എൻ.ടി.എക്ക് വീണ്ടും വീഴ്ച; യു.ജി.സി നെറ്റിൽ ഗുരുതര പിഴവ്; മൂന്നു വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തും
text_fieldsന്യൂഡൽഹി: രാജ്യത്തെ മുൾമുനയിൽ നിർത്തിയ നീറ്റ് പരീക്ഷ ചോർച്ചക്കു പിന്നാലെ ദേശീയ ടെസ്റ്റിങ് ഏജൻസിയെ (എൻ.ടി.എ) പ്രതിക്കൂട്ടിലാക്കി വീണ്ടും ഗുരുതര വീഴ്ച. ജൂണിൽ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയിൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ മൂന്നു വിഷയങ്ങൾക്ക് പുനഃപരീക്ഷ നടത്തുമെന്നാണ് പുതിയ പ്രഖ്യാപനം.
ഈ ചോദ്യപേപ്പറുകളിൽ ഗുരുതര തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അടുത്ത സെപ്റ്റംബർ ഒമ്പതിന് ഇംഗ്ലീഷ്, കൊമേഴ്സ് വിഷയങ്ങളും 10ന് സോഷ്യോളജിയും പരീക്ഷ നടക്കും. രാവിലെ ഒമ്പത് മുതൽ 12 വരെ വരെയാകും പരീക്ഷ. മൂന്ന് ചോദ്യപേപ്പറുകളിലും വസ്തുതാപരമായ തെറ്റുകൾ, അച്ചടി പിശകുകൾ, വിവർത്തന തെറ്റുകൾ, പ്രമുഖ പണ്ഡിതരുടെ പേരുകൾ വിട്ടുകളയൽ, പുസ്തകങ്ങളുടെ പേരുകളിലെയും ചോദ്യങ്ങളുടെ വാക്യഘടനയിലെയും തെറ്റുകൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് തിരിച്ചറിഞ്ഞത്. ചോദ്യങ്ങളിൽ വ്യാകരണ പിശകുകൾ, അക്കങ്ങളിലെ തെറ്റുകൾ എന്നിവയും പ്രത്യേക സമിതി ചൂണ്ടിക്കാട്ടി.
വ്യക്തതയില്ലാത്ത ഉത്തരങ്ങൾ, നിലവാരമില്ലാത്ത വാക്യങ്ങൾ, ചോദ്യങ്ങളുടെ ആവർത്തനം എന്നിവയും കണ്ടെത്തി. ഇത്രയും പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിൽ ചില ചോദ്യങ്ങൾ മാത്രം മാറ്റിനിർത്തി മാർക്ക് നൽകൽ അപ്രായോഗികമാണെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പുതുതായി പരീക്ഷ എഴുതുന്നവർ അതിന് ഫീ ഒടുക്കേണ്ടതില്ല. ഡിജിറ്റൽ മോഡിൽ ജൂൺ 22 മുതൽ 30 വരെയായിട്ടാണ് ഈ വർഷത്തെ യു.ജി.സി നെറ്റ് പരീക്ഷകൾ നടന്നത്. മൊത്തം 87 വിഷയങ്ങളിൽ പരീക്ഷ നടന്നു.
അതേസമയം, ജൂണിൽ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയിൽ പുനഃപരീക്ഷയില്ലാത്ത വിഷയങ്ങളിൽ പ്രൊവിഷനൽ ഉത്തരസൂചികകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. 84 വിഷയങ്ങളിലുള്ള ഉത്തരസൂചികയാണ് പുറത്തുവിട്ടത്. വിദ്യാർഥികൾക്ക് ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ ആഗസ്റ്റ് 18ന് രാത്രി 11.59 വരെ ഉന്നയിക്കാം. ചോദ്യം ഒന്നിന് 200 രൂപയാണ് ഫീസ്.
യു.ജി.സി-നെറ്റ് പുനഃപരീക്ഷ തീയതികൾ
ഇംഗ്ലീഷ്: സെപ്റ്റംബർ ഒമ്പത് രാവിലെ ഒമ്പതും മുതൽ ഉച്ചക്ക് 12 വരെ
കൊമേഴ്‌സ്: സെപ്റ്റംബർ ഒമ്പത് ഉച്ചക്കുശേഷം മൂന്നു മുതൽ വൈകീട്ട് ആറുവരെ
സോഷ്യോളജി: സെപ്റ്റംബർ പത്തിന് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെ


