അധ്യാപകരുടെ കുറവ്; സർക്കാർ വിദ്യാലയങ്ങൾ പ്രതിസന്ധിയിൽ
text_fieldsഅടിമാലി: പരീക്ഷക്കാലം എത്തുമ്പോഴും ജില്ലയിലെ സർക്കാർ സ്കൂളുകളിൽ അധ്യാപക ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി, എൽ.പി സ്കൂളുകളിൽ അധ്യാപകരുടെ നിരവധി ഒഴിവുകളാണുള്ളത്. പൊതുസ്ഥലം മാറ്റത്തിനു പുറമെ അഡ്ജസ്റ്റ്മെന്റ് സ്ഥലം മാറ്റംകൂടി വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. ദേവികുളം, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി താലൂക്കുകളിലാണ് ഒഴിവുകൾ കൂടുതലും. പല വിദ്യാലയങ്ങളിലും ഗെസ്റ്റ് അധ്യാപകർപോലും ഇല്ലെന്നതാണ് സ്ഥിതി. ഇത് വിദ്യാർഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഇടമലക്കുടി പോലുള്ള അവികസിത മേഖലയിലെ വിദ്യാലയങ്ങളിലും അധ്യാപക ക്ഷാമം രൂക്ഷമാണ്. ചില സ്കൂളുകളിൽ സ്ഥിരം തസ്തികയിൽ ആരുമില്ലാത്ത അവസ്ഥയാണ്. ജനപ്രതിനിധികളും പി.ടി.എയും ചില അധ്യാപകരെങ്കിലും സജീവമായ വിദ്യാലയങ്ങളിൽ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. സ്ഥിരം അധ്യാപകർ സ്ഥലം മാറ്റം നേടിയാൽ ആ ഒഴിവുകളിലേക്ക് പത്രപ്പരസ്യം നൽകി 15 ദിവസം കഴിഞ്ഞേ അഭിമുഖം നടത്തി താൽക്കാലിക നിയമനം നടത്താനാവൂ. ഈ കാലയളവിലെ ക്ലാസ് നഷ്ടംകൂടി വിദ്യാർഥികൾ അനുഭവിക്കണം.
യാത്രപ്രശ്നങ്ങൾ നിരവധി
അവികസിത പ്രദേശങ്ങളിൽ സർവിസ് വാഹനങ്ങളുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കുന്നു. മാങ്കുളം, വട്ടവട, കാന്തല്ലൂർ, കൊന്നത്തടി, വാത്തിക്കുടി, ചിന്നക്കനാൽ, ബൈസൺവാലി, ദേവികുളം പഞ്ചായത്തുകളിൽ ഉള്ളവരാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
രണ്ടും മൂന്നും കിലോമീറ്ററുകൾ സഞ്ചരിച്ച് ബസിൽ കയറി സ്കൂളിലേത്താമെന്ന് വെച്ചാലും പലപ്പോഴും കിട്ടാറില്ല. കിട്ടിയാലും വിദ്യാലയങ്ങളിലെത്തുമ്പോൾ വൈകുന്നതും പതിവാണ്.
ഇത് പഠനത്തെ കാര്യമായി ബാധിക്കുന്നതായി വിദ്യാർഥികൾ പറയുന്നു. യാത്രാസൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിൽ വിദ്യാർഥികൾ വീടുകളിലെത്തുമ്പോൾ ഏറെ വൈകുന്നതും പതിവാണ്. ഇതിന് പുറമെയാണ് വന്യമൃഗങ്ങളുയർത്തുന്ന ഭീഷണി.