സിപെറ്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ എട്ടിന്
text_fieldsസെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (സിപെറ്റ്) വിവിധ കേന്ദ്രങ്ങളിലായി 2025-26 വർഷം നടത്തുന്ന ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന ടെസ്റ്റിന് ഓൺലൈനായി മേയ് 29 വരെ അപേക്ഷിക്കാം. ജൂൺ എട്ടിന് ദേശീയതലത്തിൽ സിപെറ്റ് അഡ്മിഷൻ ടെസ്റ്റ് നടത്തും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cipet.gov.in ൽ ലഭിക്കും.
കൊച്ചി, ചെന്നൈ, മൈസൂരു, ഹൈദരാബാദ് ഉൾപ്പെടെ ഇന്ത്യയൊട്ടാകെ 29 സിപെറ്റ് സെന്ററുകളാണുള്ളത്. (സിപെറ്റ് കൊച്ചി സെന്റർ വിലാസം-എച്ച്.ഐ.എൽ കോളനി, എടയാർ റോഡ്, പാതാളം, ഏലൂർ, ഉദ്യോഗമണ്ഡൽ പി.ഒ, കൊച്ചി-683501. ഇ-മെയിൽ: kochi@cipet.gov.in).
കോഴ്സുകൾ:
1. ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി (ഡി.പി.എം.ടി), 3 വർഷം, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം.
2. ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് ടെക്നോളജി (ഡി.പി.ടി), 3 വർഷം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം.
3. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് പ്രോസസിങ് ആൻഡ് ടെസ്റ്റിങ് (പി.ജി.ഡി-പി.പി.ടി), 2 വർഷം. യോഗ്യത: ബി.എസ് സി ബിരുദം.
4. പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ഡിസൈൻ വിത്ത് സി.എ.ഡി/സി.എ.എം, ഒന്നരവർഷം, യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ/പ്ലാസ്റ്റിക്സ്/പോളിമെർ/ടൂൾ/ടൂൾ ആൻഡ് ഡൈമേക്കിങ്/പ്രൊഡക്ഷൻ/മെക്കാട്രോണിക്സ്/ഓട്ടോമൊബൈൽ/പെട്രോകെമിക്കൽസ്/ഇൻഡസ്ട്രിയൽ/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് അല്ലെങ്കിൽ ഡി.പി.എം.ടി/ഡി.പി.ടി/തത്തുല്യം. പ്രവേശനത്തിന് പ്രായപരിധിയില്ല.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം ലഭിക്കും. അപേക്ഷാഫീസ് 100 രൂപ. https://cipet25.onlineregistration.org/CIPET എന്ന പോർട്ടൽ വഴിയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്. വിശദവിവരങ്ങളടങ്ങിയ ബ്രോഷർ പോർട്ടലിൽ ലഭ്യമാണ്.
രജിസ്ട്രേഷനുള്ള നിർദേശങ്ങൾ, കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ, ഓരോ സെന്ററിലും ലഭ്യമായ കോഴ്സുകളും സീറ്റുകളും ഫീസ് നിരക്കുകളുമെല്ലാം ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. കോഴ്സുകൾ ആഗസ്റ്റിലാരംഭിക്കും.
സിപെറ്റ് കൊച്ചി സെന്ററിൽ ഡി.പി.എം.ടി, ഡി.പി.ടി കോഴ്സുകളാണുള്ളത്. 16,700 രൂപയാണ് സെമസ്റ്റർ ഫീസ്. പ്രവേശന ഫീസ് 1500 രൂപ. കോഷൻ ഡെപ്പോസിറ്റ് 500 രൂപ. മറ്റ് പലവക ഇനങ്ങളിലായി 700 രൂപ വേറെയും നൽകണം. ഓരോ സെമസ്റ്ററിലും 10,000 രൂപയാണ് ഹോസ്റ്റൽ വാടക.