കീം: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് ജോൺ ഷിനോജിന്; ഫാർമസിയിൽ അനഘ അനിൽ
text_fieldsകോഴിക്കോട്: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് -2025 പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനീയറിങ് വിഭാഗത്തില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജും ഫാർമസിയിൽ ആലപ്പുഴ പത്തിയൂർ സ്വദേശിനി അനഘ അനിലും ഒന്നാം റാങ്ക് നേടി. എൻജിനീയറിങ്ങിൽ എറണാകുളം ചെറായി സ്വദേശി ഹരികിഷന് ബൈജു രണ്ടാം റാങ്കും കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു മൂന്നാം റാങ്കും നേടി.
ജോണ്‍ ഷിനോജ്, അനഘ അനിൽ
എസ്.സി വിഭാഗത്തിൽ കാസർകോട് നീലേശ്വരം സ്വദേശി ഹൃദിൻ എസ്. ബിജു ഒന്നാമതെത്തി. തിരുവനന്തപുരം മുട്ടട സ്വദേശി ബി. അനന്തകൃഷ്ണനാണ് രണ്ടാമത്. എസ്.ടി വിഭാഗത്തിൽ കോട്ടയം മണർകാട് സ്വദേശി കെ.എസ്. ശബരിനാഥ് ഒന്നാം റാങ്കും കാസർകോട് പെരിയ സ്വദേശി ആർ.പി. ഗൗരിശങ്കർ രണ്ടാം റാങ്കും നേടി. ഒമ്പതാം റാങ്ക് നേടിയ കൊല്ലം പെരുമ്പുഴ സ്വദേശി ബി.ആർ. ദിയ രൂപ്യ പെണ്‍കുട്ടികളില്‍ മുന്നിലെത്തി.
ഫാർമസി വിഭാഗത്തിൽ കോട്ടയം ആർപ്പൂക്കരയിലെ ഋഷികേശ് ആർ. ഷേണായ് രണ്ടാം റാങ്കും മലപ്പുറം കുന്നക്കാവ് സ്വദേശിനി ഫാത്തിമത്ത് സഹ്റ മൂന്നാം റാങ്കും നേടി. എസ്.സി വിഭാഗത്തിൽ മലപ്പുറം ഇരുമ്പുഴിയിലെ സി. ശിഖ ഒന്നാം റാങ്കും എറണാകുളം സൗത്ത് അടുവാശ്ശേരിയിലെ ആദിത്യ അനിൽ രണ്ടാം റാങ്കും നേടി. വയനാട് കണിയാമ്പറ്റയിലെ എ.ആർ. അനഘ, തിരുവനന്തപുരം വെള്ളനാട് സ്വദേശിനി എ. ദേവിക ശ്രീജിത്ത് എന്നിവർ എസ്.ടി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കോഴിക്കോട്ട് ഗെസ്റ്റ് ഹൗസിൽ വാർത്തസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
എൻജിനീയറിങ്: യോഗ്യത നേടിയവർ 76,230
എൻജിനീയറിങ്ങിൽ 86549 പേർ പരീക്ഷയെഴുതിയതിൽ 76230 പേർ യോഗ്യത നേടി. ഇതിൽ 33555 പെൺകുട്ടികളും 33950 ആൺകുട്ടികളുമടക്കം 67505 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ആദ്യ നൂറ് റാങ്കുകാരിൽ 43 പേർ പ്ലസ്ടു കേരള ബോർഡ് പരീക്ഷയെഴുതിയവരാണ്. 55 പേർ സി.ബി.എസ്.ഇ സിലബസും രണ്ടുപേർ ഐ.എസ്.സി.ഇ സിലബസും പ്രകാരം യോഗ്യതാ പരീക്ഷയെഴുതിയവരാണ്. 33425 പേരാണ് ഫാർമസി പരീക്ഷയെഴുതിയത്. ഇതിൽ 27841 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.