മാനേജ്മെന്റ് പി.ജി പ്രവേശനത്തിന് ‘സി മാറ്റ്’
text_fieldsരാജ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ 2026-27 വർഷത്തെ എം.ബി.എ അടക്കമുള്ള മാനേജ്മെന്റ് പി.ജി പ്രോഗ്രാമുകളിലേക്കുള്ള ദേശീയതല കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് (സി മാറ്റ് 2026) അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല. ‘സിമാറ്റ്-2026’ വിജ്ഞാപനവും വിവരണപത്രികയും https://cmat.nta.nic.in ൽ ലഭിക്കും.
അപേക്ഷാ ഫീസ്: ജനറൽ (പുരുഷന്മാർക്ക്) -2500 രൂപ. വനിത/തേർഡ് ജൻഡർ/ഒ.ബി.സി നോൺക്രീമിലെയർ/ഇ.ഡബ്ല്യൂ.എസ് /എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 1250 രൂപ മതി. ഓൺലൈനിൽ നവംബർ 17 രാത്രി 11.50 മണിവരെ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. 18 വരെ ഫീസ് അടക്കാം. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് നവംബർ 20-22 വരെ സൗകര്യം ലഭിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അവസാനവർഷം ബിരുദ പരീക്ഷയെഴുതാൻ പോകുന്നവർക്കും അപേക്ഷിക്കാം. (2026-27 വർഷത്തെ മാനേജ്മെന്റ് പി.ജി പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് ഡിഗ്രി ഫലപ്രഖ്യാപനമുണ്ടാകം). പ്രായപരിധിയില്ല.
പരീക്ഷ: മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ക്വാണ്ടിറ്റേറ്റീവ് ടെക്നിക് ആൻഡ് ഡാറ്റാ ഇന്റർ പ്രെട്ടേഷൻ, ലോജിക്കൽ റീസണിങ്, ലാംഗേജ് കോംപ്രഹെൻഷൻ, പൊതുവിജ്ഞാനം, ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ് എന്നിവയിലായി 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 400 മാർക്കിനാണ് പരീക്ഷ. ശരി ഉത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറയും.
കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ പരീക്ഷാ കേന്ദ്രങ്ങളാണ്. ഇന്ത്യയൊട്ടാകെ 131 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാവും.
ഫലപ്രഖ്യാപനത്തിനുശേഷം ‘സി മാറ്റ് -2026’ സ്കോർ കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഇതുപയോഗിച്ച് മാനേജ്മെന്റ് പി.ജി പ്രോഗ്രാമുകളിൽ പ്രവേശനം നേടാം.


