ജെ.ഇ.ഇ മെയിൻ 2026: കാൽക്കുലേറ്റർ അനുവദിക്കില്ലെന്ന് എൻ.ടി.എ
text_fieldsന്യൂഡൽഹി: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ 2026ന് പരീക്ഷാ ഹാളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ പുറത്തിറക്കിയ വിവര ബുള്ളറ്റിനിൽ 'ഓൺ-സ്ക്രീൻ കാൽക്കുലേറ്റർ' അനുവദിക്കുമെന്ന പരാമർശം ടൈപ്പോഗ്രാഫിക്കൽ പിശക് (അച്ചടി പിശക്) ആയിരുന്നു എന്നും എൻ.ടി.എ. വ്യക്തമാക്കി. ജെ.ഇ.ഇ. മെയിൻ 2026ന്റെ വിവര ബുള്ളറ്റിൻ പുറത്തിറങ്ങിയപ്പോൾ, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (CBT) 'ഒരു ഓൺ-സ്ക്രീൻ സ്റ്റാൻഡേർഡ് കാൽക്കുലേറ്റർ ലഭ്യമാകും' എന്ന് സൂചിപ്പിച്ചിരുന്നു. ഇത് വിദ്യാർഥികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു.
ഈ സവിശേഷത എൻ.ടി.എ ഉപയോഗിക്കുന്ന പൊതുവായ പരീക്ഷാ നടത്തിപ്പ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്. എന്നാൽ ജെ.ഇ.ഇ. മെയിൻ പരീക്ഷക്ക് ഇത് ബാധകമല്ല. അതിനാൽ, വിദ്യാർഥികൾക്ക് ഭൗതികമായതോ വിർച്വൽ ആയതോ ആയ ഒരു കാൽക്കുലേറ്ററും ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ ഉപയോഗിക്കാൻ അനുവാദമില്ല. തെറ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എൻ.ടി.എ. തിരുത്തിയ വിവര ബുള്ളറ്റിൻ വെബ്സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഓൺ-സ്ക്രീൻ സ്റ്റാൻഡേർഡ് കാൽക്കുലേറ്റർ ലഭ്യമാകുമെന്ന് പരാമർശിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ സവിശേഷത പൊതുവായ പരീക്ഷാ നടത്തിപ്പ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്. എന്നാൽ ഈ പരീക്ഷയിൽ കാൽക്കുലേറ്റർ ഒരു രൂപത്തിലും അനുവദനീയമല്ലാത്തതിനാൽ ഇത് ജെ.ഇ.ഇ (മെയിൻ) പരീക്ഷക്ക് ബാധകമല്ല. വിദ്യാർഥികൾ ഏറ്റവും പുതിയ, തിരുത്തിയ വിവര ബുള്ളറ്റിൻ മാത്രം ആശ്രയിക്കണമെന്ന് നിർദേശത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.
ജെ.ഇ.ഇ മെയിൻ 2026ന്റെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഒന്നാം ഘട്ട പരീക്ഷയുടെ രജിസ്ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.ac.in വഴി ഒക്ടോബർ 31 മുതൽ നവംബർ 27 വരെ അപേക്ഷ സമർപ്പിക്കാം. 2026ൽ ജെ.ഇ.ഇ. മെയിൻ പരീക്ഷ രണ്ട് സെഷനുകളിലായി നടക്കും. സെഷൻ I: 2026 ജനുവരി 21 മുതൽ ജനുവരി 30 വരെയും സെഷൻ II: 2026 ഏപ്രിൽ മാസത്തിലും നടക്കും. 2026 ജനുവരി ആദ്യത്തോടെ പരീക്ഷ കേന്ദ്രം പ്രഖ്യാപിക്കും.


