ശാസ്ത്രവിഷയങ്ങളിൽ സി.എസ്.ഐ.ആർ- യു.ജി.സി നെറ്റ് ഡിസംബർ 18ന്
text_fieldsശാസ്ത്ര വിഷയങ്ങളിൽ ഈ വർഷത്തെ സംയുക്ത സി.എസ്.ഐ.ആർ-യു.ജി.സി ദേശീയ യോഗ്യത നിർണയ പരീക്ഷ (നെറ്റ്) ഡിസംബർ 18ന് രാവിലെ ഒമ്പതുമുതൽ 12 വരെയും ഉച്ചക്കുശേഷം മൂന്നുമുതൽ ആറുവരെയും രണ്ട് ഷിഫ്റ്റുകളായി നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയ്സ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ചുമതല.
കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷകേന്ദ്രങ്ങളുണ്ടാവും. കെമിക്കൽ സയൻസസ്, എർത്ത് അറ്റ്മോസ്ഫെറിക്-ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് വിഷയങ്ങളിലാണ് പരീക്ഷ. പരീക്ഷഘടനയും സിലബസും www.csirhrdg.res.in/ ൽ ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. ഒ.ബി.സി നോൺ ക്രീമിലെയർ, എസ്.സി, എസ്.ടി, ഭിന്നശേഷി, മൂന്നാം ലിംഗ വിഭാഗങ്ങൾക്ക് 50 ശതമാനം മതി. മാസ്റ്റേഴ്സ് ബിരുദ വിദ്യാർഥികൾക്കും അവസാനവർഷ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. പിഎച്ച്.ഡി ചെയ്യാൻ താൽപര്യമുള്ള നാലുവർഷ ബാച്ചിലേഴ്സ് ബിരുദക്കാരെയും പരിഗണിക്കും.
ജെ.ആർ.എഫിനുള്ള പ്രായപരിധി 30 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്). അസിസ്റ്റന്റ് പ്രഫസർ, പിഎച്ച്.ഡി പ്രവേശനം എന്നിവക്കായുള്ള യോഗ്യതനിർണയ പരീക്ഷകൾക്ക് പ്രായപരിധിയില്ല.
അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിന് 1150 രൂപ, ഒ.ബി.സി നോൺ ക്രീമിലെയർ, ജനറൽ-ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 600 രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷി, മൂന്നാം ലിംഗ വിഭാഗങ്ങൾക്ക് 325 രൂപ. ഒക്ടോബർ 25 രാത്രി 11.50 വരെ ഫീസ് സ്വീകരിക്കും.
സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് വിവരണപത്രികയിലെ മാർഗനിർദേശങ്ങളും യോഗ്യത മാനദണ്ഡങ്ങളും മനസ്സിലാക്കി ഒക്ടോബർ 24 രാത്രി 11.50ന് മുമ്പ് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യമുണ്ട്. അപേക്ഷയിൽ തെറ്റുന്നപക്ഷം ഒക്ടോബർ 27നും 29നും മധ്യേ അത് തിരുത്താവുന്നതാണ്.
ജെ.ആർ.എഫും പിഎച്ച്.ഡി പ്രവേശനവും
ജെ.ആർ.എഫ് യോഗ്യത നേടുന്നവർക്ക് സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയും പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് യഥാസമയം അപേക്ഷ നൽകാം. യു.ജി.സി വ്യവസ്ഥകൾ പാലിച്ച് അഭിമുഖം നടത്തി പ്രവേശനം നൽകും.
സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് കാറ്റഗറി രണ്ടും മൂന്നും വിഭാഗത്തിൽ യോഗ്യത നേടുന്നവരെ സർവകലാശാല/സ്ഥാപനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷ എഴുതാതെ നേരിട്ട് പിഎച്ച്.ഡി പ്രവേശനത്തിന് പരിഗണിക്കും. നെറ്റ് ഫലപ്രഖ്യാപന തീയതിമുതൽ ഒരു വർഷത്തേക്കാണ് പ്രാബല്യം. ‘നെറ്റ്’ മാർക്കിന് 70 ശതമാനവും വാഴ്സിറ്റി/സ്ഥാപനം നടത്തുന്ന അഭിമുഖം/വൈവക്ക് 30 ശതമാനവും വെയിറ്റേജ് നൽകിയാണ് പിഎച്ച്.ഡി പ്രവേശനം.
ജെ.ആർ.എഫ് ഫെലോഷിപ് /സ്റ്റൈപെൻഡ്
ജെ.ആർ.എഫ് യോഗ്യതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗവേഷണ പഠനത്തിന് ആദ്യത്തെ രണ്ട് വർഷം പ്രതിമാസം 37,000 രൂപ വീതം സ്റ്റൈപെൻഡും വാർഷിക കണ്ടിൻജന്റ് ഗ്രാന്റായി 20,000 രൂപയും ലഭിക്കും. തുടർന്ന് പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാം.
സീനിയർ റിസർച്ച് ഫെലോകളായി (എസ്.ആർ.എഫ്) അപ്ഗ്രേഡ് ചെയ്യുന്നപക്ഷം മൂന്നാംവർഷം മുതൽ പ്രതിമാസം 42,000 രൂപ വീതം സ്റ്റൈപെൻഡ് ലഭിക്കുന്നതാണ്. ഫെലോയുടെ ഗവേഷണ പുരോഗതിയും നേട്ടങ്ങളും വിദഗ്ധ സമിതി വിലയിരുത്തിയാണ് എസ്.ആർ.എഫ് അനുവദിക്കുന്നത്. കൂടുതൽ വിവരങ്ങൾ സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് 2025 വിവരണ പത്രികയിലുണ്ട്.
നെറ്റ് എന്തിന്?
ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെ.ആർ.എഫ്) സമ്മാനിക്കുന്നതിനും രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും വേണ്ടിയുള്ള യോഗ്യത നിർണയ പരീക്ഷയാണിത്. യോഗ്യത നിർണയത്തിന് മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്.
1. ജെ.ആർ.എഫ് സമ്മാനിക്കുന്നതിനും അസിസ്റ്റന്റ് പ്രഫസറായി നിയമനത്തിനും
2. അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും
3. പിഎച്ച്.ഡി പ്രവേശനത്തിന് മാത്രം. സമഗ്ര വിവരങ്ങളടങ്ങിയ സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്-2025 ഡിസംബർ വിവരണ പത്രികയുടെ https://csirnet.nta.nic.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം.


