കെ.സി.ഇ.ടി, കോംഡെക് എന്നിവയില്‍ ആയിരക്കണക്കിന് സീറ്റുകളുടെ ഒഴിവ്
text_fieldsബംഗളൂരു: കര്‍ണാടകയിലെ പ്രധാന പ്രവേശന പരീക്ഷകളായ കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (കെ.സി.ഇ.ടി), കണ്‍സോർട്യം ഓഫ് മെഡിക്കല്‍, എൻജിനീയറിങ് ആന്‍ഡ് ഡെന്റല്‍ കോളേജസ് ഓഫ് കര്‍ണാടക (കോംഡെക്) എന്നിവയുടെ കൗണ്‍സലിങ് പൂര്‍ത്തിയായപ്പോള്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.
കെ.സി.ഇ.ടി പ്രധാനമായും വിവിധ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയും കോംഡെക് സ്വകാര്യ എൻജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയുമാണ്. കോംഡെകില് 18,578 സീറ്റുകളും കെ.സി.ഇ.ടിയില്‍ 14,940 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്. മൊത്തം 33,518 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും മാനേജ്മെന്റ് ക്വോട്ടയിലൂടെ സീറ്റുകള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കോംഡെകില് ഒഴിഞ്ഞുകിടക്കുന്ന 18,578 സീറ്റുകളിലേക്കും നിയമനം നടത്തണമെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുന്‍നിര കോളജുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഈ സീറ്റുകള്‍ മാനേജ്മെന്റ് ക്വോട്ടയിലേക്ക് നീങ്ങുമ്പോള്‍ 400 മുതല്‍ 700 ശതമാനം വരെ കൂടുതല്‍ ഫീസ് അടക്കേണ്ടിവരും. കോംഡെകിലെ 30 ശതമാനം സംവരണം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും കുറച്ചു സീറ്റുകള്‍ കെ.സി.ഇ.ടിയിലേക്ക് നല്‍കണമെന്നും ആവശ്യമുയർന്നു. നിലവില്‍ 45 ശതമാനം സീറ്റുകള്‍ കെ.സി.ഇ.ടിക്കും 30 ശതമാനം സീറ്റുകള്‍ കോംഡെകിനും 20 ശതമാനം മാനേജ്മെന്റ് ക്വോട്ടയിലേക്കുമാണ്.
സര്‍ക്കാര്‍ ഫീസ് നിയന്ത്രിക്കുന്നുവെന്നതിനാല് കെ.സി.ഇ.ടി സീറ്റുകളിലേക്കാണ് കൂടുതല്‍ വിദ്യാര്‍ഥികളുള്ളത്. കോംഡെകില് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ ആദ്യം കെ.സി.ഇ.ടിയിലേക്ക് നല്‍കണമെന്ന് രക്ഷാകര്‍തൃ പ്രതിനിധി സൂരി മഹേഷ് പറഞ്ഞു. കെ.സി.ഇ.ടി, കോംഡെക് പ്രവേശനത്തിന് ഏകജാലകം വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.