രണ്ടാംക്ലാസുകാരി സിത്താരയുടെ കഥയുണ്ട്, മൂന്നാം ക്ലാസ് മലയാളത്തിൽ
text_fieldsമെയ് സിത്താര അമ്മ പാർവതിക്കൊപ്പം
കൊടകര (തൃശൂർ): കൊടകര ഗവ. എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരി മെയ് സിത്താര എഴുതിയ കഥ ഇനി മുതൽ അവളുടെ മൂന്നാം ക്ലാസിലെ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും. മെയ് സിത്താര എഴുതിയ ‘പൂമ്പാറ്റുമ്മ’ എന്ന കഥയാണ് മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്‍റെ രണ്ടാം വാള്യത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം മൂന്നാം ക്ലാസിലെത്തുമ്പോള്‍ സിത്താരക്ക് തന്റെ കഥ പഠിക്കാനുള്ള അപൂര്‍വ അവസരവും കൈവരും.
2018 മെയ് ഒന്നിനാണ് സിത്താരയുടെ ജനനം. പേരിനോടൊപ്പം മെയ് ചേര്‍ത്തത് അങ്ങനെയാണ്. കുഞ്ഞുനാള്‍ മുതലേ അച്ഛനും അമ്മയും പറഞ്ഞുകൊടുത്ത കഥകള്‍ കേട്ടുവളര്‍ന്ന മെയ് സിത്താര സംസാരിക്കാറായപ്പോള്‍ മുതല്‍ കുഞ്ഞുകഥകള്‍ പറയാന്‍ തുടങ്ങി. മകള്‍ വലുതാകുമ്പോള്‍ കാണിച്ചുകൊടുക്കാനായി അമ്മ പാര്‍വതി ഇതെല്ലാം കുറിച്ചുവെച്ചു.
യു.കെ.ജി ക്ലാസില്‍ പഠിക്കുമ്പോള്‍ മകൾ പറഞ്ഞ കഥകള്‍ പിന്നീട് ‘സുട്ടു പറഞ്ഞ കഥകള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ സമാഹാരത്തില്‍ മെയ് സിത്താരയുടെ 24 കഥകളാണുള്ളത്. ഇതില്‍നിന്ന് തിരഞ്ഞെടുത്ത ‘പൂമ്പാറ്റുമ്മ’ എന്ന കഥയാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.
മെയ് സിത്താര പറഞ്ഞ കഥകള്‍ നേരത്തേ അമ്മ പാര്‍വതി കുട്ടികളുടെ മാസികയായ ‘യുറീക്ക’യില്‍ ‘അമ്മയും കുട്ടിയും’ എന്നപേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊടകര കാവനാടുള്ള അജയന്‍ അടാട്ട്-പാര്‍വതി ദമ്പതികളുടെ ഏക മകളാണ് സുട്ടു എന്നു വിളിക്കുന്ന മെയ് സിത്താര. തെന്നിന്ത്യന്‍ സിനിമ രംഗത്ത് അറിയപ്പെടുന്ന പ്രതിഭയാണ് പിതാവ് അജയന്‍ അടാട്ട്. ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിലെ ശബ്ദസംവിധാനത്തിലൂടെ 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അജയന്‍ അടാട്ട് അടുത്തിടെ പുറത്തിറങ്ങിയ ‘പണി’ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗവേഷക കൂടിയായ അമ്മ പാര്‍വതി കൊടകര ജി.എല്‍.പി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയാണ്.