‘വേനലവധി മാറ്റി മൺസൂൺ അവധിയാക്കുമോ?’; മന്ത്രി തുടങ്ങിയ ചർച്ചക്ക് പ്രതികരണമിങ്ങനെ
text_fieldsകോഴിക്കോട്: സ്കൂൾ അവധിക്കാലം ഏപ്രിൽ-മേയ് മാസങ്ങളിൽനിന്ന് മാറ്റി ജൂൺ-ജൂലൈ മാസങ്ങളിലാക്കാമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അഭിപ്രായത്തോട് സമ്മിശ്ര പ്രതികരണം. മൂന്ന് മണിക്കൂറിനിടെ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴേ നാലായിരത്തിലേറെ കമന്‍റുകളാണ് വന്നിരിക്കുന്നത്. ഇതിലേറെപ്പേരും നിലവിലെ സ്ഥിതി തുടരണമെന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. വേനലവധിക്ക് കുട്ടികൾക്ക് കായികവിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരം ഉൾപ്പെടെ മഴക്കാലത്ത് ലഭിക്കില്ലെന്നും. വേനൽക്കാലത്ത് സ്കൂളുകളിലെ ജലലഭ്യത വലിയ പ്രശ്നമാകുമെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. മധ്യവേനലവധിക്കാലം മൺസൂൺ അവധിയെന്ന് പേരുമാറ്റേണ്ടിവരുമെന്ന് ഹാസ്യരൂപേണ കമന്‍റ് ചെയ്തവരുമുണ്ട്.
ഏതാനും കമന്‍റുകൾ ചുവടെ..
- ആ രണ്ടു മാസത്തെ അവധിക്ക് മറ്റൊരു പേര് കൂടിയുണ്ട്. മധ്യവേനലവധിക്കാലം. കൂടാതെ കടുത്ത ചൂടും ജലക്ഷാമവും നേരിടുന്ന മാസങ്ങൾ കൂടിയാണത്. ആയിരവും രണ്ടായിരവുമൊക്കെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളുണ്ട്. അവിടെയൊന്നും ഭക്ഷണം വെക്കാൻ പോയിട്ട്, കുടിക്കാൻ പോലും വെള്ളം കിട്ടാതെ കിണറുകൾ വറ്റി വരളുന്ന കാലമാണ് .! ആ സമയത്ത് ആ രണ്ട് മാസങ്ങളിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത് പ്രായോഗികമേ അല്ല!
- പ്രത്യക്ഷത്തിൽ ഇത് നല്ലതാണെന്ന് തോന്നുന്നു. പക്ഷെ ഒരുകാര്യമുള്ളത്, വേനലവധി അവർക്ക് മുറ്റത്തും പറമ്പുകളിലും മറ്റും മറ്റ് കുട്ടികളുമായി കളിച്ചു തിമർക്കാൻ കിട്ടുന്ന ഒരേയൊരു സമയമാണ്. ബാല്യകൗമാരങ്ങളുടെ മാനസിക ശാരീരിക വ്യക്തിത്വ രൂപീകരണ വളർച്ചകളുടെ സുവർണ്ണ നിമിഷങ്ങൾ. ജൂൺ ജൂലൈ മാസങ്ങളിലാവുമ്പോ വീട്ടകങ്ങളിൽ അവർ അടച്ചടക്കപ്പെടും.
- ഇപ്പോഴത്തെ സ്ഥിതി തുടരുന്നത് തന്നെയല്ലേ നല്ലത്. ഏപ്രിൽ, മെയ് മാസങ്ങളിൽ അവർക്ക് അവധി കിട്ടുന്നത് കൊണ്ടാണ് അവർക്ക് സ്വാതന്ത്ര്യമായി കായിക വിനോദങ്ങൾ ഏർപ്പെടാൻ സാധിക്കുന്നത്.
