എൻജിനീയറിങ് റാങ്ക് പട്ടിക
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കാൻ പ്ലസ് ടു മാർക്ക് സമീകരിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടി.
കഴിഞ്ഞ തവണ എൻജിനീയറിങ് റാങ്ക് പട്ടിക ഹൈകോടതി റദ്ദാക്കുന്നതിലേക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഇത്തവണ തുടർനടപടികളുമായി മുന്നോട്ടുപോകുന്നതിൽ അഡ്വക്കറ്റ് ജനറലിൽനിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉപദേശം തേടിയത്. റാങ്ക് പട്ടിക റദ്ദാക്കിയ നടപടിക്കെതിരെ സമർപ്പിച്ച അപ്പീൽ ഹരജിയിൽ സുപ്രീംകോടതിയുടെ അന്തിമ തീർപ്പ് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് മാർക്ക് സമീകരണ പ്രക്രിയയിൽ മാറ്റംവരുത്തുന്ന നടപടിയുമായി മുന്നോട്ടുപോകുന്നതിൽ വ്യക്തത തേടിയത്. കഴിഞ്ഞ തവണ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം മാർക്ക് സമീകരണ രീതിയിൽ മാറ്റം വരുത്തി റാങ്ക് പട്ടിക തയാറാക്കിയതിനെ സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾ ചോദ്യം ചെയ്യുകയും നടപടി ഹൈകോടതി റദ്ദാക്കുകയുമായിരുന്നു.
അതിനാൽ, പഴയ മാർക്ക് സമീകരണ രീതിയിൽ തന്നെ പട്ടിക തയാറാക്കി പ്രവേശന നടപടികൾ പൂർത്തിയാക്കി.
അടുത്ത എൻജിനീയറിങ് പ്രവേശന പരീക്ഷക്കുള്ള തീയതി ഇതിനകം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രോസ്പെക്ടസ് തയാറാക്കുന്നതിന് മുമ്പ് മാർക്ക് സമീകരണത്തിൽ തീരുമാനമെടുക്കാനാണ് നീക്കം.


