ജെ.ഇ.ഇ മെയിൻ 2026; രജിസ്ട്രേഷന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് എൻ.ടി.എ
text_fieldsജെ.ഇ.ഇ മെയിൻ 2026 രണ്ട് സെഷനുകളായാണ് നടക്കുന്നത്. ആദ്യ സെഷൻ 2026 ജനുവരിയിലും രണ്ടാം സെഷൻ ഏപ്രിലിലും നടക്കും. ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in വഴി 2025 ഒക്ടോബർ മുതൽ ആദ്യ സെഷന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്കായി സുപ്രധാന നിർദേശം നൽകിയിരിക്കുകയാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ).
പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ്, അപേക്ഷയിലോ പ്രവേശന പ്രക്രിയയിലോ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉദ്യോഗാർഥികൾ അവരുടെ പ്രധാന രേഖകൾ പരിശോധിച്ച് അപ്ഡേറ്റ് ചെയ്യണമെന്നാണ് എൻ.ടി.എയുടെ നിർദേശം.
രജിസ്ട്രേഷന് വേണ്ട രേഖകൾ
1. ആധാർ കാർഡ്: ആധാർകാർഡിലെ പേരും ജനനതീയതിയും(എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പോലെ തന്നെ ആയിരിക്കണം) പിതാവിന്റെ പേരും തെറ്റാൻ പാടില്ല. ഏറ്റവും പുതിയ ഫോട്ടോയും അപ്ഡേറ്റ് ചെയ്യണം.
2. യു.ഡി.ഐ.ഡി കാർഡ് (ഭിന്നശേഷി സർട്ടിഫിക്കറ്റ്): ഈ കാർഡ് സാധുവായിരിക്കണം. സമയത്തിന് അനുസരിച്ച് പുതുക്കിയതും ആയിരിക്കണം.
3. കാറ്റഗറി സർട്ടിഫിക്കറ്റ്: ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, ഒ.ബി.സി-എൻ.സി.എൽ വിഭാഗക്കാരാണെന്ന് തെളിയിക്കുന്ന സാധുവായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
ഈ രേഖകളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അപേക്ഷ നിരസിക്കാൻ കാരണമാകും. മറ്റ് തരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും. രജിസ്ട്രേഷൻ ആരംഭിക്കുമ്പോഴുള്ള അവസാന നിമിഷ സമ്മർദം ഒഴിവാക്കാൻ ഇപ്പോൾ അവ അപ്‌ഡേറ്റ് ചെയ്യുന്നത് വിദ്യാർഥികൾക്ക് സഹായകമാകും.
പരീക്ഷ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പുകൾക്കായി അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റുകളായ nta.ac.in, jeemain.nta.nic.in എന്നിവ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കണം.
എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), മറ്റ് കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ. കൂടാതെ ഐ.ഐ.ടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡിനുള്ള യോഗ്യതാ പരീക്ഷയും കൂടിയാണിത്.