- ജൂൺ ജൂലൈ മാസങ്ങളിൽ അവർക്ക് അവധി നൽകിയാൽ മാതാപിതാക്കൾ അവരെ വെളിയിൽ ഇറക്കില്ല. മഴയത്ത് വീട്ടിൽ ഇരിക്കുന്ന കുട്ടികളുടെ മൊബൈൽ ഉപയോഗം കൂടില്ലേ? ഇനി മഴയത്ത് ഇറങ്ങിയാൽ തന്നെ പനി ജലദോഷം എന്നിവ ഉണ്ടാക്കി വയ്ക്കും. അതുകൊണ്ട് രണ്ടുമാസം കുട്ടികളെ മഴയത്ത് ഇറക്കാതെ വീട്ടിൽ അടച്ചുപൂട്ടി ഇടുന്നതാണോ നല്ലത് അതല്ല അവരുടെ സ്വാതന്ത്ര്യത്തിന് കളിക്കാൻ വിട്ട് അവർ ഹാപ്പിയായി ഇരിക്കുന്നതാണോ നല്ലത് ആലോചിച്ചു നോക്കൂ.
- പൊതുജനങ്ങളെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനായി ഒരു തുറന്ന ചർച്ചയ്ക്ക് വഴിയൊരുക്കിയതിന് ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു. ഗുണങ്ങൾ : കുന്നും മലകളും കാടുകളും നിറഞ്ഞ പ്രത്യേക ഭൂപ്രകൃതിയുള്ള കേരളത്തെ പോലുള്ള വിദ്യാഭ്യാസത്തിന് മുഖ്യ പ്രാധാന്യം നൽകുന്ന സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യും - വീടുകളിൽനിന്നും നടന്ന് സ്കൂളിലെത്തുന്ന കുട്ടികൾക്ക് മഴക്കാലത്തെ വിഷമതകൾ കുറയ്ക്കാം. മഴക്കാലത്ത് നൽകുന്ന അവധിദിനങ്ങൾ ഇല്ലാതാക്കി പഠനം കൂടുതൽ ഗുണപ്രദമാക്കാം- കൂടാതെ മഴക്കാലത്ത് ഇടയ്ക്കിടയ്ക്ക് നൽകുന്ന അവധികൾ മൂലം കുട്ടികൾക്ക് പഠനത്തിന്‍റെ തുടർച്ചയും മറ്റും നഷ്ടപ്പെടുന്നത് തടയാം (ചില സ്കൂളുകൾ മഴക്കാലങ്ങളിൽ ഷെൽട്ടർ ഹോമുകളായി മാറുന്നതിനാൽ ഒരു പാട് പഠനസമയം നഷ്ടമാക്കുന്നു), വൈദ്യുതി സംബന്ധമായ അപകടങ്ങൾ ഒഴിവാക്കാം.മഴക്കാല അസുഖങ്ങൾ മൂലം കുട്ടികളുടെ ക്ലാസുകൾ നഷ്ടപ്പെടുന്നത് പരിഹരിക്കാം.
- മുൻകരുതലുകൾ: 10 മാസത്തിൽ 6 മാസമെങ്കിലും ചൂട് കൂടിയ കാലാവസ്ഥയെ പ്രതിരോധിക്കാൻ - സ്കൂൾ പരിസരങ്ങളിൽ മരങ്ങൾ വച്ചു പിടിപ്പിക്കുക. ശുദ്ധജലം ലഭ്യമാക്കുക. കുട്ടികൾ ഫോണിൽ അഡിക്ട് ആവും.
- പാഠ പുസ്തകങ്ങളിൽ നിന്നും കൂട്ടുകാരോട് ഒപ്പം സമയം ചിലവഴിക്കാൻ കിട്ടുന്ന സമയം മാർച്ച് മെയ് അവധിക്കാലം ആണ്.
- മഴസമയം കുട്ടികൾ വീടുകളിൽ ഒതുങ്ങി പോകും
- സമ്മർവെക്കേഷൻ എന്നത് മാറ്റി മൺസൂൺ വെക്കേഷൻ എന്ന് മാറ്റേണ്ടി വരും അത്ര തന്നെ! പിന്നെ എല്ലാ ക്ലാസ്സിലും എയർ കണ്ടീഷൻചെയ്യേണ്ടിവരും!
