് മലയാളം, ഹിന്ദി എന്നീ ഭാഷപഠനം കണ്ണൂരിലേക്ക് കടത്താനുള്ള നീക്കമുണ്ടായിട്ടുണ്ട്. സർവകലാശാല സിൻഡിക്കേറ്റിന്റെ അഭിപ്രായം പോലും ആരായതെയാണ് പുതിയ വി.സിയുടെ കീഴിൽ തീരുമാനമെടുക്കുന്നത്.
മഞ്ചേശ്വരം, നീലേശ്വരം, മാനന്തവാടി കാമ്പസുകൾ ഉൾപ്പെടെ എട്ട് കാമ്പസുകളാണ് കണ്ണൂർ സർവകലാശാലക്കുള്ളത്. എല്ലാം മൾട്ടി കാമ്പസ് എന്ന ആശയത്തിലൂന്നിയാണ് തീരുമാനിച്ചത്. മുൻവൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ കാലത്ത്, അടുത്ത വികസനം മഞ്ചേശ്വരം, നീലേശ്വരം, മാനന്തവാടി കാമ്പസുകൾ എന്ന് നിശ്ചയിച്ചതാണ്. വികേന്ദ്രീകൃത കാമ്പസുകളും പ്രാദേശിക പങ്കാളിത്തവും എന്ന ലക്ഷ്യം വെച്ച് മുന്നേറിയ ഇടത്ത് നിന്നാണ് എല്ലാം ആസ്ഥാനത്ത് കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെ സിൻഡിക്കേറ്റിനെ പരിഗണിക്കാതെ തീരുമാനങ്ങൾ ഉണ്ടാകുന്നത്.
കാസർകോടിന്റെ ഉന്നത വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിച്ചായിരുന്നു മുൻ വി.സിയുടെ കാലത്തെ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഉണ്ടായത്. പ്രാദേശിക ജനപ്രതിനിധികളുടെയും വിദ്യാർഥികളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആവശ്യം ഇവക്കു പിന്നിലുണ്ട്. മഞ്ചേശ്വരം നിയമ കോളജും പ്രാദേശിക താൽപര്യം മുൻനിർത്തി രൂപവത്കരിച്ചതാണ്. സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രാദേശിക താൽപര്യങ്ങളെ ഹനിക്കാനുള്ള വി.സിയുടെ നീക്കത്തിനെതിരെ വലിയ എതിർപ്പ് രൂപപ്പെടുന്നുണ്ട്. സർവകലാശാലയിൽ പി.എം ഉഷ പദ്ധതിയിൽ നൂറുകോടി ലഭിച്ചിട്ടുണ്ട്. ഇത് ഏകപക്ഷീയമായി ചെലവഴിക്കുകയാണ് ലക്ഷ്യമെന്നും പറയപ്പെടുന്നു.