40 സെക്കൻഡ് അഭിമുഖം നടത്തിയതിനു ശേഷം യു.എസ് വിസ നിഷേധിച്ചു; അനുഭവം പങ്കുവെച്ച് ഇന്ത്യൻ വിദ്യാർഥി
text_fieldsമുംബൈ: അടുത്തിലെ മുംബൈയിലെ യു.എസ് കോൺസുലേറ്റിൽ നടന്ന എഫ്-1 വിസ അഭിമുഖം നിരാശയിൽ കലാശിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ വിദ്യാർഥി.
യു.എസ് ഇമിഗ്രേഷൻ ആൻഡ് നാഷനാലിറ്റി ആക്ടിലെ സെക്ഷൻ 214(ബി) പ്രകാരം അപേക്ഷകർ നേരിടുന്ന വെല്ലുവിളികളാണ് ഇത് സൂചിപ്പിക്കുന്നത്. 2025 ൽ 9.15 എന്ന സി.ജി.പി.എയോടെ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർഥിക്കാണ് കോൺസുലാർ ഓഫിസറുമായുള്ള ഹ്രസ്വ ആശയവിനിമയത്തിന് ശേഷം വിസ നിഷേധിക്കപ്പെട്ടത്. 30കളിലുള്ള ഒരു വനിതയായിരുന്നു ഓഫിസർ.
അവർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ വിവരം ചുവടെ:
കോൺസുലേറ്റിൽ എത്തിയ വിദ്യാർഥി ഓഫിസറെ അഭിസംബോധന ചെയ്തു
ഗുഡ്മോണിങ് ഓഫിസർ
ഗുഡ്മോണിങ്, സുഖമായിരിക്കുന്നോ?
നിങ്ങൾ എപ്പോഴാണ് ബിരുദം നേടിയത് എന്ന് ചോദിച്ചതിനൊപ്പം അവർ വിദ്യാർഥിയുടെ രേഖകൾ പരിശോധിക്കുകയും ചെയ്തു.
2025ൽ 9.15 സി.ജി.പി.എയോടെയാണ് താൻ ഐ.ടി ബിരുദം നേടിയത് എന്ന് വിദ്യാർഥിയും മറുപടി നൽകി.
കൂടുതൽ പ്രതികരിക്കുന്നതിന് മുമ്പ് ഇടയിൽ കയറിയ ഓഫിസർ നിങ്ങൾ മറ്റ് ഏതൊക്കെ സർവകാലാശാലകളിലേക്ക് അപേക്ഷ അയച്ചു എന്ന് ചോദിച്ചു.
മൂന്ന് സർവകലാശാലകളിലേക്ക് എന്ന് മറുപടി നൽകിയ വിദ്യാർഥി ടെംപിൾ യൂനിവേഴ്സിറ്റി, റോവൻ യൂനിവേഴ്സിറ്റി, ഫ്ലോറിഡ അറ്റ്ലാന്റിക് യൂനിവേഴ്സിറ്റി എന്നും വിശദീകരിച്ചു. താൻ ടെംപിൾ യൂനിവേഴ്സിറ്റിയിൽ ചേരാനാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
അതിനു ശേഷം കോൺസുലാർ ഓഫിസർ വിദ്യാർഥിയുടെ ഇടതുകൈ വിരലുകൾ സ്കാനറിൽ വെക്കാൻ നിർദേശിച്ചു. അധികം വൈകാതെ തന്നെ വിദ്യാർഥിക്ക് 214(ബി)നിരസിക്കൽ സ്ലിപ്പും ലഭിച്ചു. മാതൃരാജ്യവുമായുള്ള ശക്തമായ ബന്ധം തെളിയിക്കാൻ വിദ്യാർഥിക്ക് സാധിച്ചില്ലെന്നാണ് സ്ലിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.