- സ്കൂൾ അവധികൾ സാധാരണയായി ഏപ്രിൽ, മെയ് മാസങ്ങളിലാണ് വരാറുള്ളത്. ഇത് ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുകയാണെങ്കിൽ ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
ഗുണങ്ങൾ:
* കാലാവസ്ഥാപരമായ അനുകൂല്യം: ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളത്തിൽ കടുത്ത ചൂടാണ് അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് കുട്ടികൾക്ക് പുറത്തിറങ്ങി കളിക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ ആരംഭിക്കുന്നതിനാൽ, താരതമ്യേന തണുപ്പുള്ള കാലാവസ്ഥയായിരിക്കും. ഇത് കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമായ അവധിക്കാലം നൽകും.
* ജലലഭ്യത: വേനൽക്കാലത്ത് പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകാറുണ്ട്. സ്കൂളുകൾ പ്രവർത്തിക്കുമ്പോൾ ഇത് വലിയ പ്രശ്നമായി മാറിയേക്കാം. അവധി മാറ്റുന്നതിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ ഒഴിവാക്കാം.
* പ്രകൃതിയെ അടുത്തറിയാൻ: മഴക്കാലത്ത് പ്രകൃതിക്ക് പുതിയൊരു ഉണർവുണ്ടാകും. കുട്ടികൾക്ക് ഈ സമയത്ത് പ്രകൃതിയെ കൂടുതൽ അടുത്തറിയാനും പുതിയ അനുഭവങ്ങൾ നേടാനും സാധിക്കും.
ദോഷങ്ങൾ:
* പ്രളയസാധ്യത: ജൂൺ, ജൂലൈ മാസങ്ങൾ കേരളത്തിൽ മഴ കനക്കുന്ന സമയമാണ്. ഇത് പലപ്പോഴും പ്രളയസാധ്യത വർദ്ധിപ്പിക്കുന്നു. അവധിക്കാലത്ത് പ്രളയം വരുന്ന സാഹചര്യം കുട്ടികളുടെ സുരക്ഷയെയും യാത്രാസൗകര്യങ്ങളെയും കാര്യമായി ബാധിക്കും.
* യാത്രാ ബുദ്ധിമുട്ടുകൾ: മഴക്കാലത്ത് റോഡുകൾ മോശമാകാനും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് അവധിക്കാല യാത്രകളെയും മറ്റും പ്രതികൂലമായി ബാധിച്ചേക്കാം.
* പുതിയ അധ്യയന വർഷം വൈകും: നിലവിലെ രീതി അനുസരിച്ച് ജൂൺ ഒന്നിനാണ് സ്കൂളുകൾ തുറക്കുന്നത്. അവധി മാറ്റിയാൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് ഓഗസ്റ്റ് മാസത്തിലോ അതിനുശേഷമോ ആയിരിക്കും. ഇത് അക്കാദമിക കലണ്ടറിനെയും സിലബസ് പൂർത്തിയാക്കുന്നതിനെയും ബാധിച്ചേക്കാം.
* രക്ഷിതാക്കളുടെ ജോലി സമയങ്ങളുമായുള്ള പൊരുത്തക്കേട്: പല രക്ഷിതാക്കൾക്കും അവധി ലഭിക്കുന്നത് വേനൽക്കാലത്താണ്. അവധി മാറ്റുന്നത് അവരുടെ യാത്രാ പ്ലാനുകളെയും കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതിനെയും ബാധിച്ചേക്കാം.
ഈ മാറ്റം നടപ്പിലാക്കുന്നതിന് മുമ്പ് എല്ലാ വശങ്ങളും പരിഗണിച്ച് വിശദമായ പഠനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, രക്ഷിതാക്കളുടെയും കുട്ടികളുടെയും സൗകര്യം എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കണം അന്തിമ തീരുമാനം എടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ https://www.facebook.com/share/p/14HsNvdKgLB/ സന്ദർശിക്കുക.