ഐ.ഐ.ടി മാസ്റ്റേഴ്സ് പ്രോഗ്രാം:‘ജാം' ഫെബ്രുവരി 15ന്
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) എന്നിവിടങ്ങളിലേക്കും മറ്റും ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള 2026 വർഷത്തെ സംയുക്ത പ്രവേശന പരീക്ഷ (ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്- ജാം-2026) ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയും ഉച്ചക്കുശേഷം 2.30 മുതൽ 5.30 മണിവരെയും രണ്ട് സെഷനുകളിലായി ദേശീയതലത്തിൽ നടത്തും.
ഇക്കുറി പരീക്ഷ ചുമതല ഐ.ഐ.ടി ബോംബെക്കാണ്. രാവിലത്തെ സെഷനിൽ കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ് ടെസ്റ്റ് പേപ്പറുകളും ഉച്ചക്കുശേഷത്തെ സെഷനിൽ ബയോടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് ടെസ്റ്റ് പേപ്പറുകളുമാണ്.ആലപ്പുഴ, ആലുവ-എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശൂർ, വടകര, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. മുൻഗണനക്രമത്തിൽ മൂന്നു കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.
പരീക്ഷ: ജാം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഏഴ് ടെസ്റ്റ് പേപ്പറുകളാണുള്ളത്. ഒരാൾക്ക് ഒന്നോ രണ്ടോ അഭിമുഖീകരിക്കാം. മൾട്ടിപ്ൾ ചോയ്സ്, മൾട്ടിപ്ൾ സെലക്ട്, ന്യൂമെറിക്കൽ ആൻസർ ടെസ്റ്റ് ചോദ്യങ്ങളാണുണ്ടാവുക. പരീക്ഷ ഘടനയും സിലബസും കോഴ്സുകളും യോഗ്യത മാനദണ്ഡങ്ങളും പ്രവേശന നടപടികളും അടക്കമുള്ള വിവരണ പത്രിക https://jam2026.iitb.ac.inൽ ലഭ്യമാകും. പരീക്ഷഫലം 2026 മാർച്ച് 18ന് പ്രസിദ്ധപ്പെടുത്തും.
ശാസ്ത്ര വിഷയങ്ങളിലും മറ്റും മികവോടെ ബിരുദമെടുത്തവർക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷ ഫീസ്: ഒറ്റ ടെസ്റ്റ് പേപ്പറിന് 2000 രൂപ. രണ്ട് ടെസ്റ്റ് പേപ്പറുകൾക്ക് 2700 രൂപ. വനിതകൾക്കും പട്ടിക/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്കും യഥാക്രമം 1000 രൂപ, 1350 രൂപ വീതം മതിയാകും. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 12 വരെ അപേക്ഷ സമർപ്പിക്കാം.
പ്രോഗ്രാമുകൾ: വിവിധ ഐ.ഐ.ടികളിലായി ജാം 2026 മെറിറ്റടിസ്ഥാനത്തിൽ എം.എസ്‍സി, എം.എസ്‍സി (ടെക്), എം.എസ് റിസർച്ച്, എം.എസ്‍സി-എം.ടെക് ഡ്യൂവൽ ഡിഗ്രി, ജോയന്റ് എം.എസ്‍സി-പിഎച്ച്.ഡി, എം.എസ്‍സി-പിഎച്ച്.ഡി ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകളിൽ വൈവിധ്യമാർന്ന വിഷയങ്ങളിൽ പഠനാവസരം ലഭിക്കും. 3000 സീറ്റുകളിലാണ് പ്രവേശനം.
ഇതിന് പുറമെ ‘ജാം -2026’ സ്കോർ ഉപയോഗിച്ച് ഐ.ഐ.എസ്.സി ബംഗളൂരു, തിരുവനന്തപുരം ഉൾപ്പെടെയുള്ള ഐസറുകൾ, കാലിക്കറ്റ് ഉൾപ്പെടെയുള്ള എൻ.ഐ.ടികൾ അടക്കമുള്ള സ്ഥാപനങ്ങളും വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ കേന്ദ്രീകൃത കൗൺസലിങ് സി.സി.എം.എൻ-2026 അഡ്മിഷൻ പോർട്ടൽ വഴി പ്രവേശനം നൽകും.കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും https://jam2026.iitb.ac.in സന്ദർശിക്കേണ്ടതാണ്.