കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷ ഫെബ്രുവരി എട്ടിന്
text_fieldsകേന്ദ്രീയ/നവോദയ വിദ്യാലയങ്ങളിലും സെൻട്രൽ തിബത്തൻ സ്കൂളുകളിലും മറ്റും ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ അധ്യാപകരാകാനുള്ള സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്-2026) ഫെബ്രുവരി എട്ട് ഞായറാഴ്ച ദേശീയതലത്തിൽ നടത്തും. സി.ബി.എസ്.ഇക്കാണ് പരീക്ഷാ ചുമതല. ഓൺലൈനിൽ ഡിസംബർ 18ന് രാത്രി 11.59 വരെ അപേക്ഷിക്കാം. സമഗ്ര വിവരങ്ങൾ https://ctet.nic.in ൽ ലഭിക്കും. പരീക്ഷക്ക് രണ്ട് പേപ്പറുകളാണുള്ളത്.
അപേക്ഷ/പരീക്ഷാഫീസ് പേപ്പർ ഒന്നിന് അല്ലെങ്കിൽ രണ്ടിന് ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 500 രൂപയുമാണ്. രണ്ട് പേപ്പറുകൾക്കും കൂടി മൊത്തം യഥാക്രമം 1200 രൂപ/600 രൂപ വീതം നൽകണം.
പരീക്ഷ: രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ. പേപ്പർ രണ്ട് രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെയും പേപ്പർ ഒന്ന് ഉച്ചക്കുശേഷം 2.30 മുതൽ 5 മണിവരെയും. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക് പേപ്പർ ഒന്നിലും ആറുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക് പേപ്പർ രണ്ടിലും യോഗ്യത നേടണം.
മലയാളം, തമിഴ്, കന്നട, സംസ്കൃതം, ഉർദു, ഹിന്ദി, ഇംഗ്ലീഷ് അടക്കം 20 ഭാഷകളിലാണ് പരീക്ഷ നടത്തുക. രണ്ട് ഭാഷകൾ തെരഞ്ഞെടുക്കാം. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
പരീക്ഷാ ഘടനയും സിലബസും യോഗ്യതാ മാനദണ്ഡങ്ങളും മൂല്യനിർണയ രീതിയുമെല്ലാം ‘സി-ടെറ്റ് 2006’ വിവരണ പത്രികയിലുണ്ട്. ഇത് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
സി-ടെറ്റിൽ യോഗ്യത നേടുന്നവർക്ക് മാർക്ക് ഷീറ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ ഡിജിറ്റൽ ഫോമിൽ അവരുടെ ഡിജിലോക്കർ അക്കൗണ്ടിൽ ലഭ്യമാക്കും. അധ്യാപക നിയമനത്തിനായി സി-ടെറ്റ് സർട്ടിഫിക്കറ്റിന് ‘ലൈഫ് ടൈം’ പ്രാബല്യമാണ് നൽകിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ വിവരണ പത്രികയിലുണ്ട്.


