‘ജിപ്മാറ്റ്’ ഏപ്രിൽ 26ന്
text_fieldsബോധ്ഗയ, ജമ്മു എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എമ്മുകൾ) 2025-26 വർഷം നടത്തുന്ന ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷക്ക് (ജിപ്മാറ്റ് -2025) ഓൺലൈനായി മാർച്ച് 10 വരെ അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐ.പി.എം) കോഴ്സ് കാലാവധി അഞ്ചുവർഷമാണ്.
‘ജിപ്മാറ്റ് ഏപ്രിൽ 10ന് മൂന്നുമുതൽ 5.30 മണിവരെ ദേശീയതലത്തിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തും. അപേക്ഷാ ഫീസ് ജനറൽ/ഒ.ബി.സി നോൺക്രീമിലെയർ വിഭാഗത്തിൽ 2000 രൂപ. പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ ഇ.ഡബ്ല്യൂ.എസ്, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 1000 രൂപ മതി. ഇന്ത്യക്ക് പുറത്ത് ഫീസ് 10,000 രൂപ. മാർച്ച് 11വരെ ഫീസ് അടക്കാം. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് മാർച്ച് 13-15 വരെ സൗകര്യം ലഭിക്കും. പരീക്ഷാ വിജ്ഞാപനവും വിവരണപത്രികയും https://exams.nta.ac.in/JIPMATൽനിന്ന് ഡൗൺലോഡ് ചെയ്യാം.
വിദ്യാഭ്യാസ യോഗ്യത: ആർട്സ്/കോമേഴ്സ്/സയൻസ് സ്ട്രീമിൽ ഹയർസെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ 2023/2024 വർഷം പാസായിരിക്കണം. 2025ൽ ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പത്താം ക്ലാസ് പരീക്ഷ 2021ന് മുമ്പ് പാസായവരാകരുത്.
പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റ ഇന്റർപ്രെട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ എന്നിവയിൽ മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള 100 ചോദ്യങ്ങളുണ്ടാകും. പരമാവധി 400 മാർക്ക്. ശരി ഉത്തരത്തിന് നാലുമാർക്ക് ലഭിക്കും. തെറ്റിയാൽ ഒരുമാർക്ക് കുറയും. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരത്തിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
ഐ.ഐ.എം ബോധ്ഗയ നടത്തുന്ന കോഴ്സിന്റെ വിശദാംശങ്ങൾ www.iimbg.ac.in/programs/ipm.ലും ഐ.ഐ.എം ജമ്മു നടത്തുന്ന പ്രോഗ്രാമിന്റെ വിവരങ്ങൾ www.iimj.ac.in ൽനിന്നും ലഭിക്കും.