സി.യു.ഇ.ടി പി.ജി 2026; രജിസ്ട്രേഷൻ നടപടികൾ തുടങ്ങി
text_fieldsന്യൂഡൽഹി: രാജ്യത്തെ വിവിധ കോളജുകളിൽ 2026ലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള(സി.യു.ഇ.ടി പി.ജി) രജിസ്ട്രേഷൻ നടപടികൾ എൻ.ടി.എ തുടങ്ങി. പി.ജി പഠനത്തിന് നടത്തുന്ന കോമൺ യൂനിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റായ exams.nta.nic.in/cuet-pg വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ന് മുതൽ അപേക്ഷ അയക്കാം.
2026 ജനുവരി 12 ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ജനുവരി 18 മുതൽ 20 വരെ തെറ്റുകൾ തിരുത്താനുള്ള അവസരവും ലഭിക്കും.
2026 മാർച്ചിലായിരിക്കും സി.യു.ഇ.ടി പി.ജി പരീക്ഷ. അതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. 157 വിഷയങ്ങളിലേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കാണ് എൻട്രൻസ് വഴി തെരഞ്ഞെടുപ്പ്. രാജ്യത്തിനകത്തും പുറത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്. രണ്ട് വിഷയങ്ങളുടെ പരീക്ഷക്ക് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 1400 രൂപയാണ്.


