വേനലവധിക്കാലം; കളിക്കാം, പഠിക്കാം, രസിക്കാം...
text_fieldsതിരുവനന്തപുരം: മധ്യവേനലവധിക്കായി സ്കൂളുകൾ അടച്ചതോടെ കുട്ടിക്കൂട്ടവുമായി ആശങ്കയിലാണ് മിക്ക മാതാപിതാക്കളും. ജോലിക്കാരായ അച്ഛനമ്മമാർക്ക് പകൽ കുഞ്ഞുങ്ങൾ ഒറ്റയ്ക്കാകുമെന്ന ടെൻഷൻ. കുട്ടികൾ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുമെന്ന ആശങ്കയുമായി മറുവിഭാഗം. ഇങ്ങനെയുള്ളവരുടെ ആശങ്കയകറ്റുന്ന ഇടമാണ് വേനലവധി ക്ലാസുകൾ. ഏപ്രിൽ രണ്ട് മുതൽ ജില്ലയിൽ പലയിടങ്ങളിലും വേനലവധി ക്ലാസുകൾക്ക് തുടക്കമാവും. ശിശുക്ഷേമ സമിതി, ജവഹര്‍ ബാലഭവന്, ഗുരുഗോപിനാഥ് നടനഗ്രാമം തുടങ്ങി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏപ്രില്‍ ആദ്യ വാരം മുതല്‍ അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിക്കും.
കിളിക്കൂട്ടവുമായി ശിശുക്ഷേമ സമിതി
സംസ്ഥാന ശിശുക്ഷേമ സമിതി കിളിക്കൂട്ടം എന്ന പേരിൽ ഗവ. മോഡൽ എൽ.പി സ്കൂളിൽ പ്രത്യേക പ്രോഗ്രാം തയ്യാറാക്കിയാണ് രണ്ടു മാസം നീണ്ടു നിൽക്കുന്ന അവധിക്കാല ക്യാമ്പ് നടത്തുക. വിവിധ പാഠ്യേതര വിഷയങ്ങൾക്കു പുറമേ അഭിനയം, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണങ്ങൾ, ശാസ്ത്രം, ഫിലിം എഡിറ്റിങ്, റോബോട്ടിക്ക്, കരാട്ടെ ഇവയിൽ പരിശീലനവും അറിവും കൂടാതെ വിശിഷ്ട വ്യക്തികളുമായി സംവാദം, വിനോദ യാത്ര, ഭാഷാ അറിവ്, പ്രകൃതി അറിവ്, പുസ്തക പരിചയം ഇവയെല്ലാം ക്യാമ്പിന്റെ ഭാഗമായിരിക്കും. ഒമ്പത് വയസു മുതൽ 16 വയസു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.
കളിമുറ്റമൊരുക്കി ജവഹര്‍ ബാലഭവൻ
ജവഹര്‍ ബാലഭവനില്‍ ‘കളിമുറ്റം’ എന്ന അവധിക്കാല ക്യാമ്പ് ആരംഭിക്കുന്നത് ഏപ്രിൽ രണ്ടിന്. പ്രവേശനോത്സവം ഏപ്രില്‍ ഒന്നിന് വൈകിട്ട് 5ന് മന്ത്രി ജി.ആര് അനിൽ ഉദ്ഘാടനം ചെയ്യും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ അഞ്ച് വരെയുള്ള രണ്ടു ബാച്ചുകള്‍. വാഹന സൗകര്യം ലഭ്യമാണ്.
- പാക്കേജ് ഒന്ന് (നാല് മുതല്‍ ആറ് വയസ് വരെ): ചിത്രരചന, ലളിതഗാനം, നാടോടിനൃത്തം, മലയാള ഭാഷാ പരിചയം, സിനിമാറ്റിക് ഡാന്‍സ്
- പാക്കേജ് രണ്ട് (ആറ് വയസ്) : സ്പോക്കണ് ഹിന്ദി, ലളിതഗാനം, തബല, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, സ്പോക്കണ് ഇംഗ്ലീഷ്, മലയാള ഭാഷാപരിചയം, ക്രാഫ്റ്റ്, കളരിപ്പയറ്റ്, നാടകം, ചിത്രരചന, ശില്പനിര്മ്മാണം, റോളര്‍ സ്ക്കേറ്റിങ്, യോഗ, കരാട്ടെ, അബാക്കസ്.
