ലക്ഷങ്ങളാണ് ശമ്പളം; വരൂ ഇന്ത്യൻ ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഓഫിസർമാരാകാം
text_fieldsയു.പി.എസ്.സി എന്നാൽ സിവിൽ സർവീസ് പരീക്ഷ മാത്രമാണെന്ന തെറ്റിദ്ധാരയുണ്ട് പലർക്കും. യൂനിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന പരീക്ഷകളിൽ ഒന്നുമാത്രമാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ. ഇത് കൂടാതെ മറ്റ് പരീക്ഷകളും യു.പി.എസ്.സി കീഴിൽ നടക്കുന്നുണ്ട്. ആളുകൾ എഴുതാറുണ്ട്. നിയമനങ്ങൾ നേടാറുമുണ്ട്.
2025ൽ യു.പി.എസ്.സി നടത്തുന്ന ഇന്ത്യൻ ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു എന്നിവ അടക്കമുള്ള കേന്ദ്രങ്ങളിൽ ജൂൺ 20ന് പരീക്ഷ നടക്കും. മാർച്ച് നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.
ഇന്ത്യൻ ഇക്കണോമിക്സ് സർവീസിൽ (ഐ.ഇ.എസ്)12ഒഴിവുകളുണ്ട്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൽ(ഐ.എസ്.എസ്)35 ഒഴിവുകളും.
പ്രായപരിധി: 21 വയസ് മുതൽ 30 വയസ് വരെയാണ് അപേക്ഷക്കാനുള്ള പ്രായപരിധി. സംവരണ വിഭാഗത്തിലുള്ളവർക്ക് നിയമപ്രകാരമുള്ള ഇളവുണ്ടാകും. 2025 ജനുവരി എട്ട് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
യോഗ്യത
ഇന്ത്യൻ ഇക്കണോമിക് സർവീസസ്:
ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ്:
സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയമായി ബിരുദം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം.
അവസാന വർഷ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ അവസാന തീയതിക്ക് മുമ്പ് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയിൽ രജിസ്ട്രേഷൻ, ഫോം പൂരിപ്പിക്കൽ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.
താല്‍പര്യമുള്ളവർ യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഫീസായി 200 രൂപ അടക്കണം. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ഫീസില്ല. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് നാലിന് വൈകീട്ട് ആറ്മണിവരെ.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് ഓഫിസറുടെ (ജൂനിയർ ടൈം സ്കെയിൽ) ശമ്പളം പ്രതിമാസം ഏകദേശം 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ്, വിവിധ അലവൻസുകളും ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. സമാന ശമ്പള സ്കെയിൽ തന്നെയാണ് ഇന്ത്യൻ ഇക്കണോമിക്സ് സർവീസസ് ഓഫിസറുടെതും.
ഈ പരീക്ഷകൾക്ക് ജനറൽ വിഭാഗങ്ങളിലുള്ളവർക്ക് ആറു തവണ എഴുതാം. ഒ.ബി.സി വിഭാഗങ്ങൾക്ക് ഒമ്പത് തവണയെഴുതാനുള്ള അവസരമുണ്ട്. എന്നാൽ എസ്.സി/എസ്.ടി വിഭാഗങ്ങളിലുള്ള അപേക്ഷകർക്ക് അപേക്ഷിക്കാൻ പരിധിയില്ല.
കൂടുതൽ വിവരങ്ങൾക്ക്: https://upsc.gov.in/ കാണുക.