ഉന്നതി പദ്ധതി: ഒരുവർഷത്തിനിടെ കടൽകടന്നത് 233 പട്ടികവിഭാഗ വിദ്യാർഥികൾ
text_fieldsകൊച്ചി: ഉന്നതി പദ്ധതി വഴി ഒരുവർഷത്തിനിടെ വിദേശത്ത് ഉന്നത പഠനത്തിന് പോയത് 233 പട്ടികവിഭാഗ വിദ്യാർഥികൾ.
പട്ടികജാതി വിഭാഗത്തിലെ 217 വിദ്യാർഥികളും പട്ടികവർഗ വിഭാഗത്തിലെ 16 വിദ്യാർഥികളുമാണ് ഒരുവർഷത്തിനിടെ വിദ്യാഭ്യാസത്തിനായി കടൽ കടന്നത്.
പട്ടികജാതി-വർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി വിദേശരാജ്യങ്ങളിലെ വിവിധ സർവകലാശാലകളിൽ ഉന്നത പഠനത്തിന് സഹായം നൽകുന്ന ഉന്നതി ഓവർസീസ് സ്കോളർഷിപ് പദ്ധതിയിലാണ് ഇവർ വിവിധ രാജ്യങ്ങളിലെത്തിയത്.
സർക്കാർ കണക്കുപ്രകാരം ഇടുക്കി-6, എറണാകുളം-3, തിരുവനന്തപുരം-2, കോട്ടയം-2, പാലക്കാട്-1, വയനാട്-1, കാസർകോട്-1 എന്നിങ്ങനെയാണ് പട്ടികവർഗ വിദ്യാർഥികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ വിദേശ വിദ്യാഭ്യാസത്തിന് അർഹത നേടിയത്. ഇവരിൽ 13 പേർ യു.കെയിലും മറ്റുള്ളവർ ആസ്ട്രേലിയയിലുമാണ്.
പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ കഴിഞ്ഞ സാമ്പത്തിക വർഷം 338 അപേക്ഷകരും 2023-24ൽ 1040 അപേക്ഷകരുമാണ് സംസ്ഥാന തലത്തിലുണ്ടായിരുന്നത്.
നാലുവർഷത്തിനിടെ 718 പട്ടികജാതി വിദ്യാർഥികളും 45 പട്ടികവർഗ വിദ്യാർഥികളും പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്. പട്ടികജാതി വിദ്യാർഥികൾക്കായി 134.70 കോടിയും പട്ടികവർഗ വിദ്യാർഥികൾക്കായി 9.67 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്ക് കീഴിൽ 25 ലക്ഷം രൂപയാണ് ഒരു വിദ്യാർഥിക്ക് സ്കോളർഷിപ്പായി നൽകുന്നത്.
12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി വിദ്യാർഥികൾക്ക് പരമാവധി 25 ലക്ഷവും 20 ലക്ഷംവരെ വാർഷിക വരുമാനമുള്ളവർക്ക് 20 ലക്ഷവും 20 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് 15 ലക്ഷം രൂപയും ലഭിക്കും.
വരുമാന പരിധിയില്ലാതെയാണ് പട്ടികവർഗ വിദ്യാർഥികൾക്ക് 25 ലക്ഷം അനുവദിക്കുന്നത്.