- പാക്കേജ് മൂന്ന് (ഏഴ് വയസ്): ശാസ്ത്രീയ സംഗീതം, ലളിതഗാനം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, സ്പോക്കണ് ഇംഗ്ലീഷ്, മലയാള ഭാഷാപരിചയം, ക്രാഫ്റ്റ്, എംബ്രോയിഡറി, കളരിപ്പയറ്റ്, നാടകം, ചിത്രരചന, ശില്പനിര്മ്മാണം, റോളര്‍ സ്ക്കേറ്റിങ്, തബല, ഹാര്‍മോണിയം, മൃദംഗം, യോഗ, ഭരതനാട്യം, സ്പോക്കണ് ഹിന്ദി, കരാട്ടെ, അബാക്കസ്.
- പാക്കേജ് നാല് (എട്ട് മുതല്‍ 16 വയസ് വരെ): കുട്ടികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. യോഗ , ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടോടിനൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, സ്പോക്കണ് ഇംഗ്ലീഷ്, മലയാള ഭാഷാപരിചയം, ക്രാഫ്റ്റ്, എംബ്രോയിഡറി, കളരിപ്പയറ്റ്, നാടകം, ചിത്രരചന, ശില്പനിര്മ്മാണം, റോളര്‍ സ്ക്കേറ്റിങ്, തബല, ഹാര്‍മോണിയം, മൃദംഗം, വീണ, വയലിന്, കീബോര്‍ഡ്, ഗിത്താര്‍, സ്പോക്കണ് ഹിന്ദി, കരാട്ടെ, അബാക്കസ്, ഇലക്ട്രോണിക്സ് (10 വയസ് മുതല്‍). ഫോണ്‍- 2316477, 8590774386.
സെൻട്രൽ ലൈബ്രറി
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ അവധിക്കാല ക്യാമ്പായ സമ്മർ സ്കൂൾ ഏപ്രില്‍ 22 മുതല്‍ മെയ് 21വരെ നടക്കും. ഏപ്രില്‍ രണ്ടിന് രജിസ്ട്രേഷന് ആരംഭിക്കും. 300 രൂപയാണ് രജിസ്ട്രേഷന് ഫീസ്. രാവിലെ 10.30 മുതല്‍ 3.30 വരെയാണ് സമയം. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ളവർക്ക് പങ്കെടുക്കാം. വിവിധ പരിശീന ക്ലാസുകള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍, നാടകം പരിശീലനം, സംഗീതം , ചിത്രരചന തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. ഫോണ്‍- 9895322895, 0471 2322895
മലയാളം പള്ളിക്കൂടം
മലയാളത്തിൽ സാമൂഹികവിഷയങ്ങളും നാടന്‍കളികളും നൈപുണ്യ വികസന പരിപാടികളുമായി മലയാളം പള്ളിക്കൂടത്തിന്റെ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. തൈക്കാട് ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി സ്കൂളില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെയാണ് ക്ലാസ്. മേയ് 31 വരെയാണ് അവധിക്കാല ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ www.malayalampallikkoodam.com എന്ന വെബ്സൈറ്റില്‍. 9188863955 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കാം.
കളിയും ചിരിയും
ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ‘കളിയും ചിരിയും’ അവധിക്കാല ക്യാമ്പ് ഏപ്രിൽ രണ്ടിന് ആരംഭിക്കും. ദൈനംദിന ക്യാമ്പിനൊപ്പം യോഗ പരിശീലനം, വിശിഷ്ട വ്യക്തികളുമായുള്ള സംവാദം, അഭിമുഖം, ചലച്ചിത്ര പഠന ആസ്വാദന ക്യാമ്പ്, വിനോദയാത്ര, പുസ്തക പരിചയം തുടങ്ങിയവ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2364771, 8547913916.
കായിക പരിശീലനം
തൈക്കാട് മോഡല്‍ സ്കൂളില്‍ ക്രിക്കറ്റ്, ഹോക്കി, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍ എന്നിവയില്‍ അവധിക്കാല പരിശീലനം നല്‍കും. പ്രവേശനം സൗജന്യമാണ്. ഏപ്രില്‍ 30 വരെയാണ് ക്ലാസ്. ഫോണ്‍- 9495826539.
നാട്യകലാ സഹകരണ പഠനകേന്ദ്രം
ചിത്തിര തിരുനാൾ സംഗീത നാട്യകലാ സഹകരണ പഠനകേന്ദ്രത്തിലെ അവധിക്കാല ക്ലാസിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, വീണ, ശാസ്ത്രീയ സംഗീതം, വയലിൻ, ചിത്രരചന തുടങ്ങിയവയുണ്ട്. മാർച്ച് 31 മുതല്‍ മെയ് 31 വരെയാണ് പരിശീലനം. ഇഷ്ടമുള്ള മൂന്ന് വിഷയം തെരഞ്ഞെടുക്കാം. ഫോൺ: 9400461190.